മെസി തന്നെ മാതൃക, ആദ്യഗോൾ നേടിയതും വഴിയൊരുക്കിയതും അർജന്റീന യുവതാരങ്ങൾ | Inter Miami

അമേരിക്കൻ ലീഗിലെ കരുത്തുറ്റ ടീമുകളിലൊന്നായ ലോസ് ഏഞ്ചൽസ് എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ ഇന്റർ മിയാമി മികച്ച വിജയമാണ് സ്വന്തമാക്കിയത്. ഇന്റർ മിയാമിയുടെ വിജയക്കുതിപ്പ് കഴിഞ്ഞ മത്സരത്തിൽ നാഷ്‌വില്ലേക്കെതിരായ സമനിലയോടെ അവസാനിച്ചെങ്കിലും വീണ്ടും വിജയം നേടാൻ ഇന്ന് നടന്ന മത്സരത്തിൽ കഴിഞ്ഞിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഇന്റർ മിയാമി വിജയിച്ച മത്സരത്തിൽ രണ്ടു ഗോളുകൾക്ക് വഴിയൊരുക്കി ലയണൽ മെസി തന്നെ ടീമിനെ മുന്നിൽ നിന്ന് നയിച്ചു.

ജോർദി ആൽബ നേടിയ രണ്ടാമത്തെയും ലിയനാർഡോ കാമ്പാന നേടിയ മൂന്നാമത്തെയും ഗോളിനാണ് ലയണൽ മെസി വഴിയൊരുക്കിയത്. സ്വന്തം മൈതാനത്ത് ലോസ് ഏഞ്ചൽസ് എഫ്‌സി മുൻ‌തൂക്കം സ്ഥാപിച്ചെങ്കിലും ഇന്റർ മിയാമി ലഭിച്ച അവസരങ്ങൾ കൃത്യമായി മുതലെടുത്തു ഗോളുകൾ നേടുകയായിരുന്നു. ഇന്റർ മിയാമി നേടിയ ആദ്യത്തെ ഗോളിൽ മെസിയുടെ സാന്നിധ്യം ഇല്ലായിരുന്നെങ്കിലും അത് നേടിയതും അതിനു വഴിയൊരുക്കിയതും അർജന്റീന താരങ്ങളായിരുന്നു എന്ന പ്രത്യേകതയുണ്ട്.

അർജന്റീനയുടെ ഇരുപത്തിയൊന്നുകാരനായ താരം ഫാക്കുണ്ടോ ഫാരിയാസ് ഇന്റർ മിയാമിയുടെ ആദ്യത്തെ ഗോൾ നേടിയപ്പോൾ അതിനു വഴിയൊരുക്കിയത് അർജന്റീനയുടെ തന്നെ പത്തൊമ്പതുകാരനായ താരം തോമസ് അവിലെസാണ്. പതിനാലാം മിനുട്ടിൽ പ്രതിരോധതാരമായ അവിലെസ് നൽകിയ മികച്ചൊരു ലോങ്ങ് പാസ് ഒരു സ്ലൈഡിങ് കിക്കിലൂടെ ഫാരിയാസ് വലയിലെത്തിക്കുകയായിരുന്നു. മത്സരത്തിൽ പിറന്ന ഏറ്റവും മികച്ച ഗോളും ഇത് തന്നെയായിരുന്നു എന്നതിൽ സംശയമില്ല.

മെസി വന്നതിനു ശേഷം ഇന്റർ മിയാമിയിലേക്ക് എത്തിയ താരങ്ങളാണ് ഫാരിയാസും അവിലെസും. ഇന്റർ മിയാമിയിൽ എത്തിയതിനു ശേഷം ഫാക്കുണ്ടോ ഫാരിയാസ് ആദ്യത്തെ ഗോൾ നേടിയപ്പോൾ ടീമിനായി ആദ്യത്തെ അസിസ്റ്റ് നേടാൻ അവിലസിനും കഴിഞ്ഞു. മത്സരത്തിൽ ഇന്റർ മിയാമി നേടിയ നാല് ഗോളിനു പിന്നിലും അർജന്റീന താരങ്ങൾ ഉണ്ടായിരുന്നുവെന്നത് അർജന്റീന ആരാധകരെ സംബന്ധിച്ച് സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്നതിലും സംശയമില്ല.

Farias Aviles Behind Inter Miami First Goal

Facundo FariasInter MiamiLionel MessiMLSTomas Aviles
Comments (0)
Add Comment