ഐഎസ്എൽ ക്ലബുകളിൽ വലിയ മാറ്റമുണ്ടാക്കുന്ന തീരുമാനങ്ങൾ വരുന്നു, കേരള ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ളവർക്ക് ഗുണം ചെയ്യും | ISL

ഇന്ത്യൻ സൂപ്പർ ലീഗ് പത്താമത്തെ സീസണാണ് നടന്നു കൊണ്ടിരിക്കുന്നത്. തുടക്കത്തിൽ എട്ടു ടീമുകൾ മാത്രം ഉണ്ടായിരുന്ന ലീഗിൽ ഇപ്പോൾ പന്ത്രണ്ടു ടീമുകളാണ് കിരീടത്തിനായി കളിക്കുന്നത്. തുടങ്ങിയ സീസണിൽ നിന്നും ഇപ്പോഴത്തെ സീസണിലേക്ക് എത്തുമ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിന്റെ നിലവാരത്തിൽ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

അതിനിടയിൽ അടുത്ത സീസൺ മുതൽ ഇന്ത്യൻ സൂപ്പർ ലീഗിൽ വലിയൊരു മാറ്റം വരുത്താൻ സംഘാടകരായ ഫുട്ബോൾ സ്പോർട്ട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് തീരുമാനിച്ചുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആദ്യത്തെ സീസൺ ആരംഭിക്കുമ്പോൾ ക്ലബുകളുമായി വെച്ച കരാർ ഈ സീസണോടെ അവസാനിക്കാനിരിക്കെയാണ് പുതിയ മാറ്റങ്ങൾ വരുത്താൻ സംഘാടകർ ഒരുങ്ങുന്നത്.

നേരത്തെ ഐഎസ്എല്ലിൽ ക്ലബുകൾക്ക് ഭാഗമാകാൻ വലിയൊരു തുക ഫ്രാഞ്ചൈസി ഫീസ് നൽകണമായിരുന്നു. എന്നാൽ അടുത്ത സീസൺ മുതൽ അതിൽ മാറ്റം വരുത്തി ക്ലബുകളുടെ വരുമാനത്തിൽ നിന്നും ഒരു നിശ്ചിത ശതമാനം സംഘാടകർക്ക് നൽകുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറും. ഐഎസ്എൽ തുടങ്ങുന്ന സമയത്ത് ഉണ്ടായിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള ക്ലബുകൾക്കാണ് ഈ മാറ്റം ബാധകമാവുക.

ബെംഗളൂരു എഫ്‌സി, ജംഷഡ്‌പൂർ എഫ്‌സി, ഈസ്റ്റ് ബംഗാൾ, പഞ്ചാബ് എഫ്‌സി എന്നിങ്ങനെ പിന്നീട് ലീഗിലേക്ക് വന്ന ക്ലബുകൾക്ക് ഈ മാറ്റം ബാധകമാകില്ല. അതേസമയം വരുമാനം ഷെയർ ചെയ്യുന്നതുമായി ബന്ധപ്പെട്ട പുതിയ മോഡലിന് അന്തിമരൂപം ആയി വരുന്നതേയുള്ളൂ. ഇതിന്റെ ഔദ്യോഗികമായ പ്രഖ്യാപനം എന്നുണ്ടാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല.

ഐഎസ്എൽ ക്ലബുകൾ പലപ്പോഴും സാമ്പത്തികപ്രതിസന്ധിയെ നേരിടാറുണ്ടെന്നതിനാൽ ഇതൊരു നല്ല നീക്കമായാണ് കരുതേണ്ടത്. ഫ്രാഞ്ചൈസി ഫീയായി നൽകേണ്ട തുക ക്ലബുകൾക്ക് വലിയൊരു ബാധ്യതയാണെന്ന് നേരത്തെ തന്നെ പലരും സൂചിപ്പിച്ചിട്ടുണ്ട്. പുതിയ മാറ്റം വരുന്നതോടെ ക്ലബുകൾക്ക് സാമ്പത്തിക സുസ്ഥിരത കൈവരിക്കാനും കൂടുതൽ വരുമാനമുണ്ടാക്കാനുമുള്ള അവസരമൊരുങ്ങും.

FSDL Exploring Revenue Sharing Model For ISL Clubs

FSDLIndian Super LeagueISLKerala Blasters
Comments (0)
Add Comment