ചെൽസിയും വെസ്റ്റ് ഹാമും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ രണ്ടു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയാണ് ഉണ്ടായത്. ആദ്യപകുതിയിൽ തന്നെ ചെൽസിയുടെ രണ്ടു ഗോളുകൾ ഓഫ്‌സൈഡ് വിധിക്കപ്പെട്ടപ്പോൾ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിലെത്തിയ എൻസോയുടെ അസിസ്റ്റിൽ ഫെലിക്‌സാണ് ചെൽസിയെ മുന്നിലെത്തിച്ചത്. എന്നാൽ ആദ്യപകുതിയിൽ തന്നെ എമേഴ്‌സൺ വെസ്റ്റ് ഹാമിനെ ഒപ്പമെത്തിച്ചു.
മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഒരു വിവാദവും ഉണ്ടായിരുന്നു. ചെൽസി താരം കോണർ ഗല്ലാഗർ ബോക്‌സിന് വെളിയിൽ നിന്നും എടുത്ത ഷോട്ട് പോസ്റ്റിന്റെ താഴേ മൂലയിലേക്ക് പോവുകയായിരുന്നു. എന്നാൽ അത് തടുക്കാൻ ചാടിയ വെസ്റ്റ് ഹാം താരം സൂസക്കിന്റെ ദേഹത്ത് തട്ടി അത് പുറത്തു പോയി. വീഡിയോ ദൃശ്യങ്ങളിൽ സൂസക്കിന്റെ കയ്യിൽ തട്ടിയാണ് പന്ത് പുറത്തേക്ക് പോയതെന്ന് വ്യക്തമായിട്ടും പെനാൽറ്റി അനുവദിക്കാൻ വീഡിയോ റഫറിയും തയ്യാറായില്ല.
മത്സരത്തിന് ശേഷം ഇതിന്റെ പേരിൽ വിവാദങ്ങൾ ഉണ്ടായിരുന്നു. മെയിൻ റഫറിയുടെ തീരുമാനത്തിൽ വീഡിയോ റഫറി ഇടപെടാൻ തയ്യാറാവാതിരുന്നതാണ് ഏവർക്കും അത്ഭുതമായത്. സംഭവത്തെ വിശകലനം ചെയ്‌ത മുൻ റഫറിയായ പീറ്റർ വാൾട്ടൻ അതൊരു ക്ലിയർ പെനാൽറ്റിയാണെന്നാണ് പറഞ്ഞത്. പന്ത് പോകുന്ന ദിശയിലേക്ക് സൂസക്ക് പന്ത് കൊണ്ട് വന്നത് മനഃപൂർവമാണെന്നും അത് പെനാൽറ്റി അനുവദിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Tomas Soucek. https://t.co/1jdH2D5SLM pic.twitter.com/WfENv2lQv1
— Chelsea FC (@ChelseaFC) February 11, 2023
സംഭവം നടന്നതിന് പിന്നാലെ റഫറിയുടെ തീരുമാനത്തെ കളിയാക്കി ചെൽസി ട്വിറ്ററിൽ സ്റ്റാറ്റസ് ഇട്ടിരുന്നു. ഗല്ലാഗറിന്റെ ഷോട്ട് തോമസ് സൂസക്ക് തടുത്തിട്ടു എന്നാണു ചെൽസി ട്വിറ്ററിൽ കുറിച്ചത്. പെനാൽറ്റി ലഭിച്ചിരുന്നെങ്കിൽ വിജയം നേടി പോയിന്റ് മെച്ചപ്പെടുത്താൻ ചെൽസിക്ക് കഴിയുമായിരുന്നു. നിലവിൽ 22 മത്സരങ്ങളിൽ നിന്നും 31 പോയിന്റ് മാത്രം സ്വന്തമാക്കി പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ഒൻപതാം സ്ഥാനത്താണ് ചെൽസി നിൽക്കുന്നത്.