ഇന്റർ മിയാമിയിലേക്ക് ലയണൽ മെസി ചേക്കേറാൻ തീരുമാനിച്ചതാണ് ഫുട്ബോൾ ലോകത്തെ പ്രധാന ചർച്ചാവിഷയം. യൂറോപ്പിൽ ഇനിയും നിരവധി വർഷങ്ങൾ മികച്ച ഫോമിൽ കളിക്കാൻ കഴിയുമെന്നിരിക്കെയാണ് ലയണൽ മെസി അമേരിക്കൻ ലീഗിലേക്ക് ചേക്കേറാൻ തീരുമാനിച്ചത്. ലയണൽ മെസിയെപ്പോലൊരു വമ്പൻ താരം നിലവിൽ പരിമിതമായ സൗകര്യങ്ങളിൽ കളിക്കുന്ന, മികച്ച ഫോമിലല്ലാത്ത ക്ലബ്ബിലേക്ക് ചേക്കേറുന്നതിനെ പലരും വിമർശിക്കുകയുണ്ടായി.
എന്നാൽ ലയണൽ മെസി എത്തിയതിനു പിന്നാലെ ഇന്റർ മിയാമി ടീമിൽ വലിയൊരു അഴിച്ചുപണി ഉണ്ടാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ബാഴ്സലോണയിലും അർജന്റീനയിലും ലയണൽ മെസിയുടെ സഹതാരങ്ങളായിരുന്ന കളിക്കാരെ എത്തിക്കാനുള്ള ശ്രമത്തിലാണ് ക്ലബെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ലയണൽ മെസിക്ക് ചുറ്റും പുതിയൊരു ടീമിനെ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമമാണ് ക്ലബ് നടത്തുന്നത്.
🚨🇺🇸 Inter Miami want to build a team around Leo Messi — negotiations with Sergio Busquets, Jordi Alba & Luis Suárez will start soon, reports @gastonedul. pic.twitter.com/qkgiZCCS0v
— EuroFoot (@eurofootcom) June 7, 2023
സീസൺ കഴിഞ്ഞതോടെ ബാഴ്സലോണ വിട്ട സെർജിയോ ബുസ്ക്വറ്റ്സ്, ജോർദി ആൽബ എന്നിവരാണ് ഇന്റർ മിയാമിയുടെ പ്രധാനപ്പെട്ട ലക്ഷ്യം. ഈ രണ്ടു താരങ്ങളും ക്ലബ്ബിലേക്ക് ചേക്കേറാൻ തയ്യാറുമാണ്. അതിനു പുറമെ ബ്രസീലിയൻ ക്ലബായ ഗ്രെമിയോയിൽ കളിക്കുന്ന മെസിയുടെ ഉറ്റസുഹൃത്തായ ലൂയിസ് സുവാറസിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങളും അവർ നടത്തുന്നു.
ഇന്റർ മിയാമി ലക്ഷ്യമിടുന്ന മറ്റൊരു താരം അർജന്റീനക്ക് ലോകകപ്പ് നേടിക്കൊടുത്തത് ഏഞ്ചൽ ഡി മരിയയാണ്. ഈ ഈ നാല് താരങ്ങളിൽ സുവാരസ് ഒഴികെ മൂന്നു പേരും ഫ്രീ ഏജന്റാണെന്നത് അവരെത്താനുള്ള സാധ്യത വർധിപ്പിക്കുന്നു. അതിനു പുറമെ അമേരിക്കൻ ലീഗിലേക്ക് ചേക്കേറാൻ ആഗ്രഹമുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ ഗ്രീസ്മാനും ഭാവിയിൽ ടീമിലേക്ക് വന്നേക്കും.
അമേരിക്കൻ ലീഗിൽ അത്ര മികച്ച പ്രകടനമല്ല ഇന്റർ മിയാമി നടത്തുന്നത്. ടീമിന് ആരാധകരും കുറവാണ്. എന്നാൽ ലയണൽ മെസിക്കൊപ്പം ഈ താരങ്ങൾ കൂടിയെത്തിയാൽ ഇത് രണ്ടിനെയും മറികടക്കാൻ കഴിയുമെന്നാണ് ക്ലബ് പ്രതീക്ഷിക്കുന്നത്.
Inter Miami Targets Five Players After Lionel Messi