അഞ്ചു കോടിയോളം വെള്ളത്തിലായി, കേരള ബ്ലാസ്റ്റേഴ്‌സിന്റെ ശനിദശക്ക് അവസാനമില്ല | Kerala Blasters

ഒരുപാട് ആശങ്കകളോടെയാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താമത്തെ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. ടീമിനു വേണ്ട താരങ്ങളെ സ്വന്തമാക്കാൻ ക്ലബ് നേതൃത്വം സമയമെടുത്തു എന്നതാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രധാനമായും ആശങ്കയുണ്ടാക്കിയത്. ഡ്യൂറന്റ് കപ്പിൽ ടീമിന്റെ മോശം പ്രകടനം കൂടിയായപ്പോൾ ഈ സീസണിൽ അധികമൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന തോന്നൽ ആരാധകർക്കുണ്ടായി. ഡ്യൂറന്റ് കപ്പിനു ശേഷം നടത്തിയ സൈനിംഗുകളിലും അവർ കൂടുതൽ പ്രതീക്ഷയൊന്നും നൽകിയില്ല.

എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ ആരംഭിച്ചപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനമാണ് നടത്തിയത്. പുതിയതായി ടീമിലെത്തിയ താരങ്ങൾ ഒത്തിണക്കത്തോടെ കളിച്ചപ്പോൾ ആദ്യത്തെ രണ്ടു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കി. മുംബൈ സിറ്റിക്കെതിരെ ടീം തോൽവി വഴങ്ങിയെങ്കിലും ടീം മികച്ച പ്രകടനമാണ് നടത്തിയത്. രണ്ടു പിഴവുകളിൽ നിന്നും വഴങ്ങിയ രണ്ടു ഗോളുകൾ ഇല്ലായിരുന്നെങ്കിൽ മത്സരത്തിൽ സമനിലയോ വിജയമോ ടീമിന് സ്വന്തമാക്കാൻ കഴിയുമായിരുന്നു.

അതേസമയം ടീമിന്റെ മികച്ച പ്രകടനത്തിനിടയിൽ ആരാധകർക്ക് കൂടുതൽ ആശങ്കയാകുന്നത് പ്രധാന താരങ്ങളുടെ പരിക്കാണ്. അവസാനം പരിക്ക് പറ്റിയത് മുംബൈ സിറ്റിക്കെതിരായ മത്സരത്തിൽ ലെഫ്റ്റ് ബാക്കായ ഐബാനാണ്. താരത്തിന് ഈ സീസൺ മുഴുവൻ നഷ്‌ടമാകുമെന്നാണ് കുറച്ചു സമയം മുൻപ് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഒന്നേ മുക്കാൽ കോടിയോളം നൽകി എഫ്‌സി ഗോവയിൽ നിന്നും സ്വന്തമാക്കിയ താരമാണ് സീസണിലെ മൂന്നാം മത്സരത്തിൽ തന്നെ പരിക്കേറ്റു പുറത്തു പോയത്.

പരിക്കിന്റെ തിരിച്ചടികൾ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യമായല്ല. ഇതിനു മുൻപ് ഓസ്‌ട്രേലിയയിൽ നിന്നും സ്വന്തമാക്കിയ ജോഷുവ സോട്ടിരിയോ ടീമിലെത്തി ഒരാഴ്‌ചക്കകം തന്നെ പരിക്കേറ്റു പുറത്തു പോയിരുന്നു. 2024 വരെ താരം പുറത്തിരിക്കുമെന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കിയത്. താരത്തിനായി മൂന്നര കോടിയോളം രൂപയാണ് ബ്ലാസ്റ്റേഴ്‌സ് മുടക്കിയത്. പകരക്കാരനായി എത്തിയ ജാപ്പനീസ് താരം ഡൈസുകെ മികച്ച പ്രകടനം നടത്തുന്നത് മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് ആശ്വാസം.

സീസൺ തുടങ്ങിയപ്പോൾ തന്നെ രണ്ടു പ്രധാന താരങ്ങളെ പരിക്ക് കാരണം നഷ്‌ടമായത് ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് തിരിച്ചടി തന്നെയാണ്. ഈ താരങ്ങളെല്ലാം ദീർഘകാലം പുറത്തിരിക്കേണ്ടി വരുമെന്നത് അവർക്ക് കൂടുതൽ ആശങ്ക നൽകുന്നു. സോട്ടിരിയോക്ക് പകരക്കാരനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയെങ്കിലും ഐബാനു പകരക്കാരനായി മറ്റൊരു താരം ടീമിലെത്താൻ സാധ്യതയില്ല. ഇതിനു പുറമെ ഇഷാൻ, സൗരവ്, ലെസ്‌കോവിച്ച് മുതലായ താരങ്ങളും പരിക്കേറ്റു പുറത്തിരിക്കുകയാണ്.

Two Players Long Term Injury Concern For Kerala Blasters

AIban DohlingISLJaushua SotirioKerala Blasters
Comments (0)
Add Comment