ആവേശം നീണ്ടു നിന്ന പോരാട്ടമായിരുന്നു ഖത്തർ ലോകകപ്പ് ഫൈനൽ. എതിരാളികളെ ഒന്നുമല്ലാതാക്കി അർജന്റീന നിറഞ്ഞാടിയ എൺപതു മിനിട്ടുകൾക്ക് ശേഷം എംബാപ്പയുടെ ഗോളുകളിൽ ഫ്രാൻസ് തിരിച്ചു വന്നു. പിന്നീട് എക്സ്ട്രാ ടൈമിൽ അർജന്റീന ഒരു ഗോൾ കൂടി നേടിയെങ്കിലും മത്സരം തീരാൻ രണ്ടു മിനുട്ട് ശേഷിക്കെ എംബാപ്പെയുടെ പെനാൽറ്റി ഗോളിൽ ഫ്രാൻസ് സമനില നേടി. ഒടുവിൽ ഷൂട്ടൗട്ടിലാണ് അർജന്റീന ലോകകപ്പ് ഫൈനലിൽ വിജയം സ്വന്തമാക്കിയത്.
മത്സരത്തിൽ എംബാപ്പെ നേടിയ അവസാനത്തെ ഗോളിന് കാരണമായത് അർജന്റീനയുടെ റൈറ്റ് ബാക്കായ ഗോൺസാലോ മോണ്ടിയലിന്റെ ഹാൻഡ് ബോളായിരുന്നു. എംബാപ്പയുടെ ഷോട്ട് പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ കയ്യിൽ കൊണ്ടതിനാണ് പെനാൽറ്റി ലഭിച്ചത്. അതല്ലെങ്കിൽ ഷൂട്ടൗട്ടിനു മുൻപേ തന്നെ അർജന്റീന വിജയം നേടിയേനെ. കഴിഞ്ഞ ദിവസം ആ ഹാൻഡ് ബോളിനെക്കുറിച്ചും ഷൂട്ടൗട്ടിൽ അർജന്റീനയുടെ അവസാനത്തെ പെനാൽറ്റി എടുത്തതിനെ കുറിച്ചും താരം സംസാരിച്ചിരുന്നു.
“എക്സ്ട്രാ ടൈമിൽ ഞാൻ കാരണമുണ്ടായ ഹാൻഡ് ബോൾ ആലോചിച്ച് കരയുന്നത് സ്കലോണി കണ്ടിരുന്നു. അതുകൊണ്ടു തന്നെ പെനാൽറ്റി എടുക്കാൻ തയ്യാറാണോ എന്ന് പരിശീലകൻ എന്നോട് ചോദിക്കുകയുണ്ടായി. തയ്യാറാണെന്ന് തന്നെയാണ് ഞാൻ മറുപടി പറഞ്ഞത്, കാരണം എനിക്കതിൽ ഉറപ്പുണ്ടായിരുന്നു. പെനാൽറ്റി കിക്ക് ആദ്യം നടുവിലൂടെ താഴ്ത്തിയടിക്കാനാണ് ഞാൻ ഉദ്ദേശിച്ചിരുന്നത്, എന്നാൽ അവസാന നിമിഷത്തിൽ തീരുമാനം മാറ്റുകയായിരുന്നു.” സെവിയ്യ താരം പറഞ്ഞു.
Gonzalo Montiel: "Scaloni asked me if I was ready to kick because he saw me cry for the handball I had at the end of extra time. I told him yes, that I was sure. Initially, my idea was to kick hard down the middle but I changed my mind at the last second." Via AFA Studio. 🇦🇷 pic.twitter.com/u3VU5IYA5g
— Roy Nemer (@RoyNemer) January 20, 2023
അർജന്റീന താരങ്ങൾക്ക് ടൂർണ്ണമെന്റിലുടനീളം ഉണ്ടായിരുന്ന ആത്മവിശ്വാസം തന്നെയാണ് മോണ്ടിയലിന്റെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ആദ്യത്തെ മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയതിനു ശേഷം പിന്നീടൊരു മത്സരത്തിലും അർജന്റീന പതറിയിട്ടില്ല. പ്രതിസന്ധികളെ നേരിടുമ്പോഴും അതിനെ നിസാരമായി കണ്ടാണ് ടീം കളിച്ചിരുന്നത്. താൻ കാരണം ഗോൾ വഴങ്ങേണ്ടി വന്നതിന്റെ സംഘർഷങ്ങളുടെ ഇടയിലും ഒരു പെർഫെക്റ്റ് പെനാൽറ്റി എടുത്ത മോണ്ടിയാലും അത് തെളിയിക്കുന്നു.