പത്തൊൻപതു വർഷം നീണ്ട തന്റെ സീനിയർ ഫുട്ബോൾ കരിയറിൽ നിരവധി ക്ലബുകൾക്കു വേണ്ടി കളിച്ചിട്ടുള്ള താരമാണ് സ്പാനിഷ് സ്ട്രൈക്കറായ ഫെർണാണ്ടോ ലോറന്റെ. അത്ലറ്റിക് ബിൽബാവോ, യുവന്റസ്, സെവിയ്യ, ടോട്ടനം ഹോസ്പർ നാപ്പോളി തുടങ്ങിയ ക്ലബുകളിൽ ഉണ്ടായിരുന്ന താരം സ്പെയിനിനു വേണ്ടിയും ഇരുപത്തിനാല് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2010 ലോകകപ്പും 2012 യൂറോ കപ്പും നേടിയ സ്പെയിൻ ടീമിലെ അംഗം കൂടിയായിരുന്ന ഫെർണാണ്ടോ ലോറന്റെ നിലവിൽ ഒരു ക്ലബ്ബിന്റെയും ഭാഗമല്ലാതെ ഫ്രീ ഏജന്റാണ്.
ഇപ്പോൾ മുപ്പത്തിയേഴു വയസുള്ള ഫെർണാണ്ടോ ലോറന്റെ കഴിഞ്ഞ സീസണിൽ സ്പാനിഷ് ക്ലബായ ഐബാറിലാണ് കളിച്ചിരുന്നത്. സീസൺ പൂർത്തിയായതോടെ ക്ലബ് വിട്ട താരത്തിന് മറ്റൊരു ക്ലബിലും ഇടം കണ്ടെത്താൻ കഴിഞ്ഞില്ല. ഇപ്പോൾ കരിം ബെൻസിമ പരിക്കേറ്റു പുറത്തിരിക്കുന്ന റയൽ മാഡ്രിഡ് ടീമിൽ കളിക്കാൻ സന്നദ്ധത അറിയിച്ചിരിക്കുകയാണ് ലോറന്റെ. കാർലോ ആൻസലോട്ടി വിളിച്ചാൽ താൻ റയൽ മാഡ്രിഡിൽ എത്തുമെന്നു പറയുന്ന ലോറന്റെ തനിക്ക് പ്രതിഫലമായി ഒരു രൂപ പോലും വേണ്ടെന്നും കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.
“കരിം ബെൻസിമയുടെ പകരക്കാരനാവാൻ കാർലോ ആൻസലോട്ടി എന്നെ വിളിച്ചാൽ ഞാനത് ഒരു സംശയവും കൂടാതെ സ്വീകരിക്കും. അത് സൗജന്യമായി കളിക്കേണ്ടി വന്നാൽ പോലും.” എൽ ലാഗ്വേരയോടു സംസാരിക്കുമ്പോൾ ലോറന്റെ പറഞ്ഞു. അത്ലറ്റിക് ബിൽബാവോക്ക് വേണ്ടി കളിക്കുന്ന സമയത്ത് റയൽ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള അവസരം വന്നെങ്കിലും തന്റെ റിലീസിംഗ് ക്ലോസ് നൽകാൻ ലോസ് ബ്ലാങ്കോസിനു താല്പര്യം ഇല്ലായിരുന്നുവെന്നും ലോറന്റെ വെളിപ്പെടുത്തി.
Real Madrid might need another forward…https://t.co/Bp7ZwaelDl
— MARCA in English (@MARCAinENGLISH) September 28, 2022
“അത്ലറ്റികോക്ക് എന്നെ വിട്ടുകൊടുക്കാനും റയൽ മാഡ്രിഡിന് എന്റെ റിലീസിംഗ് ക്ലോസ് നൽകാനും താൽപര്യമില്ലായിരുന്നു. അവസരം ഉണ്ടായിരുന്ന സമയത്ത് യുവന്റസായിരുന്നു മുന്നിലുണ്ടായിരുന്നത്. എനിക്ക് റയൽ മാഡ്രിഡ് ജേഴ്സിയാണിയാൻ താൽപര്യമുണ്ട്. നിലവിൽ ലോകത്തിലെ മികച്ച ടീമായ അവർ ചാമ്പ്യൻസ് ലീഗിൽ കാഴ്ച വെക്കുന്നത് അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ്. മുന്നോട്ടു പോകുന്തോറും അവർക്കത് വിജയിക്കാനുള്ള കഴിവും വർധിക്കും.” ലോറന്റെ പറഞ്ഞു.
ക്ലബ് തലത്തിൽ യുവന്റസിനൊപ്പമാണ് ഫെർണാണ്ടോ ലോറന്റെ കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ളത്. മൂന്നു സീരി എ അടക്കം ആറു കിരീടങ്ങൾ ഇറ്റലിയിൽ നേടിയിട്ടുള്ള താരം ഒരിക്കൽ ചാമ്പ്യൻസ് ലീഗിൽ റണ്ണേഴ്സ് അപ്പുമായി. ടോട്ടനം ഹോസ്പറിനൊപ്പവും ചാമ്പ്യൻസ് ലീഗിൽ രണ്ടാം സ്ഥാനം താരം നേടിയിട്ടുണ്ട്. സെവിയ്യക്കൊപ്പം യൂറോപ്പ ലീഗ് കിരീടവും നാപ്പോളിക്കൊപ്പം കോപ്പ ഇറ്റാലിയയും നേടാൻ താരത്തിന് കഴിഞ്ഞു.