ഖത്തർ ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ ഒന്നായിരുന്നു എങ്കിലും ഫ്രാൻസിന്റെ ഗോൾകീപ്പറായിരുന്ന ഹ്യൂഗോ ലോറിസിന് അത് ഓർക്കാൻ രസമുള്ള ഒന്നല്ല. മത്സരത്തിൽ മൂന്നു ഗോളുകൾ വഴങ്ങിയ ലോറിസ് അതിനു ശേഷം നടന്ന ഷൂട്ടൗട്ടിൽ ഒരു കിക്ക് ഒരു പോലും തടുത്തിട്ടില്ല. അതേസമയം ഒരു കിക്ക് തടുത്തിടുകയും മറ്റൊരു കിക്ക് പുറത്തേക്ക് പോകാൻ കാരണമാവുകയും ചെയ്ത എമിലിയാനോ മാർട്ടിനസ് അർജന്റീനയുടെ ഹീറോയായി.
ഖത്തർ ലോകകപ്പിന് ശേഷം ദേശീയടീമിൽ നിന്നും വിരമിച്ച ലോറീസിന് പകരം ഇപ്പോൾ മൈക്ക് മൈഗ്നനാണ് ടീമിന്റെ ഒന്നാം നമ്പർ ഗോൾകീപ്പർ. ഹോളണ്ടിനും അയർലണ്ടിനും എതിരെയുള്ള യൂറോ കപ്പ് യോഗ്യത മത്സരങ്ങളിൽ കളിച്ച താരത്തിന്റെ മിന്നും പ്രകടനമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ലോകകപ്പിൽ പരിക്ക് കാരണം കളിക്കാതിരുന്ന മൈഗ്നൻ ടീമിൽ ഉണ്ടായിരുന്നെങ്കിൽ ഫൈനലിൽ ഫ്രാൻസിനെ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നാണ് ആരാധകർ പറയുന്നത്.
World Class Save from Mike Maignan 👏🤯 pic.twitter.com/JE7nwpKVxo
— Goalkeepers Anonymous (@goalkeepersanon) March 27, 2023
ഹോളണ്ടിനെതിരെ ഫ്രാൻസ് നാല് ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിൽ അവസാന മിനിറ്റുകളിൽ മെംഫിസ് ഡീപേയ് എടുത്ത പെനാൽറ്റി മൈഗ്നൻ രക്ഷപ്പെടുത്തിയിരുന്നു. ഇതിനു പുറമെ കഴിഞ്ഞ ദിവസം അയർലണ്ടിനെതിരെ ഫ്രാൻസ് ഒരു ഗോളിന്റെ വിജയം നേടിയ മത്സരത്തിൽ അവസാനനിമിഷത്തിൽ ഒരു ഹെഡർ മികച്ച റിഫ്ലെക്സോടെയാണ് താരം തട്ടി മാറ്റിയത്. പവാർഡ് നേടിയ ഗംഭീരഗോളിന് പുറമെ ഫ്രാൻസിന്റെ വിജയത്തിൽ പ്രധാന പങ്കു വഹിച്ചത് ആ സേവുമായിരുന്നു.
🦅 Maignan saved a penalty for France earlier this evening 👏
— SempreMilan 🏆 (@SempreMilanCom) March 24, 2023
🎥 @Peppe3112_pic.twitter.com/H4qfsnTEzh
ഇരുപത്തിയേഴുകാരനായ മൈക്ക് മൈഗ്നൻ ഇറ്റാലിയൻ ക്ലബായ എസി മിലാനിൽ ആണ് കളിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണിൽ സീരി എ കിരീടം നേടാൻ മിലാനെ സഹായിച്ച താരം ലീഗിലെ മികച്ച ഗോൾകീപ്പറായിരുന്നു. ലോകകപ്പിൽ കളിച്ചിരുന്നെങ്കിൽ ലോറിസിനെ മറികടന്ന് ടീമിലെ ഒന്നാം നമ്പർ ഗോളിയായി താരം മാറാൻ സാധ്യതയുണ്ടായിരുന്നെങ്കിലും പരിക്ക് വില്ലനായി. മൈഗ്നൻ ഇപ്പോൾ നടത്തുന്ന പ്രകടനം അടുത്ത വർഷം നടക്കുന്ന യൂറോ കപ്പിൽ ടീമിന് പ്രതീക്ഷ നൽകുന്ന ഒന്നാണ്.