ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷഡ്‌പൂറിനെതിരായ മത്സരം കളിക്കാനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം ചേർന്ന് ലിത്വാനിയന് താരമായ ഫെഡോർ ചെർണിച്ച്. കൊച്ചിയിൽ നിന്നും ജംഷഡ്‌പൂരിലേക്ക് പോയ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം ഫെഡോർ ഉണ്ടായിരുന്നില്ലെങ്കിലും താരം ദേശീയടീമിനൊപ്പമുള്ള മത്സരങ്ങൾക്ക് ശേഷം നേരിട്ട് ജംഷഡ്‌പൂരിലേക്ക് എത്തി ടീമിനൊപ്പം ചേരുകയായിരുന്നു.
ലിത്വാനിയൻ ദേശീയ ടീമിനൊപ്പം മികച്ച പ്രകടനം നടത്തിയാണ് ഫെഡോർ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് മടങ്ങി വരുന്നത്. യുവേഫ നേഷൻസ് ലീഗിന്റെ പ്ലേ ഓഫ് മത്സരങ്ങളിൽ ജിബ്രാൾട്ടറിനെ നേരിട്ട ലിത്വാനിയൻ ടീമിന് വിജയം നേടിക്കൊടുക്കാൻ ഫെഡോറിന്റെ പ്രകടനം നിർണായകമായിരുന്നു. രണ്ടു മത്സരങ്ങളിലും ഒരു ഗോൾ വിജയം നേടിയ ലിത്വാനിയ ഗ്രൂപ്പ് സിയിലേക്ക് മുന്നേറുകയും ചെയ്‌തു.
🚨🥇 Fedor Černych joined Kerala Blasters squad in Jamshedpur. 🇱🇹 @Shaiju_official #KBFC pic.twitter.com/y4bFpZxsEN
— KBFC XTRA (@kbfcxtra) March 29, 2024
ആദ്യത്തെ മത്സരത്തിൽ ലിത്വാനിയ ഒരു ഗോളിന്റെ വിജയം നേടിയപ്പോൾ ഗോളിനുള്ള പ്രീ അസിസ്റ്റ് ഫെഡോറിന്റെ വകയായിരുന്നു. രണ്ടാമത്തെ മത്സരത്തിൽ സ്വന്തം മൈതാനത്ത് ടീമിന്റെ വിജയഗോളും ഫെഡോർ ചെർണിച്ച് സ്വന്തമാക്കി. വളരെ ബുദ്ധിമുട്ടേറിയ ആംഗിളിൽ നിന്നും താരം നേടിയ ഗോൾ ഫെഡോറിന്റെ ഫിനിഷിങ് മികവ് വ്യക്തമാക്കുന്നതായിരുന്നു.
ഇന്ത്യയിൽ ആദ്യമായി കളിക്കുന്ന ഫെഡോർ ചെർണിച്ച് സാഹചര്യങ്ങളുമായി പൂർണമായി പൊരുത്തപ്പെട്ടു വരുന്നതേയുള്ളൂ. എങ്കിലും താരം ടീമിനായി ഇതുവരെ നടത്തിയ പ്രകടനം വളരെ മികച്ചതായിരുന്നു. കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടു ഗോളുകളിൽ പങ്കാളിയായ താരം ദേശീയ ടീമിനായി നടത്തിയ പ്രകടനം ആരാധകർക്ക് കൂടുതൽ പ്രതീക്ഷ നൽകിയിട്ടുണ്ട്.
ജംഷഡ്‌പൂരിനെതിരെ നടക്കുന്ന മത്സരം ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. അതിൽ വിജയം നേടിയാൽ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിക്കും. മറിച്ച് തോൽവിയാണെങ്കിൽ അത് ടീമിന്റെ സാധ്യതകളെ ഒന്നുകൂടി പരുങ്ങലിലാക്കും. അതുകൊണ്ടു തന്നെ ജംഷഡ്‌പൂരിന്റെ മൈതാനത്ത് വിജയത്തിൽ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നില്ല.
Fedor Cernych Joined Kerala Blasters Squad