ഇന്ത്യയുടെ വൻമതിലായി നിന്നിട്ടും ഗുർപ്രീതിന് അവഗണന, അനീതിയെന്ന് ആരാധകർ | Gurpreet

സാഫ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് കിരീടം നേടിക്കൊടുക്കാൻ നിർണായക പങ്കു വഹിച്ചത് ആരാണെന്നു ചോദിച്ചാൽ അതിനൊരു മറുപടിയെയുള്ളൂ. അഞ്ചു ഗോളുകൾ നേടിയ നായകൻ സുനിൽ ഛേത്രിയെക്കാൾ ടീമിന്റെ വിജയത്തിന് കാരണക്കാരനായത് ഗോൾവലക്കു കീഴിൽ മിന്നുന്ന പ്രകടനം നടത്തിയ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ കീപ്പറായ ഗുർപ്രീത് സിങ് സന്ധുവാണ്‌.

ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യക്ക് കുവൈറ്റ് മാത്രമാണ് വെല്ലുവിളി ഉയർത്തിയത്. അതിനു ശേഷം സെമി ഫൈനലിലും ഫൈനലിലും ഇന്ത്യയുടെ മത്സരം സമനിലയിലാണ് പിരിഞ്ഞത്. ഈ രണ്ടു മത്സരവും പെനാൽറ്റി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ ഗുർപ്രീതാണ് ഗംഭീര സേവുകളുമായി ഇന്ത്യയെ രക്ഷിച്ചത്. സെമി ഫൈനലിൽ മിന്നുന്ന സേവുകളുമായി ലെബനനെ തടഞ്ഞു നിർത്തിയതും താരം തന്നെയായിരുന്നു.

എന്നാൽ ഇന്നലത്തെ മത്സരത്തിന് ശേഷം സമ്മാനങ്ങൾ പ്രഖ്യാപിച്ചപ്പോൾ അതിൽ നിന്നും ഗുർപ്രീത് തഴയപ്പെട്ടു. മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരം ബംഗ്ലാദേശ് താരമായ അനീസുർ റഹ്‌മാൻ സിക്കോക്കാണ് നൽകിയത്. ഗുർപ്രീത് തന്നെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരം സ്വന്തമാക്കുമെന്ന് ഉറപ്പിച്ചിരുന്ന ആരാധകർക്ക് നിരാശ നൽകുന്ന തീരുമാനമായിരുന്നു അത്.

സിക്കോ ടൂർണമെന്റിൽ മികച്ച പ്രകടനമാണ് നടത്തിയതെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ രണ്ടു ഗോളുകൾ മാത്രം വഴങ്ങുകയും രണ്ടു ഷൂട്ടൗട്ടുകളിൽ ടീമിനെ വിജയത്തിലേക്ക് എത്തിക്കുകയും ചെയ്‌ത ഗുർപ്രീതിനെ തഴഞ്ഞ് അഞ്ചു ഗോളുകൾ ടൂർണമെന്റിൽ വഴങ്ങിയ ബംഗ്ലാദേശ് താരത്തിന് പുരസ്‌കാരം നൽകിയത് അനീതിയാണെന്നാണ് ആരാധകർ പറയുന്നത്.

Gurpreet Not Best Goalkeeper In SAFF Championship

Gurpreet Singh SandhuIndian Football TeamSAFF Championship
Comments (0)
Add Comment