കഴിഞ്ഞ സീസണിന്റെ മുൻപുള്ള രണ്ടു സീസണുകൾ തുടർച്ചയായി ഐ ലീഗ് കിരീടം നേടിയ ടീമാണ് ഗോകുലം കേരള. നിലവിൽ കേരളത്തിലെ ഏറ്റവും മികച്ച പ്രൊഫെഷണൽ ക്ലബുകളിൽ ഒന്നായ അവർക്ക് ഏറ്റവും നിർണായകമായ കഴിഞ്ഞ സീസണിൽ ആ നേട്ടം ആവർത്തിക്കാൻ കഴിഞ്ഞില്ല. റൌണ്ട്ഗ്ലാസ് പഞ്ചാബിന്റെ കുതിപ്പിൽ മൂന്നാം സ്ഥാനത്തേക്കു വീഴുകയായിരുന്നു ഗോകുലം. ലീഗ് വിജയിച്ചതിലൂടെ പഞ്ചാബ് ഈ സീസണിൽ ഐഎസ്എൽ കളിക്കാനുള്ള യോഗ്യതയും നേടി.
എന്നാൽ കഴിഞ്ഞ സീസണിൽ കൈവിട്ടുപോയ ഐ ലീഗ് കിരീടം ഇത്തവണ സ്വന്തമാക്കാൻ ഉറപ്പിച്ചു തന്നെയാണ് ഗോകുലം കേരള ഈ സീസണിൽ ഇറങ്ങുന്നത്. അതിനായി നിരവധി മികച്ച താരങ്ങൾ അടങ്ങിയ ഒരു ടീമിനെ തന്നെ അവർ ഒരുക്കിയിട്ടുണ്ട്. മുൻ എഫ്സി ഗോവ താരം എഡു ബേഡിയ, മുൻ ബാഴ്സലോണ അക്കാദമി താരം നിലി പെർഡാമോ, കേരള ബ്ലാസ്റ്റേഴ്സ് അടക്കമുള്ള ഐഎസ്എൽ ക്ലബുകൾക്കും ഇന്ത്യൻ ടീമിനും വേണ്ടി കളിച്ചിട്ടുള്ള അനസ് എടത്തൊടിക്ക എന്നിവരെല്ലാം അതിൽ ഉൾപ്പെടുന്നു.
ഐ ലീഗിൽ തങ്ങളുടെ ആദ്യത്തെ മത്സരത്തിനായി ഗോകുലം കേരള ഈ മാസം ഇരുപത്തിയെട്ടിന് ഇറങ്ങുകയാണ്. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഐ ലീഗിലേക്ക് പുതിയതായി എത്തിയ ടീമായ ഇന്റർകാശിയാണ് എതിരാളികൾ. ആദ്യത്തെ മത്സരത്തിൽ തന്നെ മികച്ച വിജയം നേടി ഈ സീസണിൽ കിരീടം നേടാനും അടുത്ത സീസണിൽ ഐഎസ്എൽ കളിക്കാനുമുള്ള തയ്യാറെടുപ്പുകൾ ഭംഗിയാക്കുക എന്നതാണ് ഗോകുലത്തിന്റെ ലക്ഷ്യം.
കേരളത്തിലായതിനാൽ തന്നെ വലിയ രീതിയിലുള്ള ആരാധകപിന്തുണ ഗോകുലം കേരളക്ക് ലഭിക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി അവരുടെ പല മത്സരങ്ങൾക്കും ഇരുപത്തിയയ്യായിരത്തിനും മുപ്പത്തിയയ്യായിരത്തിനും ഇടയിൽ ആരാധകർ എത്തിയിരുന്നു. പല ഐഎസ്എൽ ക്ലബുകളുടെ മത്സരങ്ങൾക്കും എത്തുന്ന ആരാധകരേക്കാൾ കൂടുതലാണിത്. അടുത്ത സീസണിൽ ടീം ഐഎസ്എല്ലിൽ എത്തുകയാണെങ്കിൽ ആരാധകപിന്തുണ ഇതിനേക്കാൾ വർധിക്കുമെന്നതിൽ സംശയമില്ല.
കേരളത്തിൽ ഏറ്റവുമധികം ഫുട്ബോൾ ആരാധകരുള്ളത് മലബാറിലാണെന്നതിൽ സംശയമില്ല. അവിടം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ക്ലബ് ആയതിനാൽ തന്നെ ഐഎസ്എല്ലിലേക്ക് എത്തിയാൽ മലബാറിൽ നിന്നുമുള്ള ആരാധകരുടെ കുത്തൊഴുക്ക് ഗോകുലം കേരളയുടെ മത്സരങ്ങൾക്കുണ്ടാകും. കേരളത്തിന്റെ ഫുട്ബോൾ സംസ്കാരം ഇതിലൂടെ കൂടുതൽ വികസിക്കും. കേരള ബ്ലാസ്റ്റേഴ്സിനൊപ്പം മറ്റൊരു ടീം കൂടി ഐഎസ്എല്ലിൽ കളിക്കണമെന്ന ആഗ്രഹം വലിയൊരു വിഭാഗം ആരാധകർക്കുമുണ്ട്.
Gokulam Kerala Set Sights On ISL Next Season