ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയിലെത്തിയ എർലിങ് ബ്രൂട്ട് ഹാലാൻഡ് ഈ സീസണിൽ ഗോളുകൾ അടിച്ചു കൂട്ടി മുന്നേറുകയാണ്. ഒൻപതു പ്രീമിയർ ലീഗ് മത്സരം കഴിഞ്ഞപ്പോൾ തന്നെ പതിനഞ്ചു ഗോളുകളാണ് നോർവീജിയൻ താരം നേടിയിരിക്കുന്നത്. ഈ സീസണിൽ ലീഗിൽ കളിച്ച മത്സരങ്ങളിൽ ബ്രൈറ്റനെതിരെ ഒഴികെയുള്ള എല്ലാ മത്സരങ്ങളിലും ഗോൾ കണ്ടെത്താൻ കഴിഞ്ഞ താരം മൂന്നു ഹാട്രിക്കുകളും കുറിച്ചു. നിരവധി റെക്കോർഡുകൾ ഈ സീസണിൽ ഹാലാൻഡ് പിഴുതെറിയുമെന്ന് ഇതോടെ ഉറപ്പായിട്ടുണ്ട്.
എർലിങ് ഹാലൻഡ് തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഗോളടിവേട്ട ആരംഭിച്ചതോടെ താരത്തെ മുൻനിർത്തിയുള്ള താരതമ്യങ്ങളും ആരംഭിച്ചിട്ടുണ്ട്. നിലവിൽ ലയണൽ മെസിയുടെ പേരിലുള്ള ഒരു കലണ്ടർ വർഷത്തിൽ ഏറ്റവുമധികം ഗോളുകളെന്ന റെക്കോർഡ് ഹാലൻഡ് സ്വന്തമാക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. അതിന്റെ പേരിൽ നിരവധി പേർ മെസിയെയും ഹാലൻഡിനെയും താരതമ്യം ചെയ്തു സംസാരിക്കുമ്പോൾ അതിൽ യാതൊരു അടിസ്ഥാനവും ഇല്ലെന്നാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള പറയുന്നത്.
“ഒന്നിനെയും ലയണൽ മെസിയുമായി താരതമ്യം ചെയ്യാൻ കഴിയില്ല. ആളുകൾ എർലിങിനെയും ലിയോയെയും താരതമ്യം ചെയ്യുന്നു. നമുക്കതിൽ മറ്റൊരാൾ ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. ഞാൻ വന്നതിനു ശേഷം തന്നെ എത്രയധികം പുതിയ മെസികൾ ലോകഫുട്ബോളില് ഉണ്ടായി വന്നു. പത്തോ പതിനഞ്ചോ എണ്ണം, എന്നാൽ അവരെല്ലാവരും പരാജയപ്പെട്ടു.” ഗ്വാർഡിയോള പറഞ്ഞു.
Pep Guardiola on the Lionel Messi and Erling Haaland comparison: "How many new Messi's appear in world football since I start? 10-15? Always, you fail."pic.twitter.com/0hnnAvl7m4
— Roy Nemer (@RoyNemer) October 7, 2022
“ഞങ്ങൾ മികച്ച രീതിയിൽ കളിച്ചാൽ ഒരുപാട് പന്തുകൾ ബോക്സിൽ എത്തിക്കാൻ കഴിയും. ഹാലൻഡിനെ ആശ്രയിക്കേണ്ട കാര്യമില്ല. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ കളിക്കാരുടെയും പരിശീലകരുടെയും നിയന്ത്രണത്തിൽ നിന്നും പോകുന്നത് നമ്മൾ കണ്ടു. ഞങ്ങളുടെ നിലവാരം ഉയരണം. നിങ്ങളുടെ പൊസിഷനിൽ നിങ്ങൾ ഏറ്റവും മികച്ചതായിരിക്കണം.” മാഞ്ചസ്റ്റർ സിറ്റിയെക്കുറിച്ച് പെപ് കൂട്ടിച്ചേർത്തു.
ഈ സീസണിലിതു വരെ പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലുമായി പതിമൂന്നു മത്സരങ്ങളിൽ നിന്നും ഇരുപതു ഗോളുകളാണ് എർലിങ് ഹാലാൻഡ് നേടിയിരിക്കുന്നത്. ഗോളുകൾ നേടുമെങ്കിലും മെസിയെപ്പോലെ ഒരു ടീമിന്റെ കളിയെ മുഴുവൻ ഒറ്റക്ക് നിയന്ത്രിക്കാൻ കഴിയുന്ന താരമല്ല ഹാലാൻഡ്. മറിച്ച് ബോക്സിലേക്കെത്തുന്ന ഗോളുകൾ ഗോളിലേക്ക് അനായാസം തിരിച്ചു വിടാൻ കഴിയുന്ന കളിക്കാരനാണ്. ഇതിനു മുൻപ് പെപ് ഗ്വാർഡിയോളയും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.