ഇന്ത്യക്കു വേണ്ടിയും ഇന്ത്യൻ താരങ്ങൾക്ക് വേണ്ടിയും ഇനിയും ഞാനത് ചെയ്യും, തന്റെ പ്രവൃത്തിയെ ന്യായീകരിച്ച് സ്റ്റിമാക്ക് | Igor Stimac

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സാഫ് ചാമ്പ്യൻഷിപ്പിൽ നടന്ന മത്സരം ആവേശകരമായ ഒന്നായിരുന്നു. ഫിഫ റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ പിന്നിൽ നിൽക്കുന്ന പാക്കിസ്ഥാനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഇന്ത്യ കീഴടക്കിയത്. നായകൻ സുനിൽ ഛേത്രി രണ്ടു പെനാൽറ്റി ഉൾപ്പെടെ ഹാട്രിക്ക് ഗോളുകൾ നേടിയപ്പോൾ മറ്റൊരു ഗോൾ നേടിയത് ഉദാന്ത സിങാണ്. പാകിസ്ഥാന് യാതൊരു അവസരവും നൽകാതെ നേടിയ വിജയം ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്ന ഒന്നാണ്.

മത്സരത്തിന് ശേഷം ഇന്ത്യൻ പരിശീലകനായ ഇഗോർ സ്റ്റിമാക്കിനു നേരെ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടു മുൻപ് പാകിസ്ഥാൻ താരം ത്രോ എടുക്കുന്നത് സ്റ്റിമാക്ക് തട്ടിക്കളയുകയും അതിന്റെ പേരിൽ രണ്ടു ടീമിലെയും താരങ്ങൾ തമ്മിൽ ചെറിയ രീതിയിൽ സംഘർഷം നടക്കുകയും ചെയ്‌തിരുന്നു. സ്റ്റിമാക്കിന്റെ പ്രവൃത്തി അനാവശ്യമായ ഒന്നായിരുന്നെങ്കിലും അതിനെ ന്യായീകരിച്ചു കൊണ്ടാണ് അദ്ദേഹം കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

“ഫുട്ബോൾ എന്നു പറയുന്നത് അഭിനിവേശമാണ്, പ്രത്യേകിച്ചും സ്വന്തം രാജ്യത്തിന്റെ നിറങ്ങളെ പ്രതിനിധീകരിക്കുന്ന സമയത്ത്. കഴിഞ്ഞ ദിവസമുണ്ടായ പ്രവൃത്തിയുടെ പേരിൽ നിങ്ങൾക്കെന്നെ വെറുക്കാം, ഇഷ്‌ടപ്പെടാം. എന്നാൽ ഞാനൊരു പോരാളിയാണ്, നീതിപൂർവമല്ലാത്ത തീരുമാനങ്ങൾ കാരണം എന്റെ താരങ്ങളെ സംരക്ഷിക്കേണ്ട ഒരു സാഹചര്യം വന്നാൽ ഞാൻ തീർച്ചയായും ഇനിയും ഇതുപോലെ തന്നെ ചെയ്യും.” ഇന്ത്യൻ പരിശീലകൻ ട്വീറ്റിൽ പറഞ്ഞു.

ചുവപ്പുകാർഡ് ലഭിച്ച സ്റ്റിമാക്കിനു നേപ്പാളിനെതിരെ നടക്കുന്ന അടുത്ത മത്സരത്തിൽ പുറത്തിരിക്കേണ്ടി വരും. നാളെയാണ് (ജൂൺ 24) നേപ്പാളിനെതിരെ ഇന്ത്യ രണ്ടാമത്തെ മത്സരത്തിനായി ഇറങ്ങുന്നത്. അതേസമയം കുവൈറ്റിനെതിരെ നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ അദ്ദേഹത്തിന് പങ്കെടുക്കാൻ കഴിയും. ഈ രണ്ടു രാജ്യങ്ങളും റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ വളരെ പിന്നിൽ നിൽക്കുന്നവയാണ്.

Igor Stimac Expain His Aggression Against Pakistan

Igor StimacIndian FootballPakistanSAFF Championship
Comments (0)
Add Comment