ഏതാനും ദിവസങ്ങൾക്കുള്ളിൽ നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിന് ശേഷം അർജന്റീന ആരാധകർക്ക് വേദനയുണ്ടാക്കുന്ന ഒരു വാർത്ത വരും. ദേശീയടീമിന്റെ പ്രധാന താരമായ ഏഞ്ചൽ ഡി മരിയയുടെ വിരമിക്കൽ വാർത്തയാണത്. കോപ്പ അമേരിക്ക അർജന്റീനക്കൊപ്പം തന്റെ അവസാനത്തെ ടൂർണമെന്റാണെന്ന് നിരവധി തവണ ഏഞ്ചൽ ഡി മരിയ വ്യക്തമാക്കിയിരുന്നു.
എന്നാൽ കോപ്പ അമേരിക്കക്ക് മുന്നോടിയായുള്ള അർജന്റീനയുടെ രണ്ടു സൗഹൃദമത്സരങ്ങൾ കഴിഞ്ഞപ്പോൾ അർജന്റീന ആരാധകർ ഒന്നടങ്കം ഡി മരിയയോട് ആവശ്യപ്പെടുന്നത് വിരമിക്കൽ പ്രഖ്യാപിക്കരുതെന്നാണ്. 2026ൽ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കാൻ താരത്തിന് കഴിയുമെന്നും അതിനു മുൻപേ വിരമിക്കുന്നത് നിരാശപ്പെടുത്തുന്ന കാര്യമാണെന്നും ആരാധകർ പറയുന്നു.
STOP THAT DI MARIA 🔥🔥
ARGENTINA 4 – GUATEMALA 1pic.twitter.com/QSOL5U8dgR
— Messi FC (@MessiFCWorld) June 15, 2024
കോപ്പ അമേരിക്കക്ക് മുൻപ് രണ്ടു മത്സരങ്ങൾ അർജന്റീന കളിച്ചതിൽ രണ്ടിലും ഡി മരിയക്ക് ഗോൾ പങ്കാളിത്തം ഉണ്ടായിരുന്നു. ഇക്വഡോറിനെതിരെ വിജയഗോൾ നേടിയ താരം ഇന്നലെ നടന്ന മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയതാണ് മിന്നിത്തിളങ്ങിയത്. ലയണൽ മെസിയുമായി താരത്തിനുള്ള ഒത്തിണക്കം അപാരമായിരുന്നു എന്നതിൽ സംശയമില്ല.
Di María + Messi: aproveitem, são as últimas semanas.pic.twitter.com/byNV3puGpq
— Leonardo Bertozzi (@lbertozzi) June 15, 2024
ഇന്നലെ ഇരുപത്തിയെട്ടു മിനുട്ട് മാത്രം കളിച്ച ഡി മരിയ മെസി നേടിയ ഒരു ഗോളിന് വഴിയൊരുക്കി എന്നതിന് പുറമെ നാല് കീ പാസുകൾ നൽകുകയും മൂന്നു വമ്പൻ അവസരങ്ങൾ സൃഷ്‌ടിക്കുകയും ചെയ്‌തു. അർജന്റീന കിരീടം നേടിയ കഴിഞ്ഞ മൂന്നു ഫൈനലുകളിലും ഗോൾ നേടിയ ഡി മരിയ ഇത്തവണ കോപ്പ അമേരിക്കയിലും അത്ഭുതങ്ങൾ പ്രതീക്ഷിക്കാമെന്ന് അടിവരയിട്ടു പറയുന്നു.
കഴിഞ്ഞ ലോകകപ്പിന് ശേഷം ഡി മരിയ വിരമിക്കാൻ ആലോചിച്ചിരുന്നു. എന്നാൽ ലയണൽ മെസിയടക്കമുള്ള താരങ്ങളുടെ സ്വാധീനത്തിൽ താരം ടീമിനൊപ്പം തുടരാൻ തീരുമാനിച്ചു. ഇപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കുന്ന, വളരെയധികം പ്രൊഫെഷനലായ താരത്തിന്റെ മനസ് മാറണേയെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്. ഇല്ലെങ്കിൽ അർജന്റീനക്കത് വലിയൊരു നഷ്‌ടം തന്നെയായിരിക്കും.