ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസൺ എന്നാണു ആരംഭിക്കുകയെന്നു തീരുമാനമായി. അൽപ്പം മുൻപാണ് സെപ്‌തംബർ 13 മുതൽ പുതിയ സീസണിന് തുടക്കം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. ഇന്ത്യയിലെ പ്രധാനപ്പെട്ട ഫുട്ബോൾ മാമാങ്കത്തിന് ഇനി ഒരു മാസം കൂടി കാത്തിരുന്നാൽ മതി.
2014 മുതൽ ആരംഭിച്ച ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാമത് എഡിഷനാണ് പുതിയ സീസൺ. ഇതിനിടയിൽ നിരവധി മാറ്റങ്ങളിലൂടെ ലീഗ് കടന്നു പോയിട്ടുണ്ട്. കളിക്കുന്ന ടീമുകളുടെ എണ്ണത്തിൽ മാറ്റമുണ്ടായതിനു പുറമെ മത്സരങ്ങളുടെ നിലവാരവും ഉയർന്നിട്ടുണ്ട്. ഇന്ത്യയിലെ ഒന്നാം ഡിവിഷൻ ഫുട്ബോൾ ലീഗായും ഇതിനിടയിൽ ഇന്ത്യൻ സൂപ്പർ ലീഗ് മാറി.
🚨| OFFICIAL: Indian Super League 2024-25 season starts on September 13. #KBFC pic.twitter.com/Z1Wr1RD4mj
— KBFC XTRA (@kbfcxtra) August 10, 2024
ഐ ലീഗ് ജേതാക്കൾക്ക് ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് പ്രമോഷൻ ഉള്ളതിനാൽ തന്നെ ഇത്തവണ പതിമൂന്നു ടീമുകളാണ് ലീഗിലുണ്ടാവുക. കൊൽക്കത്തയിൽ നിന്നുള്ള മുഹമ്മദൻസ് എഫ്‌സിയാണ് ലീഗിലേക്ക് ഈ സീസണിൽ വരാൻ പോകുന്ന പുതിയ എൻട്രി. ഹൈദരാബാദ് എഫ്‌സിയുടെ കാര്യത്തിൽ അനിശ്ചിതത്വം ഉണ്ടെങ്കിലും അവരും ലീഗ് കളിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിനായി ടീമുകൾ മികച്ച രീതിയിൽ തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. പല ടീമുകളും പ്രീ സീസൺ മത്സരങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. ഇനി ചില ക്ലബുകൾക്ക് ഏതാനും താരങ്ങളെ സ്വന്തമാക്കാൻ ബാക്കിയുണ്ട്. ഐഎസ്എൽ സീസണിന് മുന്നോടിയായുള്ള ഡ്യൂറൻഡ് കപ്പിൽ പങ്കെടുത്തു കൊണ്ടിരിക്കുകയാണ് ടീമുകളിപ്പോൾ.
മോഹൻ ബഗാൻ, മുംബൈ സിറ്റി എന്നിവർ തന്നെയാകും ഇത്തവണയും ലീഗിൽ ആധിപത്യം പുലർത്താൻ സാധ്യത. ഈസ്റ്റ് ബംഗാൾ മികച്ചൊരു ടീമിനെ ഒരുക്കിയെടുത്തിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് ഇനിയും ചില താരങ്ങളെക്കൂടി സ്വന്തമാക്കാൻ ബാക്കിയുണ്ട്. എല്ലാ വർഷത്തെയും പോലെ ഒരു ടീമിന് വ്യക്തമായ ആധിപത്യമുണ്ടെന്ന് ഇത്തവണയും പറയാൻ കഴിയില്ല.