ഫുട്ബോളിലെ രണ്ട് LM10ഉം ഒരുമിക്കുന്നു, മെസിക്കൊപ്പം ഇന്റർ മിയാമിയിൽ കളിക്കാൻ ലൂക്ക മോഡ്രിച്ച് | Modric

സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒരാളാണ് ലൂക്ക മോഡ്രിച്ച്. ടോട്ടനത്തിൽ നിന്നും റയൽ മാഡ്രിഡിൽ എത്തിയ താരത്തിന് തുടക്കത്തിൽ തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും അതിനു ശേഷം ക്ലബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമായി മോഡ്രിച്ച് മാറി. റയൽ മാഡ്രിഡിനൊപ്പമുള്ള പ്രകടനവും ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലിലേക്ക് നയിച്ചതും കണക്കാക്കി ഒരു ബാലൺ ഡി ഓർ പുരസ്‌കാരവും താരം നേടി. ഒരുപാട് വർഷങ്ങൾക്ക് ശേഷം മെസി, റൊണാൾഡോ എന്നിവരല്ലാതെ ബാലൺ ഡി ഓർ നേടുന്ന താരം കൂടിയാണ് മോഡ്രിച്ച്.

മുപ്പത്തിയെട്ടുകാരനായ മോഡ്രിച്ചിന് റയൽ മാഡ്രിഡ് വിടാനുള്ള ഓഫറുകൾ ഉണ്ടായിരുന്നെങ്കിലും താരം ഒരു വർഷത്തേക്ക് കൂടി കരാർ പുതുക്കി ക്ലബിനൊപ്പം തുടരുകയായിരുന്നു. കഴിഞ്ഞ സീസൺ വരെ റയൽ മാഡ്രിഡ് മധ്യനിരയിലെ പ്രധാനിയായിരുന്നു മോഡ്രിച്ചെങ്കിലും ഈ സീസണിൽ അതിനു മാറ്റം വന്നിട്ടുണ്ട്. ബെല്ലിങ്ങ്ഹാം എത്തിയതോടെ അധിക മത്സരങ്ങളിലും ബെഞ്ചിലാണ് മോഡ്രിച്ചിന്റെ സ്ഥാനം. അടുത്ത വർഷം യൂറോ കപ്പ് നടക്കുന്നതിനാൽ അവസരങ്ങൾ കുറയുന്നത് തന്നെ ബാധിക്കുമെന്നതിനാൽ മോഡ്രിച്ച് ക്ലബ് വിടാനുള്ള സാധ്യത കൂടുതലാണ്.

അതിനിടയിൽ അമേരിക്കയിൽ നിന്നും പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ലൂക്ക മോഡ്രിച്ചിനെ സ്വന്തമാക്കാൻ ലയണൽ മെസിയുടെ ക്ലബായ ഇന്റർ മിയാമി ശ്രമം നടത്തുന്നുണ്ട്. ഇന്റർ മിയാമിയുടെ ഉടമയും മുൻ റയൽ മാഡ്രിഡ് താരവുമായ ഡേവിഡ് ബെക്കാമാണ് മോഡ്രിച്ചിനെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്. അമേരിക്കൻ ലീഗിൽ മികച്ച പ്രകടനം നടത്തുന്ന ഇന്റർ മിയാമിയെ രാജ്യത്തെ ഏറ്റവും മികച്ച ഫുട്ബോൾ ക്ലബാക്കി മാറ്റുകയാണ് അദ്ദേഹത്തിന്റെ ലക്‌ഷ്യം.

മോഡ്രിച്ചും റയൽ മാഡ്രിഡ് നേതൃത്വവും തമ്മിൽ വളരെ മികച്ച ബന്ധമാണുള്ളത്. അതുകൊണ്ടു തന്നെ അവസരങ്ങൾ കുറയുന്നതിന്റെ ഭാഗമായി ക്ലബ് വിടാനുള്ള താൽപര്യം പ്രകടിപ്പിച്ചാൽ റയൽ മാഡ്രിഡ് അതു നിഷേധിയ്ക്കാൻ യാതൊരു സാധ്യതയുമില്ല. ഒരുപക്ഷെ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ മോഡ്രിച്ച് ഇന്റർ മിയാമിയിൽ എത്താനുള്ള സാധ്യതയുണ്ട്. അതോടു കൂടി അടുത്ത സീസണിൽ എംഎൽഎസിലെ ഏറ്റവും മികച്ച ടീമായി അവർ മാറുമെന്നതിൽ സംശയമില്ല.

അതേസമയം എംഎൽഎസിലെ വേതനസംബന്ധമായ വ്യവസ്ഥകൾ ഇതിനു തടസ്സമാകുമോ എന്ന സംശയം ഇന്റർ മിയാമി നേതൃത്വത്തിനുണ്ട്. നിലവിൽ തന്നെ മെസി, ബുസ്‌ക്വറ്റ്സ്, ആൽബ എന്നിങ്ങനെ വമ്പൻ തുക പ്രതിഫലം വാങ്ങുന്ന താരങ്ങൾ ക്ലബിനൊപ്പമുള്ളതിനാൽ തടസങ്ങൾ ഉണ്ടാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ ട്രാൻസ്‌ഫർ നടന്നാൽ ഫുട്ബോളിലെ രണ്ട് എൽഎം 10കൾ ഒരുമിക്കുന്നതിനാണ് അതു വഴിയൊരുക്കുക.

Inter Miami Target Luka Modric

Inter MiamiLionel MessiLuka Modric
Comments (0)
Add Comment