ചെൽസി അപകടകാരികളായ ടീം, അവരുടെ ഉയിർത്തെഴുന്നേൽപ്പ് കാണാനിരിക്കുന്നതേയുള്ളൂവെന്ന് പെപ് ഗ്വാർഡിയോള | Chelsea

സമീപകാലത്തു നടന്ന ഏറ്റവും മികച്ച ഫുട്ബോൾ മത്സരങ്ങളിൽ ഒന്നിനാണ് ഇന്നലെ പ്രീമിയർ ലീഗ് സാക്ഷ്യം വഹിച്ചത്. ചെൽസിയുടെ മൈതാനത്ത് നിലവിലെ പ്രീമിയർ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റി ഇറങ്ങിയ മത്സരം കാണികൾക്ക് അക്ഷരാർത്ഥത്തിൽ രോമാഞ്ചം നൽകുന്നതായിരുന്നു. ഓരോ നിമിഷവും മാറിമറിഞ്ഞ ഫലങ്ങൾക്കൊടുവിൽ രണ്ടു ടീമുകളും നാല് ഗോളുകൾ നേടിയാണ് മത്സരം അവസാനിച്ചത്. രണ്ടു ടീമുകളും ആക്രമണഫുട്ബോൾ കളിച്ചത് മത്സരത്തെ കൂടുതൽ മനോഹരമാക്കി നിലനിർത്തുകയും ചെയ്‌തു.

കഴിഞ്ഞ സീസണിൽ മോശം ഫോമിലേക്ക് വീണ ചെൽസി ഈ സീസണിൽ പത്താം സ്ഥാനത്താണ് നിൽക്കുന്നതെങ്കിലും ടീം ഒരു ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇന്നലെ നടന്ന മത്സരം. പ്രീമിയർ ലീഗിലെ ടോപ് ഫോർ ടീമുകൾക്കെതിരെ ഒരു മത്സരം പോലും ഈ സീസണിൽ അവർ തോറ്റിട്ടില്ലെന്നത് ടീമിന്റെ ഭാവി ശരിയായ പാതയിലാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഇന്നലെ നടന്ന മത്സരത്തിന് ശേഷം മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയും ഇക്കാര്യം വ്യക്തമാക്കുകയുണ്ടായി.

“ചെൽസി വളരെ അപകടകാരികളാണ്, അവർ വളരെ വളരെ മികച്ച ടീമാണ്. ലിവർപൂളിന് അവർക്കെതിരെ വിജയിക്കാൻ കഴിഞ്ഞില്ല. ആഴ്‌സണലിനെതിരെ അവർ ഒരുപാടൊരുപാട് മികച്ചു നിന്നു. അവസാനം സമനില നേടുകയും ചെയ്‌തു. ഇത് എവേ മത്സരമായിരുന്നു, എങ്കിലും ഒരു ടീമെന്ന നിലയിൽ അവർ എന്താണ് ചെയ്‌തതെന്ന്‌ ഞാൻ വിശദീകരിക്കുന്നില്ല. അവർ നന്നായി കളിച്ച് കൂടുതൽ മെച്ചപ്പെട്ടു വരുന്നു. കായികപരമായും പ്രതിഭ കൊണ്ടും വേഗത കൊണ്ടും ബെഞ്ചിലെ കരുത്ത് കൊണ്ടും അവർ മികച്ചതാണ്.”

“അവർ ഇന്നു ചെയ്‌ത കാര്യങ്ങൾക്കു വേണ്ടി തന്നെയാണ് ആ ടീമിനെ പടുത്തുയർത്തിയത്, അതവർ ഇനിയുള്ള വർഷങ്ങളിലും തുടരും. പ്രധാന കാര്യം ഞങ്ങൾ ഇന്റർനാഷണൽ ബ്രേക്കിൽ ലീഗ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായി തുടരുമെന്നതാണ്. ആഴ്‌സണലിനെതിരായ തോൽവിക്ക് ശേഷം ഞാനത് പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങൾ ചാമ്പ്യൻസ് ലീഗ് നോക്ക്ഔട്ട് റൗണ്ടിൽ ഇടം പിടിച്ചു, ലീഗിലും ഒന്നാം സ്ഥാനത്താണ്. അതിൽ സന്തോഷമുണ്ട്.” പെപ് ഗ്വാർഡിയോള മത്സരത്തിന് ശേഷം പറഞ്ഞു.

മൗറീസിയോ പോച്ചട്ടിനോ പരിശീലകനായതിനു ശേഷം ചെൽസിയെ സാവധാനത്തിൽ പടുത്തുയർത്തുന്നുണ്ട് എന്നാണു ഇന്നലത്തെ മത്സരത്തിൽ നിന്നും വ്യക്തമാകുന്നത്. യുവതാരങ്ങൾ നിറഞ്ഞ ടീം ചിലപ്പോൾ പരിചയസമ്പത്തിന്റെ അഭാവം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും വേണ്ടത്ര സമയം നൽകിയാൽ പ്രീമിയർ ലീഗിലെ തന്നെ കരുത്തുറ്റ ക്ലബായി മാറാൻ അവർക്ക് കഴിയുമെന്നതിൽ സംശയമില്ല. എന്നാൽ ചെൽസി ആയതിനാൽ തന്നെ അതിനുള്ള സമയം അവർക്ക് ലഭിക്കുമോ എന്നാണു കണ്ടറിയേണ്ടത്.

Guardiola Says Chelsea Is Dangerous Team

ChelseaManchester CityPep Guardiola
Comments (0)
Add Comment