ഡ്യൂറണ്ട് കപ്പിലെ കേരള ഡെർബിയിൽ ബ്ലാസ്‌റ്റേഴ്‌സിനെ തകർത്ത് ഗോകുലം കേരള. പന്തടക്കത്തിലും ആക്രമണത്തിലും കേരള ബ്ലാസ്റ്റേഴ്‌സാണ് മുന്നിൽ നിന്നതെങ്കിലും ലഭിച്ച അവസരങ്ങൾ കൃത്യമായി മുതലെടുത്ത ഗോകുലം കേരള മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് വിജയം നേടിയത്. ആദ്യമത്സരത്തിൽ തന്നെ തോൽവി വഴങ്ങിയതോടെ അടുത്ത രണ്ടു മത്സരങ്ങളും ബ്ലാസ്റ്റേഴ്‌സിന് നിർണായകമായി.
മത്സരത്തിന്റെ തുടക്കത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റങ്ങൾ സംഘടിപ്പിച്ചെങ്കിലും അമിനൂ ബൂബ ഗോകുലത്തെ പതിനാറാം മിനുട്ടിൽ മുന്നിലെത്തിച്ചു. ഒരു കോർണറിൽ നിന്നുള്ള താരത്തിന്റെ ടവറിങ് ഹെഡറിനെ തടയാൻ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് കഴിയാതെ വന്നപ്പോൾ പന്ത് വലയിലെത്തി. അതിനു ശേഷം മുപ്പത്തിനാലാം മിനുട്ടിൽ ടീമിലെത്തിയ പുതിയ താരമായ ഇമ്മാനുവൽ ജസ്റ്റിന്റെ റീബൗണ്ട് ഗോളിൽ സമനില നേടിയ ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരവിന്റെ പ്രതീക്ഷകൾ നൽകി.
Gokulam Kerala FC beat Kerala Blasters FC by a solitary goal to ensure the bragging rights of the Kerala Derby! #DurandCup2023 #IFTWC pic.twitter.com/P9xal7ywXV
— IFTWC – Indian Football (@IFTWC) August 13, 2023
എന്നാൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചാണ് ആദ്യപകുതിയുടെ അവസാന മിനുട്ടുകൾ കടന്നു പോയത്. നാൽപത്തിമൂന്നാം മിനുട്ടിൽ ശ്രീക്കുട്ടൻ ഗോകുലം കേരളയുടെ രണ്ടാമത്തെ ഗോൾ നേടി. ഒരു ഹെഡറിലൂടെയാണ് താരം ഗോൾ കണ്ടെത്തിയത്. അതിനു ശേഷം ഇഞ്ചുറി ടൈമിൽ കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെയും ഗോൾകീപ്പറുടെയും ആശയക്കുഴപ്പത്തിൽ നിന്നും സാഞ്ചസ് മൂന്നാമത്തെ ഗോളും നേടിയാണ് ആദ്യപകുതി അവസാനിക്കുന്നത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ വീണ്ടും ബ്ലാസ്റ്റേഴ്‌സ് ഞെട്ടി. രണ്ടാം മിനുട്ടിൽ തന്നെ ഗോകുലം കേരള താരം അഭിജിത്തിന്റെ ലോങ്ങ് റേഞ്ചർ വല തുളച്ചു കയറി. അതോടെ മത്സരം ബ്ലാസ്റ്റേഴ്‌സ് പൂർണമായും കൈവിട്ടുവെന്നാണ് കരുതിയതെങ്കിലും മികച്ചൊരു മുന്നേറ്റത്തിൽ നിന്നും അൻപത്തിമൂന്നാം മിനുട്ടിൽ പ്രബീർ ദാസ് നേടിയ ഗോൾ ബ്ലാസ്റ്റേഴ്‌സിനു പ്രതീക്ഷ നൽകുന്നതായിരുന്നു.
കേരള ബ്ലാസ്റ്റേഴ്‌സിന് കൂടുതൽ പ്രതീക്ഷ നൽകിയാണ് എഴുപത്തിയാറാം മിനുട്ടിൽ ഹോർമിപാം ടീമിനായി ഒരു ഗോൾ കൂടി നേടുന്നത്. എന്നാൽ അതിനു ശേഷം ബ്ലാസ്റ്റേഴ്‌സ് നടത്തിയ മുന്നേറ്റങ്ങളെല്ലാം ഗോകുലം കേരള കൃത്യമായി തടഞ്ഞു നിർത്തി. ഡ്യുറന്റ് കപ്പിൽ ഗോകുലം കേരളയുടെ രണ്ടാമത്തെ വിജയമാണ്. കഴിഞ്ഞ മത്സരത്തിൽ അവർ മൂന്നു ഗോളിന് വിജയം നേടിയിരുന്നു.
Gokulam Kerala Beat Kerala Blasters In Durant Cup