ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഇത്തവണത്തെ സീസണിനു തുടക്കം കുറിക്കുമ്പോൾ ആരാധകർക്ക് വളരെയധികം ആശങ്ക ഉണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ പല താരങ്ങളെയും ഒഴിവാക്കിയതും പുതിയ താരങ്ങൾക്ക് വേണ്ടി നടത്തിയ ശ്രമങ്ങൾ കൃത്യമായി വിജയം കാണാത്തതുമെല്ലാം ആരാധകരിൽ ആശങ്ക സൃഷ്‌ടിച്ച കാര്യമാണ്. ഒടുവിൽ ഡ്യൂറന്റ് കപ്പ് കഴിഞ്ഞതിനു ശേഷമാണ് കേരള ബ്ലാസ്റ്റേഴ്‌സിനു ടീമിലേക്ക് വേണ്ട എല്ലാ താരങ്ങളെയും എത്തിക്കാൻ കഴിഞ്ഞത്.
എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഒട്ടും മോശമല്ലെന്ന് കഴിഞ്ഞ ദിവസം പുറത്തു വന്ന കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മൂല്യമേറിയ താരങ്ങളുടെ ലിസ്റ്റ് എടുത്താൽ ആദ്യത്തെ ഇരുപതു പേരിൽ നാല് പേർ കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നുമുള്ളവരാണ്. അതിനു ശേഷം കഴിഞ്ഞ ദിവസം ഏറ്റവും മൂല്യമേറിയ പത്ത് ഡിഫൻസീവ് മിഡ്‌ഫീൽഡർമാരുടെ ലിസ്റ്റ് പുറത്തു വന്നപ്പോൾ അതിലും കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും ഒരു താരം ഉൾപ്പെട്ടിട്ടുണ്ട്.
ഏറ്റവും മൂല്യമേറിയ താരങ്ങളുടെ ലിസ്റ്റിൽ ഉണ്ടായിരുന്ന കളിക്കാരെല്ലാം മുന്നേറ്റനിരയിൽ കളിക്കുന്ന വിദേശതാരങ്ങൾ ആയിരുന്നെങ്കിൽ ഡിഫൻസീവ് മിഡ്‌ഫീൽഡർമാരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത് ഇന്ത്യൻ താരമാണ്. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട താരമായ ജീക്സൺ സിങാണ് മൂല്യമേറിയ ഡിഫെൻസിവ് മിഡ്‌ഫീൽഡർമാരുടെ ലിസ്റ്റിലുള്ളത്. പത്തിൽ ഏഴു പേരും വിദേശതാരങ്ങളാണെന്നിരിക്കെയാണ് ജീക്സൺ സിങ് അവർക്കൊപ്പം ലിസ്റ്റിലുള്ളത്.
Spectacular win and thank you to the fans for the incredible atmosphere! 🔥💪🏻
This is my TEAM! 💛#yennumyellow #keralablasters #heroisl #indianfootball #jeakson5 pic.twitter.com/TL628tdZ2V
— Jeakson Singh Thounaojam (@JeaksonT) September 22, 2023
ബെംഗളൂരുവിലെ വീൺഡോർപ് ഒന്നാം സ്ഥാനത്തുള്ള ലിസ്റ്റിൽ മുംബൈ സിറ്റിയുടെ യോവേൽ, എഫ്‌സി ഗോവയുടെ പൗലോ, കാൾ മക് ഹ്യുഗ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മൊഹമ്മദ് അലി, ഹൈദരാബാദിന്റെ ജോവോ, ബ്ലാസ്റ്റേഴ്‌സിന്റെ ജീക്സൺ, ഒഡിഷയുടെ ജഹോഹ്, ബെംഗളൂരുവിലെ സുരേഷ്, ഒഡിഷയുടെ തോയ്‌ബ എന്നിവരാണ് ലിസ്റ്റിലുള്ളത്. ഇതിൽ ജീക്സൺ, സുരേഷ്, തോയ്‌ബ എന്നിവരാണ് ഇന്ത്യൻ താരങ്ങളായുളളത്. ഇന്ത്യൻ താരങ്ങളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത് ജീക്സൺ തന്നെ.
ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന വീൺഡോർപ്പാണ് കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്ത്തിൽ സെൽഫ് ഗോൾ നേടിയത്. അതേസമയം ഇപ്പോൾ ഇരുപത്തിരണ്ടു വയസ് മാത്രം പ്രായമുള്ള ജീക്സൺ സിംഗിനെ മിനർവ പഞ്ചാബിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നത് 2018ലാണ്. ബ്ലാസ്റ്റേഴ്‌സ് ബി ടീമിലും ഇന്ത്യൻ ആരോസ് ക്ലബിൽ ലോണിലും കളിച്ച താരം 2019 മുതൽ ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിലുണ്ട്. ഈ പ്രായത്തിൽ തന്നെ 69 മത്സരങ്ങൾ കളിച്ച താരം രണ്ടു ഗോളുകളും ടീമിനായി നേടി. ബെംഗളൂരുവിനെതിരായ മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങിയ താരം മുഴുവൻ സമയവും കളിച്ചിരുന്നു.
ISL Most Valuable Defensive Midfielders 2023-24