ലൂണക്ക് പകരക്കാരനായി പല താരങ്ങളും എത്തുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്ന സമയത്ത് അതിലൊന്നും ഉൾപ്പെടാതെ തീർത്തും അപ്രതീക്ഷിതമായി കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയ താരമാണ് ഫെഡോർ ചെർണിച്ച്. ലിത്വാനിയ ദേശീയ ടീമിന്റെ നായകനായ താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്റ്റർ കരോലിസിന്റെ ഇടപെടലാണ് ഫ്രീ ഏജന്റായി ടീമിലെത്തിക്കാൻ സഹായിച്ചത്.
താരത്തിന്റെ വരവിനു പിന്നാലെ ആരാധകർ ആവേശത്തിലായിരുന്നു. യൂറോപ്പിലെ വമ്പൻ പോരാട്ടങ്ങളിൽ കളിച്ചു പരിചയമുള്ള താരമാണെന്നതും യൂറോപ്പിലെ ഒരു ദേശീയടീമിന്റെ നായകനാണെന്നതും ഫെഡോറിന്റെ വരവിൽ പ്രതീക്ഷ വളർത്തി. അതിനു പുറമെ താരം മുൻപ് നേടിയിട്ടുള്ള അസാധ്യമായ ഗോളുകളുടെ വീഡിയോകൾ വൈറലായതോടെ ആ പ്രതീക്ഷ വളരുകയും ചെയ്‌തു.
Fedor Černych 🗣️ “I believe my best performances are yet to come.” @manoramaonline #KBFC pic.twitter.com/3EtsmyfwId
— KBFC XTRA (@kbfcxtra) March 30, 2024
എന്നാൽ ആരാധകർ പ്രതീക്ഷിച്ച നിലവാരത്തിലുള്ള ഒരു പ്രകടനം ഇതുവരെ ഫെഡോറിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഇന്ത്യയിലെ സാഹചര്യങ്ങളുമായി ഒത്തിണങ്ങി വരാത്തതിന്റെ പ്രശ്‌നം താരത്തെ പലപ്പോഴും ബാധിക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം തന്റെ മികച്ച പ്രകടനം ഇനിയും വരാനിരിക്കുന്നതേ ഉള്ളൂവെന്ന് താരം കഴിഞ്ഞ ദിവസം പറഞ്ഞത്.
Fedor Cernych hits the post.#isl10 #Kbfc pic.twitter.com/ikC6olYzSv
— Hari (@Harii33) March 30, 2024
ഇന്നലെ നടന്ന മത്സരത്തിൽ പരിക്കേറ്റ ജസ്റ്റിന് പകരം ആദ്യപകുതിയിൽ തന്നെ ഫെഡോർ ഇറങ്ങിയിരുന്നു. ബ്ലാസ്റ്റേഴ്‌സ് പിൻവലിഞ്ഞു കളിച്ച മത്സരത്തിൽ അവസാന മിനിറ്റുകളിൽ ഒരു മികച്ച ഷോട്ട് ഫെഡോറിന്റെ ഭാഗത്തു നിന്നും ഉണ്ടായെങ്കിലും അത് പോസ്റ്റിൽ തട്ടി തെറിച്ചു പോയി. അതിനു പുറമെ ദിമിക്ക് ഒരു അവസരം തുറന്നെടുക്കാനുള്ള പാസ് നൽകിയെങ്കിലും അത് മുതലാക്കാൻ കഴിഞ്ഞില്ല.
ഇതുവരെ ശരാശരി പ്രകടനം നടത്തിയ താരം കഴിഞ്ഞ രണ്ടു കളികളിൽ ദേശീയ ടീമിനായി തിളങ്ങിയിരുന്നു. അതുകൊണ്ടു തന്നെ ഫെഡോറിന്റെ പ്രതിഭയെ സംശയിക്കേണ്ട കാര്യമില്ല. ഒരു നിമിഷം കൊണ്ട് കളിയുടെ ഗതി തിരിച്ചു വിടാൻ കഴിവുള്ള താരം ഇന്ത്യയിലെ സാഹചര്യങ്ങളുമായി പൂർണമായും പൊരുത്തപ്പെട്ടു കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്‌സിന് മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നതിൽ സംശയമില്ല.
Fedor Cernych Says His Best Play Yet To Come