ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നു നടക്കുന്ന മത്സരത്തിൽ ഒഡിഷ എഫ്സിയെ നേരിടാനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇതിനു മുൻപ് രണ്ടു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയിരുന്നു. എന്നാൽ അതിനു ശേഷം ഫോമിലേക്കു തിരിച്ചെത്തിയ ടീം അവസാനം കളിച്ച ആറു മത്സരങ്ങളിലും പരാജയം അറിഞ്ഞിട്ടില്ല. ആദ്യത്തെ മത്സരങ്ങൾക്കു ശേഷം നിരവധി പിഴവുകൾ ടീം പരിഹരിച്ചുവെന്നാണ് സഹപരിശീലകൻ ഇഷ്ഫാക് അഹമ്മദ് പറയുന്നത്.
“ഞങ്ങൾ നിലവിൽ കളിക്കുന്നതു പോലെ തന്നെ തുടരും. അതാണ് പൊസിറ്റീവായ റിസൾട്ടുകൾ കഴിഞ്ഞ ആറു മത്സരങ്ങളിലും നൽകിയത്. എതിരാളിയെ ബഹുമാനിച്ചു കൊണ്ടു തന്നെ പറയട്ടെ, വ്യത്യാസങ്ങൾ ഒന്നുമുണ്ടാകാൻ സാധ്യതയില്ല. അവർ നല്ല പ്രകടനം കാഴ്ച വെക്കുന്നുമുണ്ട്. ആദ്യം കളിച്ച മത്സരത്തിൽ അവർക്കെതിരെ സംഭവിച്ച പിഴവുകൾ തിരുത്തി മുന്നോട്ടു പോകാൻ ഞങ്ങൾ ശ്രമിക്കും.” ഇന്നലെ നടന്ന പത്ര സമ്മേളനത്തിൽ ഇഷ്ഫാക് പറഞ്ഞു.
"With home ground advantage we should achieve something positive."@KeralaBlasters assistant head coach @ishuberk is in confident mood ahead of #KBFCOFC #HeroISL #LetsFootball #KeralaBlasters https://t.co/rhVKRualGe
— Indian Super League (@IndSuperLeague) December 25, 2022
“അതിനു ശേഷം ഞങ്ങൾ ഒരുപാടു തിരുത്തലുകൾ നടത്തി. അങ്ങിനെയാണീ ഫലങ്ങൾ ലഭിച്ചത്. കായികപരമായും ഞങ്ങൾ മെച്ചപ്പെട്ടു. സെറ്റ്പീസുകളിൽ മികച്ചു നിൽക്കുന്ന ജംഷഡ്പൂർ എഫ്സിയെ പോലെ വലിയ കളിക്കാരുള്ള ടീമിനെതിരെ വിജയം നേടി. ഞങ്ങൾ അതിനു ശേഷം ഒരുപാടു മെച്ചപ്പെട്ടു. പൊസിറ്റിവായ മനസോടെ ഈ വെല്ലുവിളിക്കു ഞങ്ങൾ തയ്യാറെടുത്തു കഴിഞ്ഞു. മത്സരത്തിനായി ഞങ്ങൾ കാത്തിരിക്കയാണ്.” ഇഷ്ഫാക് പറഞ്ഞു.
നിലവിൽ ബ്ലാസ്റ്റേഴ്സിനും ഒഡിഷ എഫ്സിക്കും ഒരേ പോയിന്റാണുള്ളത്. ഗോൾ വ്യത്യാസത്തിൽ ബ്ലാസ്റ്റേഴ്സ് നാലാമതും ഒഡിഷ അഞ്ചാമതും നിൽക്കുന്നു. നാളെ നടക്കുന്ന മത്സരത്തിൽ വിജയം നേടി ഒഡിഷക്കെതിരെ പോയിന്റ് വ്യത്യാസം വർദ്ധിപ്പിക്കാനാവും ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക. സ്വന്തം മൈതാനത്തു വെച്ചാണു മത്സരം നടക്കുന്നതെന്നത് ബ്ലാസ്റ്റേഴ്സിന് കൂടുതൽ പ്രതീക്ഷ നൽകുന്നു.