യൂറോപ്പിലെ പ്രധാന ലീഗുകളിൽ ഏറ്റവുമധികം മത്സരം നടക്കുന്നത് ഇംഗ്ലീഷ് പ്രീമിയർ ലീഗിലാണ്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിൽ ഇഞ്ചോടിഞ്ചു നടന്ന പോരാട്ടത്തിൽ ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ മാഞ്ചസ്റ്റർ സിറ്റി കിരീടം നേടി. ഈ സീസണിൽ ലിവർപൂൾ അത്ര മികച്ച ഫോമിലല്ലെങ്കിലും അവർ കിരീടത്തിനു വലിയ വെല്ലുവിളി ഉയർത്തുമെന്നു തന്നെയാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള പറയുന്നത്. ആഴ്സണലാണ് പ്രധാന എതിരാളിയെങ്കിലും അതിനു പുറമെ പുതിയൊരു ടീം കൂടി ഇത്തവണ കിരീടപ്പോരാട്ടത്തിൽ ഉണ്ടാകുമെന്നും ഗ്വാർഡിയോള പറയുന്നു.
ഗ്വാർഡിയോളയുടെ അഭിപ്രായത്തിൽ പ്രീമിയർ ലീഗിലെ പുതിയ സാമ്പത്തിക ശക്തികളായി ഉയർന്നു വന്ന ന്യൂകാസിൽ യുണൈറ്റഡാണ് ഇത്തവണ കിരീടത്തിനായി വെല്ലുവിളി ഉയർത്താൻ സാധ്യതയുള്ള മറ്റൊരു ടീം. കഴിഞ്ഞ സീസണിനിടയിൽ സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഏറ്റെടുത്ത ന്യൂകാസിൽ യുണൈറ്റഡ് നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ഫുട്ബോൾ ക്ലബുകളിൽ ഒന്നാണ്. വിന്റർ, സമ്മർ ട്രാൻസ്ഫർ ജാലകങ്ങളിൽ വമ്പൻ സൈനിംഗുകൾ ഉണ്ടായില്ലെങ്കിലും വളരെ കൃത്യതയോടെയുള്ള റിക്രൂട്ടിങ് അവർ നടത്തിയിരുന്നു.
മൊത്തം ഏഴു ടീമുകളാണ് പ്രീമിയർ ലീഗ് കിരീടത്തിനായി പൊരുതാൻ കരുത്തുളളവർ എന്നാണു പെപ് ഗ്വാർഡിയോള പറയുന്നത്. മോശം ഫോമിലുള്ള ലിവർപൂളിനെ അതിൽ ഉൾപ്പെടുത്താനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കി. “ആഴ്സണൽ, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ന്യൂകാസിൽ, ടോട്ടനം, മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ എന്നീ ടീമുകളെ ഞാൻ പറയും. ഈ ടീമുകൾക്ക് കിരീടത്തിനായി പൊരുതാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്.”
Pep Guardiola:
"I would say Arsenal, Man City, Chelsea, Newcastle, Tottenham, United and Liverpool. I think these teams can fight for the title." #lfc [manchester evening news] pic.twitter.com/lcWqAp9K81
— Anfield Watch (@AnfieldWatch) November 4, 2022
“ലിവർപൂളിന് ഒറ്റയടിക്ക് പതിനേഴു വിജയങ്ങൾ നേടാൻ കഴിയുന്ന അതെ മാനേജരും സ്ക്വാഡുമുണ്ട്. പതിനെട്ടു വിജയങ്ങൾ മുൻപ് ഒറ്റയടിക്ക് നേടിയിട്ടുണ്ട്. അത് വീണ്ടും ചെയ്യാൻ കഴിയില്ലെന്ന് ആരു പറഞ്ഞു. ലോകകപ്പിന് ശേഷം എന്താണ് സംഭവിക്കുകയെന്ന് ആർക്കറിയാം. ട്രാൻസ്ഫർ ജാലകവും താരങ്ങളുടെ പോക്കുവരവുകളും ഉണ്ടാകുമെന്നതു കൊണ്ട് ഞാൻ കരുതുന്നത് ഇങ്ങിനെയാണ്.” ഗ്വാർഡിയോള പറഞ്ഞു.
അതേസമയം നിലവിൽ പ്രധാന എതിരാളി ആഴ്സണൽ തന്നെയാണെന്നാണ് പെപ് ഗ്വാർഡിയോള പറയുന്നത്. അവരിപ്പോൾ ടേബിളിൽ ഒന്നാം സ്ഥാനത്തുണ്ടെന്നും മറ്റുള്ളവർ അരികിലുണ്ടെന്നും അദ്ദേഹം പറയുന്നു. ലോകകപ്പിന് മുൻപുള്ള മത്സരങ്ങൾ ടീമുകൾ എങ്ങനെയാകും പൂർത്തിയാക്കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യൂറോപ്യൻ ടൂർണമെന്റിൽ കളിക്കാതെ ആഭ്യന്തര മത്സരങ്ങളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ന്യൂകാസിലിന്റെ സാധ്യത വർധിപ്പിക്കുന്നുവെന്നും ഗ്വാർഡിയോള പറഞ്ഞു.