സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ റൊണാൾഡോ ചേക്കേറാൻ ഏറ്റവുമധികം സാധ്യതയുണ്ടായിരുന്ന ക്ലബായിരുന്നു ചെൽസി. ടീമിന്റെ ഉടമയായ ടോഡ് ബോഹ്‍ലി താരത്തെ ടീമിലെത്തിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും അപ്പോഴത്തെ പരിശീലകനായ തോമസ് ടുഷെൽ അതിനെ എതിർക്കുകയായിരുന്നു. അതുകൊണ്ടു മാത്രമാണ് റൊണാൾഡോക്ക് ചെൽസിയിലേക്ക് ചേക്കേറാൻ കഴിയാതിരുന്നത്. തോമസ് ടുഷെലിനെ ചെൽസി പുറത്താക്കുകയും പകരക്കാരനായി ഗ്രഹാം പോട്ടർ എത്തുകയും ചെയ്‌തതോടെ ജനുവരിയിൽ റൊണാൾഡോ ചെൽസിയിലേക്ക് ചേക്കേറാനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ ഇപ്പോഴുണ്ട്.
എന്നാൽ റൊണാൾഡോയെ ജനുവരി ജാലകത്തിൽ സ്വന്തമാക്കാൻ പുതിയ ചെൽസി പരിശീലകനായ പോട്ടർക്കും താല്പര്യമില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിബിഎസ് സ്പോർട്ടിന്റെ ബെൻ ജേക്കബ്‌സ് വെളിപ്പെടുത്തുന്നതു പ്രകാരം തോമസ് ടുഷെലിനു സമാനമായ നിലപാടാണ് ഇക്കാര്യത്തിൽ അദ്ദേഹം സ്വീകരിക്കുന്നത്. റൊണാൾഡോക്ക് പകരം ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ഏതൊക്കെ താരങ്ങളെ എത്തിക്കണമെന്ന കാര്യത്തിലും അദ്ദേഹത്തിന് വ്യക്തമായ പദ്ധതിയുണ്ട്. എസി മിലാന്റെ റാഫേൽ ലിയാവോ, ലില്ലെയുടെ ജോനാഥൻ ഡേവിഡ്, ബ്രെന്റഫോഡിന്റെ ഇവാൻ ടോണി എന്നിവരാണ് അദ്ദേഹത്തിന്റെ ലിസ്റ്റിലുള്ള താരങ്ങൾ.
ഗ്രഹാം പോട്ടർ പരിഗണിക്കുന്ന ഈ താരങ്ങളെല്ലാം സീസണിൽ മികച്ച പ്രകടനം നടത്തുന്നവരാണ്. കഴിഞ്ഞ സീസണിൽ മിലാൻ സീരി എ ജേതാക്കളാക്കാൻ നിർണായക പങ്കു വഹിച്ച ലിയാവോയുടെ കരാർ പതിനെട്ടു മാസം മാത്രമേ ബാക്കിയുള്ളൂ എന്നിരിക്കെ താരം ക്ലബ് വിടാനുള്ള സാധ്യതയുണ്ട്. അതേസമയം ഈ സീസണിൽ ലില്ലേക്കായി പതിനൊന്നു ലീഗ് മത്സരങ്ങളിൽ നിന്നും ഒൻപതു ഗോളുകളാണ് ഡേവിഡ് നേടിയിരിക്കുന്നത്. ഇതിനു പുറമെ ബ്രെന്റഫോഡിനായി പന്ത്രണ്ടു മത്സരങ്ങളിൽ നിന്നും എട്ടു ഗോളുകൾ നേടിയ ഇവാൻ ടോണിയും ഗ്രഹാം പോട്ടറുടെ സ്‌ട്രൈക്കർ ലിസ്റ്റിൽ പ്രധാനിയാണ്.
Chelsea boss Potter wants Boehly to consider three other targets ahead of Ronaldo #cfc https://t.co/jKvEmef7lk
— Tribal Football (@tribalfootball) October 24, 2022
അതേസമയം റൊണാൾഡോയെ ടീമിലെത്തിക്കാൻ ചെൽസി ഉടമയായ ടോഡ് ബോഹ്‍ലിക്ക് വളരെയധികം താൽപര്യമുണ്ട്. പുതിയതായി ചെൽസിയുടെ ഉടമസ്ഥാവകാശം ഏറ്റെടുത്ത അദ്ദേഹം അതുവഴി വരുന്ന സാമ്പത്തിക നേട്ടങ്ങളാണ് പ്രധാനമായും പരിഗണിക്കുന്നത്. എന്നാൽ പോട്ടർ പരിഗണിക്കുന്നില്ലെങ്കിൽ ചെൽസിയിലേക്ക് വന്നാലും അത് റൊണാൾഡോക്ക് തിരിച്ചടിയായിരിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡിലേതു പോലെ തന്നെ അവസരങ്ങൾ കുറഞ്ഞ് ബെഞ്ചിലിരിക്കേണ്ട സാഹചര്യമാവും റൊണാൾഡോ നേരിടുക.