ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചക്കായി നിരവധി പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നുണ്ട്. 2047ൽ ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിനു നൂറു വർഷങ്ങൾ തികയുന്ന സമയത്ത് ഇന്ത്യയെ ഏഷ്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കി അവതരിപ്പിച്ചിരുന്നു. മൂന്നു ഘട്ടങ്ങളായാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്. ആഴ്സൺ വെങ്ങറടക്കമുള്ള ഫുട്ബോളിൽ ഐതിഹാസിക സ്ഥാനം പേറുന്നവർ ഇതിനു പിന്തുണ നൽകാമെന്ന് വാഗ്ദാനവും നൽകിയിട്ടുണ്ട്.
ഇതിനിടയിൽ ഇന്ത്യൻ ഫുട്ബോൾ ടീമിനെത്തേടി മികച്ചൊരു ഓഫർ കൂടി വന്നിട്ടുണ്ട്. 2023 മാർച്ച് മാസത്തിൽ നടക്കുന്ന വെസ്റ്റ് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ക്ഷണം ഇന്ത്യൻ ഫുട്ബോൾ ടീമിനെത്തേടി എത്തിയിട്ടുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ ലോകകപ്പ് കളിച്ച ടീമുകളായ സൗദി അറേബ്യ, ഖത്തർ എന്നിവക്കു പുറമെ ജോർദാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്റൈൻ, സിറിയ, ഇറാഖ്, ഒമാൻ, കുവൈറ്റ്, ലെബനൻ, യെമൻ, പലസ്തീൻ എന്നീ രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റാണിത്.
ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിച്ച ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ഒഫിഷ്യലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ടൂർണമെന്റിൽ പങ്കെടുക്കാനുള്ള ക്ഷണം സംഘാടകരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടെന്നും അതിനു സമ്മതം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ടൂർണമെന്റിന് ക്ഷണം വഴി പങ്കെടുക്കുന്ന ഏതാനും ടീമുകൾ ഉണ്ടാകുമെന്നും അതിന്റെ ഭാഗമായാണ് ഇന്ത്യയെ വിളിച്ചതെന്നും പറഞ്ഞ അദ്ദേഹം ഔദ്യോഗികമായ സ്ഥിരീകരണം ഇക്കാര്യത്തിൽ ഉണ്ടാകുന്നതിനായി കാത്തിരിക്കുകയാണെന്നും വ്യക്തമാക്കി.
India in WAFF. #WestAsianFootballFederation #WAFF #Football pic.twitter.com/hiDcSo6xRX
— RVCJ Sports (@RVCJ_Sports) January 12, 2023
വാഫ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ഇന്ത്യക്കുള്ള അവസരം സ്ഥിരീകരിക്കപ്പെട്ടാൽ അത് ഇഗോർ സ്റ്റിമാക്കിന്റെ ടീമിന് വലിയൊരു നേട്ടം തന്നെയാണ്. ഇന്ത്യയേക്കാൾ മികച്ച ടീമുകളുമായാണ് അവർ മത്സരങ്ങൾ കളിക്കുക. നേരത്തെ തന്നെ ഇന്ത്യൻ ടീമിനെ മെച്ചപ്പെടുത്താൻ ഇന്ത്യയേക്കാൾ മികച്ച ടീമുകളുമായി സൗഹൃദമത്സരം കളിക്കണമെന്ന പദ്ധതി മുന്നോട്ടു വെച്ചിരുന്നു. വാഫ് ചാമ്പ്യൻഷിപ്പിൽ കളിക്കാൻ കഴിഞ്ഞാൽ ഇന്ത്യൻ ഫുട്ബോളിന് കൂടുതൽ പരിചയസമ്പത്ത് നേടാൻ കഴിയും.