ലയണൽ മെസി വന്നതിനു ശേഷം ഇന്റർ മിയാമിയുടെ ഫോമിലുണ്ടായ മാറ്റം അവിശ്വസനീയമാണ്. തുടർച്ചയായ പരാജയങ്ങൾ ഏറ്റുവാങ്ങിയിരുന്ന ടീം തുടർച്ചയായ വിജയങ്ങളുടെ കുതിക്കുന്നു. മെസി ഇറങ്ങിയ മൂന്നു മത്സരങ്ങളിൽ മൂന്നിലും അവർ വിജയം സ്വന്തമാക്കി. അതിനു പുറമെ അർജന്റീന താരം എത്തിയതിനു ശേഷം അവരുടെ പ്രകടനത്തിന്റെ നിലവാരവും വലിയ രീതിയിൽ മെച്ചപ്പെട്ടിട്ടുണ്ട്.
ലയണൽ മെസി മൂന്നു മത്സരങ്ങൾ ഇന്റർ മിയാമിയിൽ കളിച്ചെങ്കിലും അതിലൊന്നു പോലും ലീഗ് മാച്ച് ആയിരുന്നില്ല. മെക്‌സിക്കൻ ടീമുകൾ അടക്കം പങ്കെടുക്കുന്ന ലീഗ് കപ്പ് ചാമ്പ്യൻഷിപ്പിലാണ് ലയണൽ മെസി ഇറങ്ങിയത്. ഇതിൽ കളിച്ച മത്സരങ്ങളിലെല്ലാം വിജയം സ്വന്തമാക്കിയതോടെ അടുത്ത ഘട്ടത്തിലേക്ക് ഇന്റർ മിയാമി മുന്നേറിയിട്ടുണ്ട്. അവസാനത്തെ പതിനാറു ടീമുകളിൽ ഒന്നായി മാറിയ ഇന്റർ മിയാമി നാളെ പ്രീ ക്വാർട്ടർ മത്സരത്തിനായി ഇറങ്ങുകയാണ്.
Messi, Busquets, and the rest of Inter Miami squad heading to Dallas ✈️
📷: @InterMiamiCF #LeaguesCup2023 pic.twitter.com/IviA5WaF7A
— MARCA in English (@MARCAinENGLISH) August 5, 2023
എംഎൽഎസ് വെസ്റ്റേൺ കോൺഫറൻസിൽ എട്ടാം സ്ഥാനത്തു നിൽക്കുന്ന എഫ്‌സി ഡള്ളാസ് ആണ് അടുത്ത മത്സരത്തിൽ ഇന്റർ മിയാമിയുടെ എതിരാളി. ഇന്ത്യൻ സമയം നാളെ (ഓഗസ്റ്റ് 7) രാവിലെ ഏഴു മണിക്കാണ് മത്സരം ആരംഭിക്കുക. ഇന്ത്യയിൽ മത്സരത്തിന് ടെലികാസ്റ്റ് ഇല്ല. ആപ്പിൾ പ്ലസ് അക്കൗണ്ട് ഉള്ളവർക്ക് എംഎൽഎസ് പാസ് ഉപയോഗിച്ച് മത്സരം കാണാം. അല്ലാത്തവർ ഇന്റർ മിയാമിയുടെ മത്സരം കാണാൻ മറ്റുള്ള മാർഗങ്ങൾ തേടേണ്ടി വരും.
എംഎൽഎസ് ഈസ്റ്റേൺ കോൺഫറൻസിൽ അവസാനസ്ഥാനത്തു നിൽക്കുന്ന ടീമാണ് ഇന്റർ മിയാമി. വെസ്റ്റേൺ കോൺഫറൻസിൽ എട്ടാം സ്ഥാനത്തു നിൽക്കുന്ന ടീമാണ് ഡള്ളാസ് എങ്കിലും കഴിഞ്ഞ മത്സരങ്ങളിൽ അതിനേക്കാൾ മുന്നിൽ നിൽക്കുന്ന ടീമുകളെ ഇന്റർ മിയാമി പരാജയപ്പെടുത്തിയിരുന്നു. മെസിക്കൊപ്പം ബുസ്‌ക്വറ്റ്സ്, ആൽബ എന്നീ താരങ്ങളുള്ളതും ഇന്റർ മിയാമിക്ക് കരുത്ത് നൽകുന്നു. ഇന്റർ മിയാമിക്ക് ആദ്യത്തെ കിരീടം നൽകുകയെന്നതാണ് ഇവരുടെ ലക്‌ഷ്യം.
Inter Miami Vs FC Dallas In League Cup