“പിഎസ്‌ജിയിൽ തുടരാൻ വേണ്ടി മെസി അർജന്റീന ടീമിൽ നിന്നും വിരമിക്കണം”

ഖത്തർ ലോകകപ്പിനു പിന്നാലെ ലയണൽ മെസി പിഎസ്‌ജി കരാർ പുതുക്കും എന്നാണു പ്രതീക്ഷിച്ചതെങ്കിലും ഇതുവരെയും അതുണ്ടായിട്ടില്ല. കരാർ പുതുക്കാനുള്ള ചർച്ചകൾ ഇപ്പോഴും എവിടെയും എത്താതെ നിൽക്കുകയാണ്. അതിനിടയിൽ ലയണൽ മെസി ബാഴ്‌സലോണയിലേക്ക് വന്നത് താരം മുൻ ക്ലബ്ബിലേക്ക് തിരിച്ചു വരുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പരിശീലകൻ സാവി ഹെർണാണ്ടസ് മെസിയെ ബാഴ്‌സയിലേക്ക് സ്വാഗതം ചെയ്യുകയുമുണ്ടായി.

അതിനിടയിൽ ലയണൽ മെസി പിഎസ്‌ജി കരാർ പുതുക്കണമെങ്കിൽ അർജന്റീന ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കേണ്ടി വരുമെന്ന വിചിത്രമായ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുകയാണ് ബാഴ്‌സലോണയുടെയും പിഎസ്‌ജിയുടെയും മുൻ താരമായ ലുഡോവിക് ജിയൂലി. ചാമ്പ്യൻസ് ലീഗ് അടക്കമുള്ള കിരീടങ്ങൾ ലക്‌ഷ്യം വെച്ചു കൊണ്ടു മുന്നോട്ടു പോകുന്ന പിഎസ്‌ജിയിൽ മികച്ച പ്രകടനം നടത്താൻ അർജന്റീനക്കൊപ്പമുള്ള മത്സരങ്ങൾ മെസി ഒഴിവാക്കുകയാണ് നല്ലതെന്നാണ് അദ്ദേഹം പറയുന്നത്.

“ലിയോയ്ക്ക് ഇനി എല്ലാ മത്സരങ്ങളും കളിക്കാൻ കഴിഞ്ഞേക്കില്ല. ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് മുമ്പ് വിശ്രമം ആവശ്യമായി വരും, മൂന്നു മത്സരങ്ങൾ കഴിഞ്ഞാൽ ഒരെണ്ണത്തിലെങ്കിലും വിശ്രമം വേണ്ടി വരും. ” മുൻ പിഎസ്‌ജിയും ബാഴ്‌സ ഫോർവേഡും ലെ പാരീസിയനോട് പറഞ്ഞു. “അർജന്റീനയ്‌ക്കൊപ്പം കളിക്കാൻ ലിയോക്ക് ആഗ്രഹമുള്ളത് ഒരു പ്രശ്‌നമാകാം. ഒരു നിശ്ചിത പ്രായത്തിന് ശേഷം, ദീർഘദൂര യാത്രകൾ വലിയ ക്ഷീണം നൽകും. അർജന്റീനയിൽ നിന്നും അദ്ദേഹം വിരമിക്കണമെന്ന് പറയില്ലെങ്കിലും അതേക്കുറിച്ച് നമുക്ക് സംസാരിക്കേണ്ടി വരും.” താരം പറഞ്ഞു.

ലോകകപ്പിന് മുൻപ് താരത്തിന് ആവശ്യമായ വിശ്രമം നൽകി കൃത്യമായി മുന്നോട്ടു പോയതാണ് കിരീടം നേടാൻ കാരണമായതെന്നും ജിയൂലി പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച താരമായ ലയണൽ മെസിയെ കൃത്യമായി കൈകാര്യം ചെയ്‌താൽ ഇനിയും മികച്ച പ്രകടനം താരത്തിൽ നിന്നും വരുമെന്നും അദ്ദേഹം വ്യക്തമാക്കി. മാർക്കറ്റിങ് സംബന്ധമായ കാര്യങ്ങളല്ല താൻ പറയുന്നതെന്നും മെസിയെ ഒപ്പം നിലനിർത്തുകയാണ് പിഎസ്‌ജിക്ക് നല്ലതെന്നും താരം കൂട്ടിച്ചേർത്തു.

ArgentinaLionel MessiLudovic GiulyPSG
Comments (0)
Add Comment