2023 ആരംഭിച്ചതിനു ശേഷം കളിച്ച മൂന്നു ടൂർണമെന്റിലും കിരീടങ്ങൾ സ്വന്തമാക്കിയ ഇന്ത്യൻ ഫുട്ബോൾ ടീമിന് അഭിമാനമായി പുതിയ ഫിഫ റാങ്കിങ്. ജൂലൈയിലെ റാങ്കിങ് നില പുറത്തു വന്നപ്പോൾ ആദ്യ നൂറു സ്ഥാനങ്ങളിൽ എത്തിയ ഇന്ത്യൻ ഫുട്ബോൾ ടീം നിലവിൽ തൊണ്ണൂറ്റിയൊമ്പതാം സ്ഥാനത്താണ്. ഇതോടെ 2018നു ശേഷമുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഏറ്റവും മികച്ച റാങ്കിങ് കൂടിയാണിത്. 1996ൽ 94ആം സ്ഥാനത്തേക്ക് മുന്നേറിയതാണ് ഇന്ത്യയുടെ ഏറ്റവുമുയർന്ന ഫിഫ റാങ്കിങ്.
2023ൽ ഇന്ത്യ മൂന്നു ടൂർണമെന്റുകളിൽ ഇറങ്ങിയിരുന്നു. ഒരു ത്രിരാഷ്ട്ര ടൂർണമെന്റ്, അതിനു ശേഷം ഇന്റർകോണ്ടിനെന്റൽ കപ്പ്, അതിനു ശേഷം സാഫ് ചാമ്പ്യൻഷിപ്പ് എന്നിവയിലാണ് ഇന്ത്യ ഇറങ്ങിയത്. ഇതിൽ ത്രിരാഷ്ട്ര ടൂർണമെന്റിൽ ദുർബലരായ എതിരാളികൾ ആയിരുന്നെങ്കിലും മറ്റു മത്സരങ്ങളിൽ തുല്യ ശക്തികളായ ടീമുകളോട് പൊരുതിയാണ് ഇന്ത്യ കിരീടങ്ങൾ നേടിയത്.
POT 2 confirmed for the #BlueTigers🐯.🔥
India🇮🇳 moves to 9⃣9⃣ in the latest FIFA World Ranking.⏫#IndianFootball⚽️ #FIFA pic.twitter.com/GHnJjroTtt
— The Bridge Football (@bridge_football) July 20, 2023
നിലവിൽ 1208.69 പോയിന്റ് നേടിയ ഇന്ത്യൻ ടീം തൊണ്ണൂറ്റിയൊമ്പതാം സ്ഥാനത്ത് നിൽക്കുമ്പോൾ സാഫ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയോട് സെമി ഫൈനലിൽ തോൽവി വഴങ്ങിയ ലെബനൻ തൊട്ടു പിന്നിൽ നൂറാം സ്ഥാനത്താണ് നിൽക്കുന്നത്. സാഫ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യയോട് തോൽവി വഴങ്ങിയ കുവൈറ്റ് റാങ്കിങ് മെച്ചപ്പെടുത്തി 137ആം സ്ഥാനത്താണ്.
റാങ്കിങ്ങിൽ നൂറാം സ്ഥാനത്തിന്റെ ഉള്ളിൽ വന്നതോടെ 2026 ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ പോട്ട് 2വിൽ സ്ഥാനമുറപ്പിക്കാനും ഇന്ത്യക്ക് കഴിയും. ഇത് ലോകകപ്പ് യോഗ്യത നേടാനുള്ള ഇന്ത്യയുടെ സാധ്യതകൾ വർധിപ്പിക്കുമെന്നതിൽ സംശയമില്ല. അടുത്ത ലോകകപ്പിൽ കൂടുതൽ ടീമുകൾക്ക് ലോകകപ്പ് കളിക്കാമെന്നിരിക്കെ ശരിയായ പാതയിലൂടെ മുന്നോട്ടു പോയാൽ ഇന്ത്യക്ക് ലോകകപ്പ് യോഗ്യത അത്ര ദൂരെയാകില്ല.
India Move To 99th Place In FIFA Ranking