ഈ സീസണിൽ മൂന്നാമത്തെ കിരീടം ലക്ഷ്യമിട്ടാണ് മാഞ്ചസ്റ്റർ സിറ്റി ഇന്റർ മിലാനെതിരെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിനായി ഇറങ്ങുന്നത്. ആഴ്സണലിന്റെ വെല്ലുവിളി അവസാനിപ്പിച്ച് പ്രീമിയർ ലീഗും മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് എഫ്എ കപ്പും സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റി ക്ലബ് ചരിത്രത്തിൽ ആദ്യത്തെ ചാമ്പ്യൻസ് ലീഗും ട്രെബിളും സ്വന്തമാക്കാൻ ഒരുങ്ങുകയാണ്.
ഫൈനലിനായി ഒരുങ്ങുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് കനത്ത തിരിച്ചടി നൽകി ടീമിലെ ജർമൻ മധ്യനിര താരമായ ഇൽകെയ് ഗുൻഡോഗൻ ക്ലബ് വിടുമെന്ന വാർത്തയാണ് പുറത്തു വരുന്നത്. ഈ ജൂണോടെ കരാർ അവസാനിക്കുന്ന ഗുൻഡോഗൻ അത് പുതുക്കാൻ തയ്യാറായിരുന്നില്ല. മാഞ്ചസ്റ്റർ സിറ്റിക്കോപ്പം ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ചതിനു ശേഷം താരം വിടവാങ്ങൽ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.
🚨🚨| BREAKING: FC Barcelona have reached a verbal agreement with İlkay Gündoğan! The club can register him & wants to complete his signing in the next few hours. Official announcement expected after the UCL Final. @ffpolo ☎️🔜🔥 pic.twitter.com/EioI13neX9
— Managing Barça (@ManagingBarca) June 9, 2023
റിപ്പോർട്ടുകൾ പ്രകാരം ബാഴ്സലോണയാണ് ഗുൻഡോഗനെ സ്വന്തമാക്കുന്നത്. മൂന്നു വർഷത്തെ കരാർ താരം ഒപ്പിട്ടുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സെർജിയോ ബുസ്ക്വറ്റ്സിന് പകരമായാണ് ഗുൻഡോഗനെ ബാഴ്സലോണ സ്വന്തമാക്കുന്നത്. ആഴ്സണൽ താരത്തിനായി ശ്രമം നടത്തിയിരുന്നെങ്കിലും ഒടുവിൽ ബാഴ്സലോണ തന്നെ താരത്തെ സ്വന്തമാക്കുന്നതിൽ വിജയിച്ചുവെന്നാണ് സൂചനകൾ.
മധ്യനിരയിലാണ് കളിക്കുന്നതെങ്കിലും ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിയുടെ ഗോളാടിയന്ത്രമായാണ് ജർമൻ താരം കളിക്കുന്നത്. കഴിഞ്ഞ എട്ടു മത്സരങ്ങളിൽ നിന്നും ആറു ഗോളുകൾ നേടിയ താരം രണ്ടു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. എഫ്എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റർ സിറ്റി നേടിയ രണ്ടു ഗോളുകളും ഗുൻഡോഗന്റെ ബൂട്ടിൽ നിന്നാണ് പിറന്നത്.
Gundogan Leaves Manchester City To Join Barcelona