സാഫ് ചാമ്പ്യൻഷിപ്പിന്റെ സെമി ഫൈനലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യ മികച്ച പ്രകടനം തന്നെയാണ് നടത്തിയത്. ലെബനൻ ആദ്യമൊന്നു വിറപ്പിച്ചെങ്കിലും പിന്നീട് മത്സരത്തിലേക്ക് തിരിച്ചെത്തിയ ഇന്ത്യ അവസരങ്ങൾ തുറന്നെടുത്തിരുന്നു. ഫിഫ റാങ്കിങ്ങിൽ അടുത്തടുത്ത സ്ഥാനങ്ങളിൽ നിൽക്കുന്ന ടീമുകൾ തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടം തന്നെയാണ് നടന്നത്.
മത്സരത്തിൽ ഇന്ത്യയുടെ വിജയത്തിൽ നന്ദി പറയേണ്ടത് ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിനോടാണ്. തുടക്കം മുതൽ ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ട് വരെ ഇന്ത്യയുടെ ഗോൾമുഖത്ത് വിശ്വസ്‌തമായ കാര്യങ്ങളുമായി താരം ഉണ്ടായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ ഒരു വൺ ഓൺ വൺ അവസരം തകർപ്പൻ സേവിലൂടെ രക്ഷപ്പെടുത്തിയ താരം പിന്നീട് അത് കളിയിലുടനീളം തുടർന്നു.
ആദ്യപകുതി അവസാനിക്കും മുൻപ് മറ്റൊരു തകർപ്പൻ സേവ് കൂടി ഗുർപ്രീതിന്റെ ഭാഗത്തു നിന്നും ഉണ്ടായി. ലെബനൻ നായകൻ എടുത്ത ഫ്രീ കിക്ക് ഗോൾവലക്കുള്ളിലേക്കെന്ന് എല്ലാവരും ഉറപ്പിച്ച സമയത്താണ് അതിഗംഭീരമായ പറക്കും സേവിലൂടെ താരം ഇന്ത്യയെ രക്ഷിച്ചത്. അതിനു ശേഷവും ലെബനൻ മുന്നേറ്റങ്ങളെ തടുത്തു നിർത്താൻ താരം കാര്യമായി സംഭാവന ചെയ്‌തു.
ഷൂട്ടൗട്ടിലും തന്റെ ആത്മവിശ്വാസം ഇന്ത്യൻ ഗോൾകീപ്പർ കാണിച്ചു. ലെബനന്റെ ആദ്യത്തെ കിക്ക് തന്നെ മനോഹരമായി തടഞ്ഞിട്ട താരം അവർക്ക് സമ്മർദ്ദം നൽകി. അതിനു ശേഷം താരം നടത്തിയ രണ്ടു ഡൈവുകളും കൃത്യമായ ദിശയിലേക്ക് തന്നെയായിരുന്നു. ലെബനന്റെ നാലാമത്തെ കിക്ക് പുറത്തു പോയതോടെ നാലു കിക്കുകളും ഗോളാക്കി മാറ്റിയ ഇന്ത്യ വിജയം നേടുകയായിരുന്നു.
Gurpreet Singh Sandhu Stunning Saves Against Lebanon