ഖത്തർ ലോകകപ്പിലെ ആദ്യത്തെ മത്സരത്തിൽ തന്നെ അർജന്റീനക്ക് ഞെട്ടിക്കുന്ന തോൽവി സമ്മാനിച്ച ടീമാണ് സൗദി അറേബ്യ. 36 മത്സരങ്ങളിൽ തോൽവിയറിയാതെ ലോകകപ്പ് കളിക്കാനെത്തിയ മെസ്സിയെയും സംഘത്തെയും ഒരു ഗോളിന് പിന്നിൽ നിന്നതിനു ശേഷം രണ്ടു ഗോൾ തിരിച്ചടിച്ചാണ് സൗദി അറേബ്യ തോൽപ്പിച്ചത്. ആ മത്സരത്തിലെ തോൽവി നൽകിയ ആഘാതത്തെ മറികടന്ന അർജന്റീന പിന്നീടുള്ള എല്ലാ മത്സരവും വിജയിച്ച് ഫൈനലിൽ എത്തുകയും ചെയ്‌തു.
സൗദി അറേബ്യക്കെതിരെ പെനാൽറ്റിയിലൂടെ മെസി ഗോൾ നേടിയിരുന്നെങ്കിലും രണ്ടാം പകുതിയിൽ താരത്തെ കൃത്യമായി പൂട്ടാൻ കഴിഞ്ഞിരുന്നു. ഇപ്പോൾ അർജന്റീനയും ഫ്രാൻസും തമ്മിലുള്ള ഫൈനൽ നടക്കാനിരിക്കെ മെസിയെ പൂട്ടിയ തന്ത്രം വെളിപ്പെടുത്തി സൗദി പരിശീലകൻ ഹെർവ് റെനാർദ് രംഗത്തെത്തി. ഫ്രാൻസ് സ്വദേശിയായ റെനാർദ് ഫ്രഞ്ച് മാധ്യമം എൽ എക്വിപ്പെക്ക് നൽകിയ അഭിമുഖത്തിലാണ് മെസിയെ തടുത്ത തന്ത്രം വെളിപ്പെടുത്തിയത്.
“മെസിയെ മാത്രമല്ല, മെസിയിലും അർജന്റീന ടീമിലും ഒരുമിച്ചാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. താരം സ്വാധീനം ചെലുത്തുന്ന മേഖലകളും എങ്ങിനെ മെസിയിലേക്ക് പന്ത് വരുന്നു എന്നെല്ലാം അതിൽ വിശകലനം ചെയ്യണം. അതിലുപരിയായി റോഡ്രിഗോ ഡി പോളിനെ കൃത്യമായി പ്രസ് ചെയ്യണം. ലയണൽ മെസിയെ കൃത്യസ്ഥലത്ത് നിർത്താൻ ഏറ്റവുമധികം ഉപയോഗപ്പെടുന്ന മികച്ച അർജന്റീനിയൻ താരമാണ് ഡി പോൾ.”
“ഡി പോൾ വളരെ പ്രധാനപ്പെട്ട താരമാണ്. വലതു വശത്ത് അവൻ അധ്വാനിച്ച് കളിച്ച് പിഴവുകൾ അടക്കുന്നു. അത് മെസിയെ ഒരുപാട് ജോലികൾ ചെയ്യുന്നതിൽ നിന്നും ഒഴിവാക്കുന്നു. പന്ത് അർജന്റീനക്ക് നഷ്‌ടമാകുമ്പോൾ പ്രതിരോധിക്കുന്നതിൽ നിന്നും മെസിയെ രക്ഷിക്കാൻ ഡി പോൾ ഉണ്ടാകും. അതിനിടയിൽ നടക്കുന്ന കാര്യങ്ങളും ശ്രദ്ധിച്ചു പഠിക്കേണ്ടതുണ്ട്.” ഹെർവ് റെനാർദ് പറഞ്ഞു.
ഈ ലോകകപ്പിൽ അർജന്റീനയെ സമർത്ഥമായി പൂട്ടിയ ഒരേയൊരു പരിശീലകന്റെ വാക്കുകൾ ദെഷാംപ്‌സ് ചെവിക്കൊള്ളുമോ എന്നറിയില്ല. എന്തായാലും മെസിയെ പൂട്ടുക എന്നത് ഫൈനലിൽ ഫ്രാൻസ് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട തന്ത്രമായിരിക്കും. അവർ വിജയിക്കാനുള്ള സാധ്യതകളും അതിനെ ആശ്രയിച്ചിരിക്കുന്നു.