മെസി എഫക്റ്റ് ചിന്തിക്കാൻ കഴിയുന്നതിനപ്പുറം, അമേരിക്കയിൽ ഇന്റർ മിയാമിയാണ് നമ്പർ വൺ | Messi

പിഎസ്‌ജി കരാർ അവസാനിച്ചതിനു ശേഷം അമേരിക്കൻ ലീഗിലെത്തിയ ലയണൽ മെസി അവിടെ വലിയ തരംഗമാണ് സൃഷ്‌ടിച്ചു കൊണ്ടിരിക്കുന്നത്. ഖത്തർ ലോകകപ്പിൽ വിജയം നേടി കരിയർ പരിപൂർണതയിൽ എത്തിച്ചതിനു ശേഷമാണ് ലയണൽ മെസി ഇന്റർ മിയാമിയിലേക്ക് ചേക്കേറാനുള്ള തീരുമാനമെടുത്തത്. അമേരിക്കൻ ലീഗിന്റെ ചരിത്രത്തിൽതന്നെ, അവിടെ കളിക്കുന്ന ഏറ്റവും വലിയ താരമാണ് ലയണൽ മെസിയെന്ന കാര്യത്തിലും യാതൊരു സംശയവുമില്ല.

ഇന്റർ മിയാമിയിൽ രണ്ടു മത്സരങ്ങളിൽ കളത്തിലിറങ്ങിയ ലയണൽ മെസി ഗംഭീര പ്രകടനമാണ് ടീമിനു വേണ്ടി നടത്തിയത്. ആദ്യത്തെ മത്സരത്തിൽ ഫ്രീ കിക്കിലൂടെ ഗോൾ നേടി ടീമിനെ വിജയത്തിലെത്തിച്ച മെസി രണ്ടാമത്തെ മത്സരത്തിൽ രണ്ടു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കുകയുണ്ടായി. ഈ സീസണിൽ മോശം ഫോമിലായിരുന്ന ഇന്റർ മിയാമി മെസി വന്നതിനു ശേഷം വലിയ ആത്മവിശ്വാസത്തോടെയാണ് കളിക്കുന്നത്. മെസി ഇറങ്ങിയ രണ്ടു മത്സരങ്ങളിലെയും വിജയവും മികച്ച പ്രകടനവും അത് തെളിയിക്കുന്നു.

കളിക്കളത്തിൽ മാത്രമല്ല, അതിനു പുറത്തും ലയണൽ മെസി വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ലയണൽ മെസി എത്തിയതിനു ശേഷം ഇന്റർ മിയാമിയുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിലുണ്ടായ വളർച്ച തന്നെ ഇതിനുള്ള തെളിവാണ്. നിലവിൽ ഇന്റർ മിയാമിയെ ഫോളോ ചെയ്യുന്ന ആളുകളുടെ എണ്ണം 12.8 മില്യണാണ്. ലയണൽ മെസി വരുന്നതിനു മുൻപ് ഒരു മില്യൺ ഫോളോവേഴ്‌സ് മാത്രം ഉണ്ടായിരുന്ന ഇന്റർ മിയാമിയാണ് പന്ത്രണ്ടിരട്ടി വളർച്ച ഒരു മാസത്തിനുള്ളിൽ ഉണ്ടാക്കിയിരിക്കുന്നത്.

നിലവിൽ ഇന്റർ മിയാമിയാണ് അമേരിക്കയിൽ ഏറ്റവുമധികം ആളുകൾ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്ന ഫുട്ബോൾ ക്ലബ്. അതിനു പുറമെ മേജർ സോക്കർ ലീഗിലെ മറ്റു ക്ലബുകളെല്ലാം ചേർന്നാലും ഇന്റർ മിയാമിക്ക് ഇപ്പോഴുള്ള ഫോളോവേഴ്‌സിനു പിന്നിലാണ്. കൂടാതെ അമേരിക്കയിലെ മറ്റു കായികഇനങ്ങളുടെ ലീഗുകളായ എൻഎച്ച്എൽ, എൻഎഫ്എൽ എന്നിവയിൽ കളിക്കുന്ന ക്ലബുകളെല്ലാം ഫോളോവേഴ്‌സിന്റെ എന്നതിൽ ഇന്റർ മിയാമിക്ക് പിന്നിലാണ്.

ലോകത്ത് ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന കായികയിനമാണ് ഫുട്ബോൾ. അതിന്റെ നെറുകയിൽ നിൽക്കുന്ന താരമാണ് ലയണൽ മെസി. സ്വാഭാവികമായും ലയണൽ മെസിയുടെ സാന്നിധ്യം ഇന്റർ മിയാമിക്ക് കൂടുതൽ കൂടുതൽ വളർച്ചയുണ്ടാക്കുമെന്നതിൽ സംശയമില്ല. അമേരിക്കയിലെ പ്രമുഖ സ്പോർട്ട്സ് ലീഗ് ആയ എൻബിഎയിലെ ക്ലബുകളെയും ഇന്റർ മിയാമി മറികടന്നാൽ അതിൽ അത്ഭുതപ്പെടാൻ കഴിയില്ല.

Inter Miami Most Followed Club In MLS After Messi

Inter MiamiLionel MessiMajor League SoccerMLS
Comments (0)
Add Comment