ചാമ്പ്യൻസ് ലീഗ് മത്സരങ്ങളെക്കാൾ ആവേശം നൽകിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡും ബാഴ്സലോണയും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന യൂറോപ്പ ലീഗ് പ്ലേ ഓഫ് മത്സരം സമാപിച്ചത്. ആദ്യപാദത്തിൽ രണ്ടു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞ മത്സരത്തിന്റെ രണ്ടാം പാദത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയം നേടിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗ് പ്രീ ക്വാർട്ടർ ഘട്ടത്തിലേക്ക് മുന്നേറിയത്.
കളിക്കളത്തിലെ ആവേശത്തിനൊപ്പം തന്നെ കളിക്കളത്തിനു പുറത്തു സോഷ്യൽ മീഡിയയിലും താരങ്ങൾ തമ്മിലും ചെറിയ രീതിയിൽ വാക്പോര് നടന്നിരുന്നു. മത്സരത്തിന് ശേഷം അർജന്റീന താരം അലസാൻഡ്രോ ഗർനാച്ചോ ഇട്ട പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ബാഴ്സലോണയെയും ക്ലബിന്റെ മധ്യനിര താരമായ പെഡ്രിയെയും ട്രോളിയാണ് അർജന്റീന താരം കൂടിയായ ഗർനാച്ചോ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്.
Pasa de ronda el equipo grande pic.twitter.com/X4QcV8LlHX
— Alejandro Garnacho (@agarnacho7) February 23, 2023
മത്സരത്തിൽ അവസാനത്തെ ഇരുപത്തിമൂന്നു മിനുട്ട് മാത്രം കളിക്കാനിറങ്ങിയ അർജന്റീന താരം അതിനു ശേഷമിട്ട പോസ്റ്റിനു ക്യാപ്ഷനായി നൽകിയിരിക്കുന്നത് മികച്ച ടീമുകൾ അടുത്ത ഘട്ടത്തിലേക്ക് മുന്നേറുമെന്നാണ്. ബാഴ്സലോണ മികച്ച ടീമല്ലെന്ന രീതിയിൽ കളിയാക്കുന്ന ഈ പോസ്റ്റിൽ താരമിട്ട ചിത്രം പെഡ്രിയെയും കളിയാക്കുന്നതാണ്. പെഡ്രി ഗോളുകൾ നേടിയാൽ നടത്തുന്ന ബൈനോക്കുലർ സെലിബ്രെഷൻ അനുകരിക്കുന്ന ചിത്രം ഗർനാച്ചോ അതിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
dissing a player that wasn't even on the field is the lowest thing a footballer can do. shame on him lol, garnacho can't even qualify Argentina to world cup u20 while pedri already play in senior Spain national team. pedri's right foot clear bigger than garnacho's whole career pic.twitter.com/y11RSa8miY
— z (@wufonedirection) February 24, 2023
അതേസമയം യാതൊരു പ്രകോപനവും ഇല്ലാതെ പെഡ്രിയെ കളിയാക്കിയ അർജന്റീന താരത്തിനെതിരെ വിമർശനം ഉയരുന്നുണ്ട്. പതിനെട്ടു വയസുള്ള ഗർനാച്ചോയുടെ പ്രായത്തിൽ ഗോൾഡൻ ബോയ് അവാർഡും കോപ്പ ട്രോഫിയും സ്വന്തമാക്കിയ താരമാണ് പെഡ്രി. ബാഴ്സലോണക്കൊപ്പം രണ്ടു കിരീടങ്ങൾ സ്വന്തമാക്കിയ പെഡ്രി ഭാവിയിലെ ഏറ്റവും മികച്ച മധ്യനിര താരമായാണ് കരുതപ്പെടുന്നത്. ഇന്നലത്തെ മത്സരത്തിൽ കളിക്കാതിരുന്ന പെഡ്രിയുമായി താരതമ്യം ചെയ്യുമ്പോൾ കാര്യമായി ഒരു നേട്ടവും സ്വന്തമാക്കാത്ത താരം കൂടിയാണ് ഗർനാച്ചോ.