അർജന്റീന താരം സ്റ്റേഡിയം വിട്ടത് ക്രച്ചസിൽ, സൗഹൃദമത്സരങ്ങളിൽ കളിക്കുമെന്ന കാര്യം ആശങ്കയിൽ

ഖത്തർ ലോകകപ്പിന് ശേഷം അർജന്റീന ആദ്യമായി മത്സരങ്ങൾ കളിക്കാൻ പോവുകയാണ് ഈ മാസം. ലോകകപ്പ് നേട്ടം സ്വന്തം രാജ്യത്തെ ആരാധകർക്ക് മുന്നിൽ ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സൗഹൃദമത്സരങ്ങളിൽ ചെറിയ ടീമുകളായ പനാമയും കുറകാവോയുമാണ് അർജന്റീനയുടെ എതിരാളികൾ. മാർച്ച് ഇരുപത്തിമൂന്നിനു പനാമക്കെതിരെയും മാർച്ച് ഇരുപത്തിയെട്ടിന് കുറകാവോയോടും അർജന്റീന ഏറ്റുമുട്ടും.

സൗഹൃദമത്സരങ്ങൾക്കുള്ള അർജന്റീന സ്‌ക്വാഡിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. യുവതാരങ്ങൾക്കും പ്രാധാന്യം നൽകിയുള്ള സ്‌ക്വാഡിലെ ഒരു ആകർഷണമായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ അലസാൻഡ്രോ ഗർനാച്ചോ. നേരത്തെ സ്‌ക്വാഡിൽ ഇടം നേടിയിട്ടുണ്ടെങ്കിലും അർജന്റീനക്കായി ഇതുവരെ കളിച്ചിട്ടില്ലാത്ത താരത്തിന് അരങ്ങേറ്റത്തിന് അവസരം ലഭിക്കുമെന്ന് ഏവരും കരുതി. എന്നാൽ അത് നടക്കാനുള്ള സാധ്യതയില്ലെന്നാണ് ആരാധാരുടെ ആശങ്ക.

കഴിഞ്ഞ ദിവസം സൗത്താംപ്റ്റനുമായി നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ഗർനാച്ചോ പകരക്കാരനായി ഇറങ്ങിയിരുന്നു. ഈ മത്സരത്തിന് ശേഷം താരം സ്റ്റേഡിയം വിട്ടത് ക്രെച്ചസിൽ പ്രൊട്ടക്റ്റീവ് ബൂട്ടുകൾ ധരിച്ചാണ്. താരത്തിന് ഗുരുതരമായ പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് ഇതു വ്യക്തമാക്കുന്നത്. മത്സരത്തിന്റെ എൺപത്തിയഞ്ചാം മിനുട്ടിൽ സൗത്താംപ്ടൺ താരം ബോക്‌സിനുള്ളിൽ വെച്ച് നടത്തിയ ഒരു ടാക്കിളാണ് താരത്തിന് പരിക്ക് പറ്റാൻ കാരണമെന്നാണ് വ്യക്തമാകുന്നത്. തൊണ്ണൂറാം മിനുട്ടിൽ താരത്തെ ടെൻ ഹാഗ് പിൻവലിക്കുകയും ചെയ്‌തിരുന്നു.

മുൻകരുതലിന്റെ ഭാഗമായാണ് അർജന്റീന താരത്തെ പിൻവലിച്ചതെന്ന ടെൻ ഹാഗിന്റെ വാക്കുകൾ ആരാധകർക്ക് പ്രതീക്ഷ നൽകുന്നതാണെങ്കിലും താരം മൈതാനം വിട്ട രീതി ആശങ്കയുണ്ടാക്കുന്നതു തന്നെയാണ്. ഈ സീസണിൽ തിളക്കമാർന്ന പ്രകടനം നടത്തുന്ന ഗർനാച്ചോ അർജന്റീനക്കായി ഇറങ്ങാൻ കാത്തിരുന്ന ആരാധകരെയും ഇത് നിരാശരാക്കുന്നുണ്ട്. എന്നാൽ അടുത്ത ദിവസങ്ങളിലെ ഇതിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.

Alejandro GarnachoArgentinaManchester United
Comments (0)
Add Comment