സ്വന്തം രാജ്യം തോൽക്കാനാഗ്രഹിക്കുന്ന ഫ്രഞ്ച് താരങ്ങൾ, രാജ്യസ്നേഹത്തിനും മുകളിലെത്തിയ മെസി സ്നേഹം

ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ ഇന്ന് അർജന്റീനയും ഫ്രാൻസും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ലോകത്തെ ബഹുഭൂരിഭാഗം വരുന്ന ഫുട്ബോൾ ആരാധകരും ലയണൽ മെസി കിരീടം നെടുമോയെന്നാണ് ഉറ്റു നോക്കുന്നത്. അർജന്റീന ആരാധകർക്ക് പുറമെ അർജന്റീനയുടെ എതിർ ടീമുകളുടെ മുൻ താരങ്ങളും ആരാധകരുമെല്ലാം മെസി ലോകകപ്പ് ഉയർത്തണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതിൽ ഫൈനലിൽ അർജന്റീനയുടെ എതിരാളികളായ ഫ്രാൻസിന്റെ മുൻ താരങ്ങൾ വരെയുണ്ടെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.

കഴിഞ്ഞ ദിവസം ഫ്രാൻസിനൊപ്പം ലോകകപ്പ് നേടിയിട്ടുള്ള മുൻ താരം ഡേവിഡ് ട്രെസഗെ ലയണൽ മെസി കിരീടം നേടണമെന്നാണ് പറഞ്ഞത്. “ഞാനിത് തുടർന്നു കൊണ്ടിരിക്കും. ഇത് താരത്തിന്റെ അവസാനത്തെ ലോകകപ്പാണെന്ന് ഞാൻ വൈകാരികമായി തന്നെ കാണുന്നു. ലിയോ ചാമ്പ്യൻ പട്ടം അർഹിക്കുന്നു. ആളുകളെ സ്വപ്‌നം കാണാൻ പഠിപ്പിക്കുന്ന താരമാണ് അദ്ദേഹം. ഇതു പക്ഷെ കിരീടം നിലനിർത്താനുള്ള ഫ്രാൻസിന്റെ ആഗ്രഹത്തെ ഇല്ലാതാക്കുന്നില്ല.”

“ഫ്രാൻസ് ലോകചാമ്പ്യന്മാരായാണ് വരുന്നത്. പ്രായമാണ് ഇതിലെ വ്യത്യാസം. ലിയോ കരിയറിന്റെ അവസാനത്തിൽ നിൽക്കുന്നു, ഇപ്പോൾ തുടങ്ങിയ എംബാപ്പെ എല്ലാ റെക്കോർഡുകളും സ്വന്തമാക്കും. പിഎസ്‌ജിയിൽ അവർ മികച്ച ജോഡികളാണ്. അർജന്റീന മെസിക്ക് വേണ്ടി കളിക്കുന്നു, എല്ലാം മെസിയിലൂടെ കടന്നു പോകുന്നു. ഇത് ഞാൻ ഒരിക്കലും ആഗ്രഹിക്കാത്ത ഒന്നാണെങ്കിലും ഈ ഫൈനൽ മികച്ചതായിരിക്കും.” ഫ്രാൻസിൽ ജനിച്ച് അർജന്റീനയിൽ വളർന്ന ട്രെസഗെ പറഞ്ഞു.

“ഇതിനു പുറമെ മുൻ ഫ്രാൻസ് താരമായ ആന്ദ്രേ പിയറി ഗിഗ്നാകും മെസി കിരീടം ഉയർത്തണമെന്നു പറഞ്ഞു. “അർജന്റീനയിൽ ഉള്ളവർക്ക് മെസിക്കായി കിരീടം നേടണമെന്ന ആഗ്രഹം ഉണ്ടായിരിക്കും. ഞാൻ ഫ്രാൻസിൽ നിന്നുമാണ്. എനിക്കും മെസി കിരീടം നേടണമെന്നാണ് ആഗ്രഹം. കാരണം താരത്തിന്റെ കരിയർ അതർഹിക്കുന്നു.” മെക്‌സിക്കൻ ക്ലബായ ടൈഗ്രസിനായി കളിക്കുന്ന ഗിഗ്നാക് പറഞ്ഞു.

1998ൽ ഫ്രാൻസിനൊപ്പം കിരീടം നേടിയ ട്രെസഗെയും 2010 ലോകകപ്പിലും 2016 യൂറോ കപ്പിലും ഫ്രഞ്ച് ടീമിനെ പ്രതിനിധീകരിച്ച ഗിഗ്നാക്കും ലയണൽ മെസിയെ പിന്തുണക്കുമ്പോൾ തന്നെ മനസിലാക്കാം സ്വന്തം രാജ്യത്തെക്കാൾ മെസിയെ സ്നേഹിക്കുന്ന നിരവധിയാളുകൾ ഈ ലോകത്തുണ്ടെന്ന്. അത് ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് മെസി എന്നതു കൊണ്ടു തന്നെയാണ്.

ArgentinaDavid TrezeguetFranceGignacLionel MessiQatar World Cup
Comments (0)
Add Comment