കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആധിപത്യം തകർക്കാൻ ആർക്കുമാകുന്നില്ല, ഐഎസ്എൽ ആറാം റൗണ്ട് വരെയുള്ള കണക്കുകൾ പുറത്ത് | ISL

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം ആരാധകപിന്തുണയുള്ള ക്ലബുകളിൽ ഒന്നാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സിന് സ്ഥാനം. കേരളം പോലെയൊരു കൊച്ചു സംസ്ഥാനത്തു നിന്നും ഐഎസ്എല്ലിന്റെയും കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെയും ഖ്യാതി ലോകം മുഴുവനുമെത്തിക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. ടീം കിരീടം നേടാൻ പരാജയപ്പെടുമ്പോഴും ആരാധകർ നൽകുന്ന പിന്തുണയ്ക്ക് യാതൊരു കുറവുമില്ല.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്ലബുകൾ കളിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ 2014ൽ മാത്രം രൂപീകരിക്കപ്പെട്ട ഒരു ക്ലബ് ആരാധകപിന്തുണയുടെ കാര്യത്തിൽ ചരിത്രമെഴുതുന്നത് വ്യത്യസ്‌തമായ കാര്യമാണ്. കഴിഞ്ഞ ദിവസം ഐഎസ്എൽ ആറാമത്തെ റൌണ്ട് വരെയുള്ള കണക്കുകൾ പുറത്തു വന്നപ്പോഴും ബ്ലാസ്റ്റേഴ്‌സാണ് മുന്നിൽ നിൽക്കുന്നത്. എതിരാളികൾക്ക് തൊടാൻ പോലും കഴിയാത്ത രീതിയിലാണ് ബ്ലാസ്റ്റേഴ്‌സ് കണക്കിൽ മുന്നിൽ നിൽക്കുന്നത്.

ആറാമത്തെ റൌണ്ട് വരെയുള്ള കണക്കുകൾ എടുക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മൈതാനത്ത് വന്ന ആരാധകരുടെ എണ്ണം 1.8 ലക്ഷത്തിലധികമാണ്. ഇതിൽ ഏറ്റവും കൂടിയ അറ്റൻഡൻസ് 34911ഉം കുറഞ്ഞ അറ്റൻഡൻസ് 22715ഉം ആണ്. 30531 ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മൈതാനത്തെത്തുന്ന ശരാശരി ആരാധകരുടെ എണ്ണം. അതേസമയം ഏറ്റവുമധികം ആരാധകരെത്തിയ രണ്ടാമത്തെ ക്ലബായ ജംഷഡ്‌പൂരിന്റെ ടോട്ടൽ അറ്റൻഡൻസ് ഒരു ലക്ഷത്തിൽ താഴെയാണ്.

മൊത്തം കാണികളുടെ എണ്ണത്തിൽ ജംഷഡ്‌പൂർ രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ അതിനു പിന്നിൽ മോഹൻ ബഗാൻ മൂന്നാം സ്ഥാനത്തുണ്ട്. 78925 ആണ് മോഹൻ ബഗാന്റെ സ്റ്റേഡിയത്തിലേക്ക് വന്ന കാണികളുടെ എണ്ണം. അതേസമയം ശരാശരി കാണികളുടെ എണ്ണത്തിൽ മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്‌സിന് പിന്നിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നുണ്ട്. ഇരുപത്തിയാറായിരത്തിൽ അധികമാണ് മോഹൻ ബഗാന്റെ മൈതാനത്ത് വന്നിരിക്കുന്ന ശരാശരി കാണികളുടെ എണ്ണം.

മൊത്തം കാണികളുടെ എന്നതിൽ ഈസ്റ്റ് ബംഗാൾ, എഫ്‌സി ഗോവ, നോർത്ത്ഈസ്റ്റ് യുണൈറ്റഡ്, ചെന്നൈയിൻ ബെംഗളൂരു, ഒഡിഷ, ഹൈദരാബാദ്, മുംബൈ സിറ്റി എന്നിവർ യഥാക്രമം പിന്നിൽ നിൽക്കുമ്പോൾ പഞ്ചാബ് എഫ്‌സിയാണ് ഏറ്റവും അവസാനം നിൽക്കുന്നത്. പത്തായിരത്തിൽ കുറവ് കാണികൾ മാത്രമാണ് പഞ്ചാബിന്റെ മൈതാനത്ത് കളി കാണാൻ എത്തിയിരിക്കുന്നത്.

അതേസമയം ശരാശരി അറ്റന്ഡന്സിന്റെ കണക്കുകളിൽ വ്യത്യാസമുണ്ട്. ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്തു നിൽക്കുന്ന ലിസ്റ്റിൽ മോഹൻ ബഗാൻ, ജംഷഡ്‌പൂർ, ഈസ്റ്റ് ബംഗാൾ, ഗോവ, നോർത്ത്ഈസ്റ്റ് യുണൈറ്റഡ്, ചെന്നൈയിൻ എഫ്‌സി, ബെംഗളൂരു എഫ്‌സി, ഒഡിഷ എഫ്‌സി, പഞ്ചാബ്, ഹൈദരാബാദ്, മുംബൈ സിറ്റി എന്നിവരാണു ബാക്കി സ്ഥാനങ്ങളിൽ വരുന്നത്.

ISL Average Attendance After Sixth Round

ISLJamshedpur FCKerala BlastersMohun Bagan
Comments (0)
Add Comment