ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് നടത്തുന്ന മോശം പ്രകടനം ആരാധകർക്ക് വലിയ നിരാശയാണ് നൽകുന്നത്. സീസണിന്റെ ആദ്യത്തെ പകുതി കഴിഞ്ഞപ്പോൾ പ്രതീക്ഷ നൽകുന്ന പ്രകടനം നടത്തിയ ടീം പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തായിരുന്നു. എന്നാൽ സൂപ്പർ കപ്പ് മുതലിങ്ങോട്ട് ടീമിന്റെ പ്രകടനം താഴേക്ക് പോവുകയാണ്.
സൂപ്പർ കപ്പിൽ ആദ്യത്തെ മത്സരം മാത്രം വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ് അതിനു ശേഷം നടന്ന മത്സരങ്ങളിൽ തോൽവി വഴങ്ങി പുറത്തായിരുന്നു. അതിനു ശേഷം ഐഎസ്എൽ ആരംഭിച്ചപ്പോൾ നടന്ന രണ്ടു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങി. അതിലൊരെണ്ണം ഐഎസ്എൽ പോയിന്റ് ടേബിളിൽ അവസാനസ്ഥാനത്ത് കിടക്കുന്ന പഞ്ചാബ് എഫ്സിക്കെതിരെ സ്വന്തം മൈതാനത്ത് വഴങ്ങിയ തോൽവിയായിരുന്നു.
Catch a glimpse of the thrill! 🌟
️#gkfc #malabarians #indianfootball pic.twitter.com/1G5PnEHe4O
— Gokulam Kerala FC (@GokulamKeralaFC) February 13, 2024
കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിൽ മോശം പ്രകടനം നടത്തുമ്പോൾ കേരളത്തിലെ മറ്റൊരു പ്രധാന ക്ലബായ ഗോകുലം കേരള ഐ ലീഗിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. ഐ ലീഗിലെ ആദ്യ പകുതിയിലെ അവസാനത്തെ ആറു മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും വിജയം നേടാൻ കഴിഞ്ഞില്ലെങ്കിലും രണ്ടാം പകുതി ആരംഭിച്ചപ്പോൾ മറ്റൊരു ടീമിനെയാണ് കളിക്കളത്തിൽ കാണുന്നത്.
ഐ ലീഗ് രണ്ടാം പകുതി ആരംഭിച്ചതിനു ശേഷം ഇന്റർ കാശി, ഷില്ലോങ് ലജോങ് എന്നീ ടീമുകളെയാണ് ഗോകുലം കേരള നേരിട്ടത്. ഈ രണ്ടു ടീമുകളും മികച്ച പ്രകടനമാണ് ലീഗിൽ നടത്തിയിരുന്നത്. ഇന്റർ കാശിയെ അവരുടെ മൈതാനത്ത് രണ്ടിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കിയ ഗോകുലം കേരള അതിനു ശേഷം സ്വന്തം മൈതാനത്ത് ഷില്ലോങ്ങിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കും കീഴടക്കി.
നിലവിൽ പതിമൂന്നു മത്സരങ്ങളിൽ ഇരുപത്തിമൂന്നു പോയിന്റുമായി ഐ ലീഗ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ഗോകുലം കേരള. രണ്ടാം സ്ഥാനത്തുള്ള റിയൽ കശ്മീരിനും അതെ പോയിന്റാണുള്ളത്. അതേസമയം ബംഗാൾ ക്ലബായ മൊഹമ്മദൻ പതിനാലു മത്സരങ്ങളിൽ നിന്നും മുപ്പത്തിയൊന്നു പോയിന്റുമായി ഒന്നാം സ്ഥാനത്ത് നിൽക്കുന്നു.
ഐ ലീഗിൽ ഒന്നാം സ്ഥാനത്തു വരുന്ന ടീമുകൾക്ക് ഐഎസ്എല്ലിലേക്ക് നേരിട്ട് യോഗ്യത നേടാൻ കഴിയുമെന്നതിനാൽ വലിയ പോരാട്ടം നടക്കുന്നുണ്ട്. പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തും ഏഴാം സ്ഥാനത്തും കിടക്കുന്ന ടീമുകൾ തമ്മിൽ ചെറിയ പോയിന്റ് വ്യത്യാസം മാത്രമേയുള്ളൂവെന്നത് ഇതിന്റെ തെളിവാണ്. ഗോകുലം കേരളക്ക് ഈ കുതിപ്പ് തുടരാൻ കഴിഞ്ഞാൽ അടുത്ത സീസണിൽ ഐഎസ്എല്ലിലേക്ക് യോഗ്യത നേടാമെന്ന പ്രതീക്ഷയുണ്ട്.
Gokulam Kerala Regain Their Form In I League