ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ച് വളരെ നിരാശപ്പെടുത്തിയ സീസണാണ് ഇത്തവണത്തേത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരങ്ങൾ കുറഞ്ഞ താരത്തിനു പകരക്കാരുടെ ബെഞ്ചിലായിരുന്നു സ്ഥാനം. ക്ലബിനെതിരെ വിമർശനം നടത്തിയതിനെ തുടർന്ന് കരാറും റദ്ദാക്കപ്പെട്ടു. ലോകകപ്പിൽ ഇതിന്റെ ക്ഷീണം മാറ്റാമെന്നു കരുതിയപ്പോൾ ആകെ ഒരു ഗോൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. ഗ്രൂപ്പ് ഘട്ടത്തിനു ശേഷം പോർച്ചുഗൽ ടീമിലും പകരക്കാരനായി മാറിയതിന് പിന്നാലെ പോർച്ചുഗൽ ക്വാർട്ടർ ഫൈനലിൽ പുറത്താവുകയും ചെയ്തു.
ആരെക്കാൾ മികച്ചതാണെന്നു തെളിയിക്കാൻ വേണ്ടിയാണോ താൻ ഇത്രയും കാലം ശ്രമിച്ചിരുന്നത് ആ താരം ലോകകപ്പ് കിരീടം സ്വന്തമാക്കുന്നതും കരിയറിന്റെ പൂർണത നേടുന്നതും കാണേണ്ടി വന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ റയൽ മാഡ്രിഡിന്റെ ട്രെയിനിങ് ഗ്രൗണ്ടിൽ പരിശീലനം നടത്തുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു ഫ്രീ ഏജന്റായ താരത്തിന് ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ പുതിയൊരു ക്ലബ്ബിനെ കണ്ടെത്തുകയാണ് ലക്ഷ്യം. എന്നാൽ അവിടെയും താരത്തെ കാത്തിരിക്കുന്നത് നിരാശ തന്നെയാണ്.
Jorge Mendes is yet to find him a potential home in Europe.https://t.co/Kt44eMQNMN
— Football España (@footballespana_) December 21, 2022
സ്പാനിഷ് മാധ്യമമായ മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം ഫ്രീ ഏജന്റാണെങ്കിലും റൊണാൾഡോക്കായി ഇതു വരെയും ഒരു യൂറോപ്യൻ ക്ലബും രംഗത്തു വന്നിട്ടില്ല. ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ഏതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറണമെന്ന് ആഗ്രഹിക്കുന്ന താരത്തിന്റെ ആഗ്രഹം ജനുവരിയിൽ നടപ്പിലാക്കുമോ എന്ന കാര്യം സംശയത്തിലാണ്. നിലവിൽ ഒരേയൊരു ക്ലബ് മാത്രമേ റൊണാൾഡോക്കായി ഓഫർ മുന്നോട്ടു വെച്ചിട്ടുള്ളൂ. അത് സൗദി ക്ലബായ അൽ നാസറാണ്. ചരിത്രത്തിലെ തന്നെ ഏറ്റവുമുയർന്ന തുകയാണ് അൽ നാസർ റൊണാൾഡോക്ക് ഓഫർ ചെയ്തിരിക്കുന്നത്.
ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ റൊണാൾഡോക്കായി ഓഫറുകൾ വരാനുള്ള സാധ്യതയുണ്ടെങ്കിലും താരം ആഗ്രഹിക്കുന്നതു പോലൊരു ക്ലബ് വരുമോയെന്നത് സംശയമാണ്. യൂറോപ്പിലെ പ്രമുഖ ക്ലബുകൾ റൊണാൾഡോക്കു നേരെ സമ്മർ ജാലകത്തിൽ തന്നെ മുഖം തിരിച്ചതാണ്. താരത്തിന്റെ ഉയർന്ന പ്രതിഫലം, റൊണാൾഡോ ടീമിലെത്തിയാൽ ശൈലി മാറ്റേണ്ടി വരുന്ന സാഹചര്യം എന്നിവയെല്ലാമാണ് ഇതിനു കാരണം. അതിനാൽ തന്നെ റൊണാൾഡോയുടെ യൂറോപ്യൻ കരിയറിന് വളരെ നിരാശപ്പെടുന്ന തരത്തിലുള്ള രീതിയിൽ അവസാനമാകാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.