ബ്ലാസ്റ്റേഴ്‌സ് ആരാധകർ വളരെ ആവേശത്തോടെ കണ്ട ഒരു സൈനിങ് ആയിരുന്നു ലിത്വാനിയൻ താരമായ ഫെഡോർ ഷെർണിച്ചിന്റേത്. അഡ്രിയാൻ ലൂണയുടെ പകരക്കാരനായി എത്തിയ താരത്തിന് യൂറോപ്പിലെ വമ്പൻ ടീമുകൾക്കും താരങ്ങൾക്കുമെതിരെ കളിച്ചു പരിചയമുള്ളതിനാൽ ആരാധകർ താരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് വിശ്വസിച്ചു.
ഐഎസ്എല്ലിൽ രണ്ടു മത്സരങ്ങൾ കളിച്ചെങ്കിലും ഇതുവരെ പ്രതീക്ഷ നൽകുന്ന പ്രകടനം ഷെർണിച്ചിൽ നിന്നും ഉണ്ടായിട്ടില്ല. എന്നാൽ താരം ഇന്ത്യയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു വരുന്നതേയുള്ളൂവെന്നാണ് പരിശീലകൻ പറയുന്നത്. വിസ പ്രശ്‌നങ്ങൾ കാരണം ഇന്ത്യയിലേക്ക് വരാൻ വൈകിയ താരം ഇവിടെ ഇണങ്ങിച്ചേർന്നാൽ മികച്ച പ്രകടനം ഉണ്ടാകുമെന്നും ഇവാൻ പറഞ്ഞു.
അതിനിടയിൽ മെസിയെയും റൊണാൾഡോയെയും പിന്നിലാക്കിയ ഒരു കുതിപ്പും ഷെർണിച്ചിൽ നിന്നുമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം ട്രാൻസ്‌ഫർ മാർക്കറ്റ് ഇന്ത്യ പുറത്തു വിട്ട കണക്കുകൾ പ്രകാരം ഇക്കഴിഞ്ഞ ട്രാൻസ്‌ഫർ ജാലകത്തിൽ ഇന്ത്യയിൽ നിന്നും ഏറ്റവുമധികം പേർ പരിശോധിച്ച ഇൻസ്റ്റാഗ്രാം പ്രൊഫൈലുകളിലൊന്ന് ഷെർണിച്ചിന്റേതാണ്.
ഇന്ത്യയിൽ നിന്നും ഏറ്റവുമധികം പേർ നിരീക്ഷിച്ച പ്രൊഫൈലുകളിൽ ഒന്നാം സ്ഥാനം ഈസ്റ്റ് ബംഗാളുമായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്ന സ്‌പാനിഷ് താരമായ ഇയാഗോ ഫാൽക്വയാണ്. അതിനു പിന്നിൽ രണ്ടാം സ്ഥാനത്ത് ബ്ലാസ്റ്റേഴ്‌സ് ടാരമായ ഷെർണിച്ച് നിൽക്കുന്നു. റൊണാൾഡോ മൂന്നാം സ്ഥാനത്തും മെസി നാലാം സ്ഥാനത്തുമാണ്. ബ്ലാസ്റ്റേഴ്‌സുമായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്ന അലക്‌സ് ഷാൾക്കാണ് അഞ്ചാം സ്ഥാനത്ത്.
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കരുത്ത് വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ. ഷെർണിച്ചിന്റെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണവും ബ്ലാസ്റ്റേഴ്‌സിൽ എത്തിയതിനു പിന്നാലെ കുതിച്ചു കയറിയിട്ടുണ്ട്. സാഹചര്യങ്ങളുമായി ഒത്തിണങ്ങിയാൽ ആരാധകർ നൽകുന്ന ഈ പിന്തുണയ്ക്ക് മികച്ച പ്രകടനം കൊണ്ട് താരം മറുപടി നൽകുമെന്ന് തന്നെയാണ് പ്രതീക്ഷ.
Fedor Cernych Surpassed Ronaldo And Messi