ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആരാധകപ്പടകളിലൊന്ന്, കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസിനെ പ്രശംസിച്ച് എതിർടീം പരിശീലകൻ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ തങ്ങളുടെ എട്ടാമത്തെ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങുകയാണ്. കൊച്ചിയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ടൂർണമെന്റിൽ മോശം ഫോമിലുള്ള ഹൈദരാബാദ് എഫ്‌സിയെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇതുവരെയുള്ള മത്സരഫലങ്ങളും അത്ര മികച്ചതല്ല. ഏഴു മത്സരങ്ങൾ കളിച്ച അവർ അതിൽ വിജയം നേടിയത് രണ്ടെണ്ണത്തിൽ മാത്രമാണ്. മൂന്നു മത്സരങ്ങളിൽ തോൽവി വഴങ്ങിയ ടീം പലപ്പോഴും വിജയിക്കേണ്ട മത്സരങ്ങൾ അവിശ്വസനീയമായി തുലച്ചിട്ടുണ്ട്.

കൊച്ചിയിലെ മൈതാനത്തിറങ്ങുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ഇരട്ടി കരുത്തോടെ പോരാടുമെന്നാണ് ഹൈദരാബാദ് എഫ്‌സിയുടെ പരിശീലകനായ താങ്‌ബോയ് സിങ്തോ പറയുന്നത്. അവർക്ക് ഊർജ്ജം നൽകുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെയും അദ്ദേഹം പ്രശംസിച്ചു.

“വലിയ ഊർജ്ജവുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക. ആ ഊർജ്ജം ടീമിൽ നിന്ന് മാത്രമല്ല, ആരാധകരിൽ നിന്നു കൂടിയാണ് വരുന്നത്. അവർ ഇന്ത്യയിലെ ഏറ്റവും വലിയ ആരാധകക്കൂട്ടമാണ്, ചിലപ്പോൾ ലോകത്തിലെ തന്നെ എന്നു ഞാൻ പറയും.” സിങ്തോ പറഞ്ഞു.

മുൻപ് കേരള ബ്ലാസ്റ്റേഴ്‌സ് സഹപരിശീലകനായടക്കം സിങ്തോ പ്രവർത്തിച്ചിട്ടുണ്ട്. ഇന്നത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന് മുൻതൂക്കമുണ്ടെങ്കിലും ചില താരങ്ങളുടെ അഭാവം ടീമിനെ ബാധിക്കും. ഇന്ന് വിജയിച്ചില്ലെങ്കിൽ ടീമിന്റെ നില കൂടുതൽ പരുങ്ങലിലേക്ക് പോകാനും സാധ്യതയുണ്ട്.

Hyderabad FCKerala Blasters
Comments (0)
Add Comment