അബദ്ധങ്ങളുടെ ഘോഷയാത്രക്ക് എന്നാണ് അവസാനമാവുക, ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത പിഴവുകൾ

ഒരിക്കൽക്കൂടി വ്യക്തിഗത പിഴവുകൾ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കയ്യിലിരുന്ന മത്സരത്തെ നശിപ്പിച്ചതാണ് ഇന്നലെ കണ്ടത്. ആദ്യം മുംബൈ ആധിപത്യം പുലർത്തിയ മത്സരത്തിൽ പിന്നീട് അതിശക്തമായി ബ്ലാസ്റ്റേഴ്‌സ് തിരിച്ചു വന്നെങ്കിലും അവസാനം പടിക്കൽ കലമുടക്കുകയായിരുന്നു.

രണ്ടു പകുതികളിലുമായി മുംബൈ രണ്ടു ഗോളുകൾ നേടി മുന്നിലെത്തിയതിനു ശേഷമാണ് കേരള ബ്ലാസ്റ്റേഴ്‌സ് വിശ്വരൂപം കാണിച്ചത്. പെനാൽറ്റിയിലൂടെ ജീസസ് ജിമിനസും അതിനു ശേഷം ഒരു ഹെഡറിലൂടെ പെപ്രയും ഗോളുകൾ നേടിയെങ്കിലും അതെല്ലാം അടുത്ത നിമിഷത്തിൽ തന്നെ ഇല്ലാതായി.

ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവിന് തുടക്കമിട്ട പെപ്ര തന്നെയാണ് വില്ലനുമായത്. ആവേശത്തോടെ കളിച്ച താരമാണ് പെനാൽറ്റി നേടിയെടുത്തതും രണ്ടാമത്തെ ഗോൾ കുറിച്ചതും. എന്നാൽ അതിനു ശേഷം നടത്തിയ ഗോളാഘോഷം എല്ലാം നശിപ്പിച്ചു.

രണ്ടാമത്തെ ഗോൾ നേടിയതിനു ശേഷം ജേഴ്‌സി ഊരിയുള്ള സെലിബ്രെഷൻ എന്ന അബദ്ധമാണ് പെപ്ര കാണിച്ചത്. അതിനു മുൻപ് ഒരു മഞ്ഞക്കാർഡ് നേടിയ താരം അതോടെ രണ്ടാമത്തെ മഞ്ഞക്കാർഡും ചുവപ്പുകാർഡും വാങ്ങി പുറത്തു പോവുകയായിരുന്നു.

ഒരു പ്രൊഫെഷണൽ താരത്തിൽ നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത അബദ്ധമാണ് പെപ്ര കാണിച്ചത്. ഇതോടെ നാലാമത്തെ മത്സരത്തിലാണ് വ്യക്തികളുടെ പിഴവുകൾ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി നൽകുന്നത്. വീണ്ടും തോറ്റതോടെ ടീമിന്റെ നിലയും പരുങ്ങലിലായിട്ടുണ്ട്.

ISLKerala Blasters
Comments (0)
Add Comment