സുനിൽ ഛേത്രിയുടെ പകരക്കാരനാവാൻ കഴിയുന്നവൻ ബ്ലാസ്റ്റേഴ്‌സിലുണ്ട്, ഇന്ത്യൻ താരത്തെ പ്രശംസിച്ച് ഇഗോർ സ്റ്റിമാച്ച് | Igor Stimac

ഇന്ത്യയിലെ ഫുട്ബോൾ ആരാധകരെ സംബന്ധിച്ച് ഏറ്റവും വലിയ ആശങ്കയാണ് ടീമിന്റെ നായകനായ സുനിൽ ഛേത്രിയുടെ പകരക്കാരനാവാൻ ഏതു താരത്തിന് കഴിയുമെന്നത്. 2005 മുതൽ ഇന്ത്യൻ ടീമിലെ സാന്നിധ്യമായ താരം തന്നെയാണ് മുപ്പത്തിയൊമ്പതാം വയസിലും ഇന്ത്യയുടെ പ്രധാന സ്‌ട്രൈക്കർ. ആ സ്ഥാനത്തേക്ക് വരാൻ മറ്റൊരു കളിക്കാരനും ഇതുവരെ കഴിഞ്ഞിട്ടില്ല.

നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ഏഷ്യൻ കപ്പിൽ ഇന്ത്യയുടെ പ്രധാന സ്‌ട്രൈക്കറായി കളിക്കുന്നത് മുപ്പത്തിയൊൻപതു വയസുള്ള ഛേത്രി തന്നെയാണ്. ഇപ്പോഴും മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും പ്രായത്തിന്റെ തളർച്ച താരത്തെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. നിലവിൽ ഛേത്രിക്ക് പകരക്കാരനാവാൻ കഴിയുക ബ്ലാസ്റ്റേഴ്‌സ് താരം ഇഷാൻ പണ്ഡിറ്റക്കാണെന്നാണ് സ്റ്റിമാച്ച് പറയുന്നത്.

“സുനിൽ ഛേത്രിയുടെ അഭാവത്തിൽ അതിനു പകരക്കാരനായി ഉണ്ടാകുമെന്ന് ഞങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്നത് അവനെയാണ്. പണ്ഡിറ്റയുടെ കാര്യത്തിൽ ഞങ്ങൾ കുറച്ചു കൂടി ക്ഷമ കാണിക്കേണ്ടത് അത്യാവശ്യമാണ്. ബെഞ്ചിൽ നിന്നും വന്നതിനു ശേഷം തനിക്ക് ലഭിക്കുന്ന അവസരങ്ങൾ കൃത്യമായി മനസിലാക്കാനുള്ള കഴിവും അവനിലുണ്ട്.” സ്റ്റിമാച്ച് പറഞ്ഞു.

ഏഷ്യൻ കപ്പ് സ്‌ക്വാഡിനൊപ്പമുള്ള ഇഷാൻ പണ്ഡിറ്റക്ക് ആദ്യത്തെ മത്സരത്തിൽ ഫിറ്റ്നസ് പ്രശ്‌നം കാരണം കളിക്കാൻ കഴിഞ്ഞിരുന്നില്ല. അതേസമയം ഉസ്ബെക്കിസ്ഥാനെതിരെ എഴുപത്തിരണ്ടാം മിനുട്ടിൽ ഛേത്രിക്ക് പകരക്കാരനായി പണ്ഡിറ്റ കളത്തിലിറങ്ങിയിരുന്നു. ഇന്ത്യ മൂന്നു ഗോളുകൾക്ക് തോൽവി വഴങ്ങിയ മത്സരത്തിൽ താരത്തിന് കൂടുതലൊന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല.

ഇഷാൻ പണ്ഡിറ്റക്ക് ഇന്ത്യയുടെ മുന്നേറ്റനിരയിൽ പ്രധാനിയായി മാറാൻ കഴിയുമെന്ന വിശ്വാസം സ്റ്റിമാച്ചിന് ഉണ്ടെങ്കിലും താരം കളിക്കുന്ന ബ്ലാസ്റ്റേഴ്‌സിൽ അവസരങ്ങൾ കുറവാണ്. നിലവിൽ പെപ്ര, ദിമിത്രിയോസ് എന്നീ വിദേശതാരങ്ങൾക്കൊപ്പം സെർനിച്ച് കൂടിയെത്തുന്നതോടെ ഇഷാൻ പണ്ഡിറ്റയുടെ അവസരങ്ങൾ കൂടുതൽ പരിമിതപ്പെടാനാണ് സാധ്യത.

Igor Stimac Talks About Ishan Pandita

Igor StimacIndian Football TeamIshan PanditaKerala BlastersSunil Chhetri
Comments (0)
Add Comment