ഇന്ത്യൻ ഫുട്ബോളിലെ തന്നെ പ്രധാനപ്പെട്ട ടൂർണമെന്റുകളിൽ ഒന്നായ ഹീറോ സൂപ്പർകപ്പ് ആരംഭിക്കാനിരിക്കെ എഐഎഫ്എഫിനെതിരെ പ്രതിഷേധവുമായി കേരളത്തിൽ നിന്നുള്ള ഐ ലീഗ് ക്ലബായ ഗോകുലം കേരളയുടെ ആരാധകക്കൂട്ടമായ ബറ്റാലിയ. സൂപ്പർകപ്പിന്റെ യോഗ്യത മത്സരങ്ങൾ കൃത്യമായി ടെലികാസ്റ്റ് ചെയ്യപ്പെട്ടില്ലെന്നും തങ്ങളുടെ മത്സരങ്ങൾ രാത്രിയിൽ നടത്തുന്നില്ലെന്നതുമാണ് പ്രതിഷേധത്തിന് കാരണം.
ഗോകുലം കേരളയടക്കം പല ഐ ലീഗ് ക്ലബുകളും സൂപ്പർ കപ്പിന്റെ യോഗ്യത മത്സരങ്ങൾ കളിച്ചിരുന്നെങ്കിലും അവയൊന്നും ടെലികാസ്റ്റ് ചെയ്യപ്പെട്ടിരുന്നില്ല. അതേസമയം മുംബൈ സിറ്റി എഫ്സിയും ജംഷഡ്പൂരും തമ്മിൽ നടന്ന പ്ലേ ഓഫ് മത്സരം ടെലികാസ്റ്റ് ചെയ്തുവെന്നും ഇത് ഐ ലീഗ് ക്ളബുകളോടുള്ള അവഗണനയാണെന്ന് ബറ്റാലിയ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തു വിട്ട കുറിപ്പിൽ വ്യക്തമാക്കുന്നു.
Battalia Official Statement#BattaliaGKFC #GKFC #Malabarians #IndianFootball #HeroSuperCup pic.twitter.com/21z61oxKbm
— Battalia Gokulam Kerala FC (@battalia_gkfc) April 6, 2023
ടെലികാസ്റ്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതിനു ശേഷവും അത് ചെയ്തില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇതിനു പുറമെ തങ്ങളുടെ ഹോം ഗ്രൗണ്ടിൽ കൂടി നടക്കുന്ന ഹീറോ സൂപ്പർകപ്പിൽ ഗോകുലം കേരളയുടെ ഒരു മത്സരം പോലും രാത്രി നടക്കുന്നില്ലെന്നതും അവർ ചൂണ്ടിക്കാട്ടുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ എല്ലാ മത്സരങ്ങളും അഞ്ചു മണിക്കാണ് ഷെഡ്യൂൾ ചെയ്തതെന്നും ഇത് ആരാധകർ മത്സരങ്ങൾക്ക് എത്തുന്നതിന് തടസമുണ്ടാക്കുമെന്നും അവർ പറഞ്ഞു.
അതിനു പുറമെ ഐ ലീഗ് മത്സരങ്ങൾ നടത്തുന്ന രീതിയെക്കുറിച്ചും എഐഎഫ്എഫിനോട് ഇവർ പരാതിപ്പെട്ടു. രാത്രിയിൽ മത്സരങ്ങൾ നടക്കുന്നില്ല എന്നതിന് പുറമെ ഉച്ചക്ക് രണ്ടു മണിക്കും വൈകുന്നേരം നാലരക്കും മത്സരങ്ങൾ നടത്തുന്നത് ശരിയല്ലെന്നാണ് ആരാധകക്കൂട്ടം പറയുന്നത്. ഇതിനു പുറമെ ലേറ്റ് ഷെഡ്യൂളിങ് അടക്കമുള്ള നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ ഫുട്ബോളിനെ വളർത്താൻ വേണ്ടി വലിയൊരു പദ്ധതി ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ തയ്യാറാക്കി അതുമായി മുന്നോട്ടു പോകാൻ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇതുപോലെയുള്ള കാര്യങ്ങളും അവർ ശ്രദ്ധിക്കണമെന്നും എങ്കിൽ മാത്രമേ ഫുട്ബോളിന് കൂടുതൽ സ്വീകാര്യത ലഭിക്കൂവെന്നും അടിസ്ഥാന കാര്യങ്ങൾ മറന്നു പോകരുതെന്നും അവർ വ്യക്തമാക്കുന്നു.
Content Highlights: Gokulam Kerala Fans Slams AIFF About Hero Super Cup Schedule