ഐ ലീഗിൽ മികച്ച തുടക്കം ലഭിച്ചതിനു ശേഷം പിന്നീട് തുടർച്ചയായ അഞ്ചു മത്സരങ്ങളിൽ വിജയം കൈവിട്ട് മോശം ഫോമിലേക്ക് വീണ ഗോകുലം കേരള കാത്തിരുന്ന വിജയം ഇന്ന് സ്വന്തമാക്കി. നിലവിൽ ഐ ലീഗിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന, കഴിഞ്ഞ സീസണിൽ രണ്ടാം സ്ഥാനക്കാരായിരുന്ന ശ്രീനിധി ഡെക്കാനെ അവരുടെ മൈതാനത്താണ് ഒന്നിനെതിരെ നാല് ഗോളുകൾക്ക് ഗോകുലം കേരള കീഴടക്കിയത്.
മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ മൂന്നു ഗോളുകൾ ഗോകുലം കേരള നേടിയിരുന്നു. ഒൻപതാം മിനുട്ടിൽ മുൻ ബാഴ്‌സലോണ അക്കാദമി താരമായ നിലി പെർഡോമോയാണ് ഗോകുലം കേരളയുടെ ഗോൾവേട്ടക്ക് തുടക്കമിട്ടത്. അതിനു ശേഷം മുപ്പത്തിയൊമ്പതാം മിനുട്ടിൽ അലക്‌സ് സാഞ്ചസും ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ ശ്രീക്കുട്ടൻ വിഎസും ഗോകുലം കേരളക്കായി വല കുലുക്കി.
രണ്ടാം പകുതിയിൽ ശ്രീനിധി തിരിച്ചുവരവിനായി ശ്രമം നടത്തിയെങ്കിലും അലക്‌സ് സാഞ്ചസ് ഒരു ഗോൾ കൂടി നേടി മത്സരം പൂർണമായും അവരിൽ നിന്നും അകറ്റി. ശ്രീനിധി ഗോൾകീപ്പറുടെ പിഴവിൽ നിന്നായിരുന്നു ആ ഗോൾ പിറന്നത്. അതിനു ശേഷം ബോക്‌സിനുള്ളിൽ ഫൗൾ ചെയ്യപ്പെട്ടതിനു ലഭിച്ച പെനാൽറ്റിയിലൂടെ ആൽവേസ് ശ്രീനിധിയുടെ ആശ്വാസഗോൾ കുറിച്ചു.
🔊 Lineup Alert!#gkfc #malabarians #IndianFootball #ILEAGUE pic.twitter.com/qTcMpDhCy2
— Gokulam Kerala FC (@GokulamKeralaFC) December 19, 2023
അവസാനമിനുട്ടുകളിൽ രണ്ടു ടീമുകൾക്കും അവസരങ്ങൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും മുതലെടുക്കാൻ കഴിഞ്ഞില്ല. മത്സരത്തിൽ അലക്‌സ് സാഞ്ചസ്, നിലി പെർഡോമോ, ശ്രീക്കുട്ടൻ എന്നിവർ തന്നെയാണ് തിളങ്ങിയത്. സാഞ്ചസ് രണ്ടു ഗോളും രണ്ട അസിസ്റ്റും സ്വന്തമാക്കിയപ്പോൾ നിലി ഒരു ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കി. ശ്രീക്കുട്ടൻ ഒരു ഗോളും ഒരു അസിസ്റ്റും മത്സരത്തിൽ നേടി.
കഴിഞ്ഞ സീസണിൽ ഐ ലീഗിൽ പഞ്ചാബ് എഫ്‌സി ചാമ്പ്യന്മാരായപ്പോൾ ശ്രീനിധി രണ്ടാമതും ഗോകുലം കേരളം മൂന്നാം സ്ഥാനത്തുമായിരുന്നു. നിലവിൽ ഗോകുലം അഞ്ചാം സ്ഥാനത്തു നിൽക്കെ മൂന്നാം സ്ഥാനത്തുള്ള ശ്രീനിധി ഡെക്കാനെ കീഴടക്കിയത് അവർക്ക് ആത്മവിശ്വാസമാണ്. ഐ ലീഗിലെ ആദ്യത്തെ നാല് മത്സരങ്ങളിൽ മൂന്നു വിജയത്തോടെ തുടങ്ങിയ ഗോകുലം അതിനു ശേഷം നടന്ന അഞ്ചു മത്സരങ്ങളിൽ ഒന്നിലും വിജയിച്ചിട്ടില്ല.
കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ രണ്ടു തോൽവിയും മൂന്നു സമനിലയും വഴങ്ങിയ ഗോകുലം കേരളക്ക് തിരിച്ചുവരാൻ ആവേശം നൽകുന്നതാണ് ശ്രീനിധിക്കെതിരെ അവരുടെ മൈതാനത്ത് നേടിയ വിജയം. എന്നാൽ ഐ ലീഗിൽ ഒന്നാം സ്ഥാനം അവരെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്. കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് ഇത്തവണ ഐ ലീഗിൽ കടുത്ത മത്സരമാണ് കിരീടത്തിനായി നടക്കുന്നത്.
Gokulam Kerala Won Against Sreenidi Deccan In I League