ഈ വീക്കെൻഡിലെ ക്ലബ് മത്സരങ്ങൾക്ക് ശേഷം ഇന്റർനാഷണൽ ബ്രേക്കിലേക്ക് ഫുട്ബോൾ പോവുകയാണ്. ലോകകപ്പ് യോഗ്യത മത്സരങ്ങളും യുവേഫ നേഷൻസ് ലീഗ് മത്സരങ്ങളും ഇന്റർനാഷണൽ ഫ്രണ്ട്ലി മത്സരങ്ങളെല്ലാമാണ് ഇന്റർനാഷണൽ ബ്രേക്കിൽ നടക്കുക.
ലോകചാമ്പ്യന്മാരും കോപ്പ അമേരിക്ക ചാമ്പ്യന്മാരുമായ അർജന്റീന ഇന്റർനാഷണൽ ബ്രേക്കിൽ രണ്ടു മത്സരങ്ങൾ കളിക്കുന്നുണ്ട്. 2026 ലോകകപ്പിന്റെ യോഗ്യത റൗണ്ടിൽ വെനസ്വല, ബൊളീവിയ എന്നീ ടീമുകൾക്കെതിരെയാണ് അർജന്റീന മത്സരങ്ങൾ കളിക്കുന്നത്.
എന്നാൽ ഈ മത്സരങ്ങളിൽ ടീമിന്റെ പ്രധാന താരവും ഗോൾകീപ്പറുമായ എമിലിയാനോ മാർട്ടിനസ് കളിക്കില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എമിലിയാനോ മാർട്ടിനസിനു ഫിഫയുടെ വിലക്ക് ഈ മത്സരങ്ങളിൽ ലഭിക്കുമെന്നാണ് സൂചനകൾ.
ചിലിക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനു ശേഷം കോപ്പ അമേരിക്ക ട്രോഫിയുമായി അശ്ലീല ആംഗ്യം കാണിച്ചുവെന്നതാണ് എമിക്കെതിരെ നടപടി ഉണ്ടാകാനുള്ള ഒരു കാരണം. ലോകകപ്പ് കിരീടനേട്ടത്തിനു ശേഷം കാണിച്ച അതെ ആംഗ്യമാണ് എമിലിയാനോ കാണിച്ചത്.
അതിനു പുറമെ കൊളംബിയക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിലെ തോൽവിക്ക് ശേഷം കൊളംബിയൻ ക്യാമറമാനെ പിടിച്ചു തള്ളിയതും നടപടിക്ക് കാരണമായിട്ടുണ്ട്. ഈ സംഭവത്തിൽ ക്യാമറാമാൻ എമിലിയാനോ മാർട്ടിനസിനെതിരെ പരാതി നൽകിയിട്ടുണ്ടായിരുന്നു.
അർജന്റീന ജേഴ്‌സിയിൽ ആദ്യമായി വല കാത്തതിന് ശേഷം പിന്നീട് എമിലിയാനോ തന്നെയാണ് ടീമിന്റെ പ്രധാന കീപ്പർ. താരത്തിന് വിലക്ക് ലഭിക്കുകയാണെങ്കിൽ റുള്ളി, മുസോ, വാൾട്ടർ ബെനിറ്റസ് എന്നിവരിൽ ഒരാളാകും ടീമിന്റെ വല കാക്കുക.