പോർച്ചുഗൽ പുറത്താക്കിയ ഫെർണാണ്ടോ സാന്റോസ് വീണ്ടും പരിശീലകസ്ഥാനത്തേക്ക്

പോർച്ചുഗലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് ഫെർണാണ്ടോ സാന്റോസ്. അദ്ദേഹം പരിശീലകനായിരിക്കുന്ന സമയത്താണ് പോർച്ചുഗൽ യൂറോ കപ്പും യുവേഫ നേഷൻസ് ലീഗ് കിരീടവും നേടിയത്. പോർച്ചുഗൽ ഇതുവരെ സ്വന്തമാക്കിയ രണ്ടു പ്രധാന കിരീടങ്ങളും അതു തന്നെയാണ്. എന്നാൽ ആഗ്രഹിച്ചതു പോലെ ഐതിഹാസികമായി തന്നെ പോർച്ചുഗൽ ദേശീയ ടീമിൽ നിന്നും പടിയിറങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.

ഖത്തർ ലോകകപ്പിൽ പോർച്ചുഗലിന്റെ പുറത്താകലാണ് അദ്ദേഹത്തിന്റെ സ്ഥാനം തെറിപ്പിച്ചത്. തനിക്ക് ലഭിച്ചതിൽ വെച്ചേറ്റവും മികച്ച ടീമായിരുന്നിട്ടും ലോകകപ്പ് ക്വാർട്ടർ ഫൈനൽ വരെ മാത്രമേ അവർക്ക് മുന്നേറാൻ കഴിഞ്ഞുള്ളു. ക്വാർട്ടർ ഫൈനലിൽ മൊറോക്കോയോട് തോൽവി വഴങ്ങിയാണ് പോർച്ചുഗൽ പുറത്തായത്. അതിനു പിന്നാലെ തന്നെ അദ്ദേഹത്തെ പുറത്താക്കി പുതിയ മാനേജരായി റോബർട്ടോ മാർട്ടിനസിനെ പോർച്ചുഗൽ നിയമിച്ചു.

അതേസമയം പോർച്ചുഗലിൽ നിന്നും പുറത്തു പോയ ഫെർണാണ്ടോ സാന്റോസ് പുതിയ ടീമിന്റെ പരിശീലകനാവാൻ ഒരുങ്ങുകയാണ്. പോളണ്ടിലേക്കാണ് സാന്റോസ് എത്തുന്നത്. താരത്തെ നിയമിക്കുന്ന കാര്യം പോളിഷ് ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് സെസാറി കുലെസ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്‌തിരുന്നു. മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ഫെർണാണ്ടോ സാന്റോസിനു ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ള താരങ്ങളെ കൈകാര്യം ചെയ്‌തുള്ള പരിചയമുണ്ടെന്നും അവർ പറഞ്ഞു.

ഇക്കഴിഞ്ഞ ലോകകപ്പിൽ അർജന്റീനയുടെ ഗ്രൂപ്പിലുണ്ടായിരുന്ന പോളണ്ട് പ്രീ ക്വാർട്ടറിൽ എത്തിയിരുന്നു. ഫ്രാൻസിനോട് തോറ്റാണ് അവർ പുറത്തായത്. റോബർട്ട് ലെവൻഡോസ്‌കി അടക്കമുള്ള താരങ്ങൾ അണിനിരക്കുന്ന പോളണ്ടിനെ 2026 ലോകകപ്പ് വരെ നയിക്കാനുള്ള കരാറാണ് സാന്റോസ് ഒപ്പിടുക. 2024 യൂറോ കപ്പിന് ടീമിന് യോഗ്യത നേടിക്കൊടുക്കുകയെന്നതാവും സാന്റോസിനു മുന്നിലുള്ള പ്രധാനപ്പെട്ട ഉത്തരവാദിത്വം.

Fernando SantosPolandPortugal
Comments (0)
Add Comment