ലിത്വാനിയയും ജിബ്രാൾട്ടറും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന യുവേഫ നേഷൻസ് ലീഗിന്റെ പ്ലേഓഫ് മത്സരത്തിൽ മിന്നുന്ന പ്രകടനം നടത്തി ദേശീയ ടീമിന്റെ നായകനും ബ്ലാസ്റ്റേഴ്സ് താരവുമായ ഫെഡോർ ചെർണിച്ച്. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ലിത്വാനിയ വിജയിച്ചപ്പോൾ രണ്ടാം പകുതിയുടെ തുടക്കത്തിൽ ടീമിന്റെ വിജയഗോൾ നേടിയത് ചെർണിച്ചായിരുന്നു.
കഴിഞ്ഞ മത്സരത്തിൽ ജിബ്രാൾട്ടറിനെതിരെ കൃത്യമായ മുൻതൂക്കം ഉണ്ടാക്കുകയും ഒരു ഗോളിന്റെ വിജയം നേടുകയും ചെയ്ത ലിത്വാനിയ ഇന്നലത്തെ മത്സരത്തിലും അതാവർത്തിച്ചു. നിരന്തരം ആക്രമണങ്ങൾ സംഘടിപ്പിച്ച ടീമിന്റെ കുന്തമുന ഫെഡോർ തന്നെയായിരുന്നു. മത്സരത്തിൽ അഞ്ച് അവസരങ്ങൾ തുറന്നെടുത്ത താരത്തിന്റെ ഒരു ഷോട്ട് പോസ്റ്റിലടിച്ചും പുറത്തു പോയി.
Fedor goal against Gibraltar #KBFC #KeralaBlasters pic.twitter.com/IZrTMsIqS1
— KBFC TV (@KbfcTv2023) March 26, 2024
മത്സരത്തിന്റെ അൻപതാം മിനുട്ടിലാണ് ഫെഡോറിന്റെ ഗോൾ പിറന്നത്. പിയുസ് സർവിസ് ഇടതുവിങ്ങിൽ നിന്നും നൽകിയ ക്രോസ് കാലിലെത്തുമ്പോൾ ഒരു ഗോൾ നേടാൻ ബുദ്ധിമുട്ടുള്ള പൊസിഷനിൽ ആയിരുന്നു ചെർണിച്ച്. എന്നാൽ അസാധ്യമായ ആംഗിളിൽ നിന്നും ഗോൾകീപ്പറുടെ തലക്ക് മുകളിലൂടെ തകർപ്പനൊരു ഷോട്ടിലൂടെ താരം പന്തിനെ വലയിലേക്ക് തൊടുത്തു വിട്ടു.
fedor cernych scoresssss!!#KBFC#INDIANFOOTBALL #isl #keralablasters pic.twitter.com/EDbJnlUMDC
— DR.Delta (@Delta13114533) March 26, 2024
കഴിഞ്ഞ മത്സരത്തിലും ടീമിനായി മികച്ച പ്രകടനം ഫെഡോർ നടത്തിയിരുന്നു. ഇന്നലത്തെ മത്സരത്തിൽ ഫെഡോറിനു പകരക്കാരനെ ഇറക്കിയപ്പോൾ സ്റ്റേഡിയം മുഴുവൻ കയ്യടികളോടെയാണ് താരത്തെ അഭിനന്ദിച്ചത്. രണ്ടു മത്സരങ്ങളിലും വിജയിച്ചതോടെ ലിത്വാനിയ പ്ലേ ഓഫിൽ നിന്നും മുന്നേറിയിട്ടുണ്ട്. യുവേഫ നേഷൻസ് ലീഗിന്റെ ഗ്രൂപ്പ് ഡിയിലേക്ക് വീണു പോകുമായിരുന്ന ലിത്വാനിയ വിജയത്തോടെ ഗ്രൂപ്പ് സിയിലേക്ക് തന്നെ എത്തിയിട്ടുണ്ട്.
രണ്ടു മത്സരങ്ങളിലും ഫെഡോർ നടത്തിയ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് കൂടി പ്രതീക്ഷ നൽകുന്നതാണ്. ജനുവരിയിൽ അഡ്രിയാൻ ലൂണക്ക് പകരക്കാരനായി ടീമിലെത്തിയ താരം ഇന്ത്യയിലെ സാഹചര്യങ്ങളുമായി ഒത്തിണങ്ങി വരികയാണ്. താരം ഫോമിലെത്തിയാൽ അത് പ്ലേ ഓഫ് വരാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്യുമെന്നതിൽ സംശയമില്ല.
Fedor Cernych Goal Against Gibraltar