ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് ലയണൽ മെസി ഇന്റർ മിയാമിയിലേക്ക് ചേക്കേറിയത്. പിഎസ്ജി കരാർ അവസാനിച്ച താരം ബാഴ്സലോണയിലേക്ക് തിരിച്ചു പോകാനാണ് ആഗ്രഹിച്ചതെങ്കിലും അത് നടക്കണമെങ്കിൽ ഏതെങ്കിലും താരത്തെ ഒഴിവാക്കേണ്ടി വരുമെന്ന സാഹചര്യം വന്നപ്പോൾ താരം തന്നെ അതിൽ നിന്നും പിൻമാറി. അതിനു പിന്നാലെ യൂറോപ്പ് വിടാനും ഡേവിഡ് ബെക്കാമിന്റെ ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറാനും മെസി തീരുമാനിച്ചു.
ഇന്റർ മിയാമിയിലേക്ക് മെസി എത്തിയത് ഒറ്റക്കല്ല. നിരവധി വർഷങ്ങളായി ബാഴ്സലോണക്ക് വേണ്ടി കളിച്ച് കരാർ അവസാനിച്ച താരങ്ങളായ സെർജിയോ ബുസ്ക്വറ്റ്സ്, ജോർഡി ആൽബ എന്നിവരും മെസിക്കൊപ്പം അമേരിക്കൻ ക്ലബ്ബിലേക്ക് ചേക്കേറി. മൂന്നു താരങ്ങളും എത്തിയതോടെ ഇന്റർ മിയാമി കരുത്തുറ്റ ടീമായി തങ്ങളുടെ ആദ്യത്തെ കിരീടം സ്വന്തമാക്കി. എന്നാൽ ലയണൽ മെസി പരിക്കേറ്റു കുറച്ചു കാലം പുറത്തിരുന്നതിനാൽ എംഎൽഎസ് പ്ലേ ഓഫിലെത്താൻ അവർക്ക് കഴിഞ്ഞില്ല.
🚨 Inter Miami hope to bring Gremio striker Luis Suárez to the club to join up with former Barcelona team-mate Messi.
(Source: Mirror) pic.twitter.com/teBP2ct9x1
— Transfer News Live (@DeadlineDayLive) October 19, 2023
ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ബാഴ്സലോണയിൽ മെസിയുടെ സഹതാരങ്ങളായ രണ്ടു പേരെക്കൂടി സ്വന്തമാക്കാൻ ഇന്റർ മിയാമി ഒരുങ്ങുന്നുണ്ട്. അതിൽ പുതിയ സീസൺ തുടങ്ങുന്നതിനു മുൻപ് തന്നെ ടീമിലെത്താൻ സാധ്യതയുള്ള താരം മെസിയുടെ ഉറ്റ സുഹൃത്തായ ലൂയിസ് സുവാരസാണ്. ബ്രസീലിയൻ ക്ലബായ ഗ്രെമിയോയിൽ കളിച്ചു കൊണ്ടിരുന്ന താരത്തിന്റെ കരാർ അവസാനിച്ചിട്ടുണ്ട്. അതിനാൽ തന്നെ താരത്തെ സ്വന്തമാക്കാൻ ഇന്റർ മിയാമിക്ക് എളുപ്പമാണ്.
🚨🚨🌕| Inter Miami wants to sign Sergi Roberto. @sport pic.twitter.com/U9pkewbEuU
— Managing Barça (@ManagingBarca) October 19, 2023
ഇന്റർ മിയാമി സ്വന്തമാക്കാൻ ലക്ഷ്യം വെക്കുന്ന മറ്റൊരു താരം ബാഴ്സലോണയിൽ ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്ന സ്പാനിഷ് താരം സെർജി റോബർട്ടോയെയാണ്. സാവിയുടെ ബാഴ്സലോണയിൽ മറ്റു കളിക്കാർ പരിക്കേറ്റു പുറത്തിരിക്കുമ്പോൾ പോലും താരത്തിന് അവസരങ്ങൾ കുറവാണ്. മെസി, ആൽബ, ബുസ്ക്വറ്റ്സ് എന്നിവരുമായി മുപ്പത്തിയൊന്നുകാരനായ താരം സംസാരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഈ ജനുവരിയിൽ തന്നെ റോബർട്ടോയെ സ്വന്തമാക്കാനാകും ഇന്റർ മിയാമി ശ്രമിക്കുക.
ഈ രണ്ടു താരങ്ങൾ കൂടി വന്നാൽ ഇന്റർ മിയാമി ഒരു മിനി ബാഴ്സലോണയായി മാറുമെന്ന് ഉറപ്പാണ്. അടുത്ത സീസണിന്റെ തുടക്കം മുതൽ തന്നെ ഈ താരങ്ങൾ ടീമിലുണ്ടെങ്കിൽ ഇന്റർ മിയാമിക്ക് മികച്ച പ്രകടനം നടത്തി ലീഗിൽ ആധിപത്യം സ്ഥാപിക്കാൻ കഴിയും. ഈ സീസണിന്റെ പകുതിയിലാണ് മെസി, ആൽബ, ബുസി എന്നിവർ എത്തിയത് എന്നതിനാൽ അതുവരെയുള്ള ടീമിന്റെ പ്രകടനം പ്ലേ ഓഫ് സാധ്യതകളെ ബാധിച്ചിരുന്നു. ഈ താരങ്ങൾ എത്തുന്നതോടെ മെസിക്ക് കുറച്ചുകൂടി അനായാസമായി കളിക്കാനുമാകും.
Inter Miami Target Luis Suarez And Sergi Roberto