പുതിയ കരാർ ലഭിച്ചാൽ കൂടുതൽ മികച്ച പ്രകടനം ഉറപ്പ്, ക്യാപ്റ്റൻ ലിത്വാനിയയുടെ വാക്കുകൾ മടങ്ങി വരവിന്റെ സൂചനയോ | Fedor Cernych

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ വളരെ ആവേശത്തോടെ സ്വീകരിച്ച താരമായിരുന്നു ലിത്വാനിയൻ ദേശീയ ടീമിന്റെ നായകനായ ഫെഡോർ ചെർണിച്ചിന്റേത്. അഡ്രിയാൻ ലൂണക്ക് പരിക്കേറ്റപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ സ്വന്തമാക്കിയ താരം ഈ സീസൺ അവസാനിക്കുന്നത് വരെ തുടർന്ന് അതിനു ശേഷം ലിത്വാനിയയിലേക്ക് മടങ്ങുകയായിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സിൽ തുടരാൻ ഫെഡോറിനു താൽപര്യമുണ്ടായിരുന്നു. ഇന്ത്യയിൽ ആദ്യമായി കളിക്കുന്ന താരം സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരാൻ വൈകിയത് കൂടുതൽ മികവ് കാണിക്കാൻ തടസമായി. ബ്ലാസ്റ്റേഴ്‌സിനൊപ്പം കുറച്ചു സമയം കൂടി ലഭിച്ചിരുന്നെങ്കിൽ കൂടുതൽ സംഭാവന ടീമിന് നൽകാൻ കഴിയുമായിരുന്നു എന്നു തന്നെയാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന അഭിമുഖത്തിൽ താരം പറയുന്നത്.

“ഇവിടേക്ക് വരുമ്പോൾ കാര്യങ്ങളെല്ലാം വളരെ എളുപ്പമാകുമെന്നാണ് ഞാൻ കരുതിയത്, എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട പ്രശ്‌നം കടുത്ത ചൂടായിരുന്നു. ദേശീയ ടീമിനൊപ്പം മത്സരങ്ങൾ കളിക്കുന്നതിനാൽ എപ്പോഴും ഞാനിവിടെ ഉണ്ടാവുകയുമില്ല. അടുത്ത സീസണിലോ, ഏതാനും മാസങ്ങൾ കൂടിയോ തുടർന്നാൽ എല്ലാം എളുപ്പമാകും.” ഫെഡോർ ചെർണിച്ച് പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സിൽ പത്ത് മത്സരങ്ങൾ കളിച്ച താരം ഏഴെണ്ണത്തിൽ മാത്രമാണ് ആദ്യ ഇലവനിൽ ഇറങ്ങിയത്. പ്ലേ ഓഫിൽ ഒഡിഷ എഫ്‌സിക്കെതിരെ നേടിയ ഗോളടക്കം മൂന്നു ഗോളുകൾ നേടാനും ഒരെണ്ണത്തിന് വഴിയൊരുക്കാനും ഫെഡോറിനു കഴിഞ്ഞു. ഇതുവരെ യൂറോപ്പിൽ മാത്രം കളിച്ചു പരിചയിച്ച ഒരു താരത്തെ സംബന്ധിച്ച് ഭേദപ്പെട്ട പ്രകടനമായിരുന്നു അതെന്നതിൽ സംശയമില്ല.

പരിക്കിന്റെ തിരിച്ചടികൾ ഏറ്റുവാങ്ങിയ ഒരു സമയത്താണ് ഫെഡോർ എത്തിയതെന്നതും താരത്തിന്റെ പ്രകടനത്തെ ബാധിച്ചിരുന്നു. ദിമിത്രിയോസ് ക്ലബ് വിടുകയാണെന്നു പ്രഖ്യാപിച്ചതോടെ ഫെഡോറിനു തിരിച്ചു വരാനുള്ള സാധ്യത തുറന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അവസാനത്തെ തീരുമാനം എടുക്കേണ്ടത് ബ്ലാസ്റ്റേഴ്‌സ് നേതൃത്വം തന്നെയാണ്.

Fedor Cernych Want To Stay With Kerala Blasters

Fedor CernychISLKBFCKerala Blasters
Comments (0)
Add Comment