ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ഫാൻബേസുള്ള ക്ലബുകളുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്തു വിട്ടപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത്. പ്രമുഖ കായികമാധ്യമങ്ങളിൽ ഒന്നായ ഖേൽ നൗ ആണ് ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച ഫാൻ ബേസുള്ള ക്ലബുകളുടെ പട്ടിക തയ്യാറാക്കിയത്. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ തുടങ്ങിയ ക്ലബുകളാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വന്നതിനു ശേഷം മികച്ച നേട്ടങ്ങളുണ്ടാക്കിയ മോഹൻ ബഗാന് ആരാധകർ നൽകുന്ന പിന്തുണ മികച്ചതാണെന്ന് അതിൽ പറയുന്നു. ശരാശരി 32000 ആളുകൾ മോഹൻ ബഗാന്റെ മത്സരങ്ങൾക്കായി എത്തുന്നുണ്ടെന്നാണ് കണക്ക്. ഏതാണ്ട് രണ്ടു മില്യണിലധികം വരുന്ന ആളുകൾ സാമൂഹ്യമാധ്യമങ്ങൾ വഴിയും മോഹൻ ബഗാനെ പിന്തുണക്കുന്നുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
Top five ISL clubs with best fan bases
[@KhelNow]1. Mohun Bagan
2. East Bengal
3. Kerala Blasters
4. Jamshedpur FC
5. Bengaluru Fc#isl10 #IndianFootball pic.twitter.com/NmrBstASgA— Hari (@Harii33) March 28, 2024
ഈസ്റ്റ് ബംഗാളിന്റെ മത്സരങ്ങൾക്ക് ശരാശരി 15000 പേരിലധികം വരുന്നുണ്ടെന്നാണ് ആർട്ടിക്കിളിൽ പറയുന്നത്. 1.7 മില്യൺ പേരിലധികം സോഷ്യൽ മീഡിയയിലൂടെ അവരെ പിന്തുണക്കുന്നുണ്ടെന്നും വളരെ വൈകാരികമായ ഒരു ആരാധകക്കൂട്ടമാണ് അവരുടേതെന്നും പറയുന്നു. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ക്ലബാണ് മോഹൻ ബഗാനെന്നതും പ്രധാനമാണെന്ന് അവർ സൂചിപ്പിക്കുന്നു.
ഈ ക്ലബുകളെക്കാൾ സോഷ്യൽ മീഡിയ പിന്തുണ കേരള ബ്ലാസ്റ്റേഴ്‌സിനുണ്ട്. ഏഴു മില്യണിലധികം പേരാണ് ബ്ലാസ്റ്റേഴ്‌സിന് സോഷ്യൽ മീഡിയ വഴി പിന്തുണ നൽകുന്നത്. ഐഎസ്എല്ലിന് വേണ്ടി രൂപീകരിക്കപ്പെട്ട ക്ലബ് ഇതുവരെ കിരീടമൊന്നും നേടിയിട്ടില്ലെങ്കിലും ലഭിക്കുന്ന ആരാധകപിന്തുണ അതിശയിപ്പിക്കുന്നത് തന്നെയാണ്. പട്ടികയിൽ ജംഷഡ്‌പൂർ, ബെംഗളൂരു എഫ്‌സി എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.
അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഈ പട്ടിക അംഗീകരിക്കുന്നില്ല. ഏറ്റവും മികച്ച പ്രവർത്തനങ്ങൾ ഇന്ത്യൻ ഫുട്ബോളിൽ സംഘടിപ്പിക്കുന്ന ആരാധകക്കൂട്ടം കേരള ബ്ലാസ്റ്റേഴ്‌സിന്റേത് തന്നെയാണെന്ന് അവർ പറയുന്നു. ഒരുപാട് വർഷത്തെ പാരമ്പര്യം മാത്രം നോക്കിയല്ല ആരാധകരുടെ കരുത്തിനെ വിലയിരുത്തേണ്ടതെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.
അടുത്ത കാലത്ത് ഇന്ത്യൻ ഫുട്ബോൾ ടീമിന് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ നൽകിയ പിന്തുണ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. കുവൈറ്റ്, ഖത്തർ എന്നിവിടങ്ങളിൽ ഇന്ത്യൻ ഫുട്ബോൾ ടീം സ്വന്തം മൈതാനത്തെന്ന പോലെ കളിക്കാൻ കാരണമായത് ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാരണമാണ്. ഇത്തരത്തിലുള്ള ഒരു പ്രവർത്തനവും മറ്റു ക്ലബുകൾ നടത്തുന്നില്ലെന്നിരിക്കെയാണ് അവരെ മികച്ച ഫാൻബസായി തിരഞ്ഞെടുത്തിരിക്കുന്നത്.
ISL Clubs With Best Fanbase Listed