ഒരു പരിശീലകനും ഇതുപോലെ പ്രതികരിക്കാൻ പാടില്ല, ഇവാന് പിഴ ചുമത്തിയത് ശരിയായ നടപടി തന്നെ | Ivan Vukomanovic

ഇവാൻ വുകോമനോവിച്ചിന് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ഒരു കോടി രൂപ പിഴയായി നൽകിയിരുന്നു എന്ന വാർത്തയാണ് ക്ലബിന്റെ ആരാധകരുടെ ഇടയിൽ ഇപ്പോൾ ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസമാണ് പ്രമുഖ മാധ്യമപ്രവർത്തകൻ മാർക്കസ് മെർഗുലാവോ ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌. ബെംഗളൂരു എഫ്‌സിക്കെതിരെ കഴിഞ്ഞ സീസണിൽ നടന്ന മത്സരത്തിൽ നിന്നും വാക്ക്ഔട്ട് നടത്തിയതിനായിരുന്നു നടപടി.

ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന പ്ലേ ഓഫ് മത്സരത്തിൽ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇവാൻ നടത്തിയ വാക്ക്ഔട്ട് ഏറെ ചർച്ചയായിരുന്നു. ഐഎസ്എല്ലിൽ മോശം റഫറിയിങ് ആവർത്തിക്കുന്നതിനെതിരെ പ്രതിഷേധം എന്ന നിലയിൽ അത് ശ്രദ്ധ പിടിച്ചു പറ്റി. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരിൽ നിന്നും വലിയ രീതിയിലുള്ള പിന്തുണയും അദ്ദേഹത്തിന് ലഭിച്ചു.

എന്നാൽ ഒരു ഫുട്ബോൾ പരിശീലകൻ എന്ന നിലയിൽ ഒരിക്കലും അദ്ദേഹം അങ്ങിനെ പ്രതികരിക്കാൻ പാടില്ലായിരുന്നു. ബെംഗളൂരു ഗോൾ നേടിയത് റഫറിയുടെ പിഴവായിരുന്നെങ്കിലും ആ മത്സരത്തിൽ തിരിച്ചു വരാൻ ബ്ലാസ്റ്റേഴ്‌സിന് അവസരമുണ്ടായിരുന്നു. ഇവാൻ വുകോമനോവിച്ചിന്റെ പ്രതിഷേധം കാരണം ആ സീസണിൽ മുന്നോട്ടു പോകാനുള്ള അവസരം കൂടിയാണ് നഷ്‌ടമായത്.

റഫറിമാരുടെ പിഴവുകൾ ഫുട്ബോളിൽ സാധാരണമായി സംഭവിക്കുന്ന ഒന്നാണ്. യൂറോപ്യൻ ടൂർണമെന്റുകളിൽ വരെ അത് സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്. എന്നാൽ അതിൽ പ്രതിഷേധിച്ച് മത്സരത്തിൽ നിന്നും ഇറങ്ങിപ്പോവുക എന്നത് ഗുരുതരമായ ഒരു വീഴ്‌ച തന്നെയാണ്. ഐഎസ്എല്ലിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായ ഇവാൻ അതിനൊരിക്കലും മുതിരാൻ പാടില്ലായിരുന്നു.

കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇതുവരെ ലഭിച്ചതിൽ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് ഇവാൻ വുകോമനോവിച്ച്. ആരാധകർക്ക് പ്രിയങ്കരനായതിനാൽ തന്നെ അദ്ദേഹത്തിന് വലിയ രീതിയിലുള്ള പിന്തുണ ഇപ്പോഴും ലഭിക്കുന്നുണ്ട്. എന്നാൽ ഒരു പ്രൊഫെഷണൽ ക്ലബ് എന്ന നിലയിൽ ഇവാന് പിഴ ചുമത്തിയത് ശരിയായ തീരുമാനം തന്നെയാണെന്നാണ് വിലയിരുത്തേണ്ടത്.

Fine To Ivan Vukomanovic Is A Good Decision

Ivan VukomanovicKBFCKerala Blasters
Comments (0)
Add Comment